Politics (Page 432)

കാസര്‍ഗോഡ്: പെരിയ കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാന ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൂടുതലായി ഒന്നും കണ്ടെത്താനില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎമ്മിന്റെ അഞ്ച് പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തത്.

കേസില്‍ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകരെ എത്തിക്കുന്നതിനായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയത് ഒരു കോടിയോളം രൂപയാണ്. പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസായതിനാലാണ് സിപിഎമ്മും സര്‍ക്കാരും സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.ഇത് ഇപ്പോള്‍ വ്യക്തമായെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങള്‍ നല്‍കിയ അപേക്ഷ അവഗണിച്ചതിനു പുറമേ, കോടതിയില്‍ അവര്‍ നല്‍കിയ ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകരെ എത്തിക്കാന്‍ ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയതും. കൊലപാതകത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നതെന്നാണ് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മഹാരാഷ്ട്ര സന്ദർശനത്തിനിടെ മുംബൈയിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്ന് മമതാ ബാനർജി പറഞ്ഞു. ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും മമത ആവശ്യപ്പെട്ടു.

ബിജെപിക്കും കോൺഗ്രസിനും ബദലായി ദേശീയതലത്തിൽ പുതിയൊരു സഖ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത ബാനർജി ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്താൻ മഹാരാഷ്ട്രയിലെത്തിയത്. അരമണിക്കൂറോളം നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരു നേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയും ചെയ്തു.

ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നായിരുന്നു ശരത് പവാറിന്റെ പ്രതികരണം. മമത ബാനർജിയുമായി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം വിഷയത്തിൽ മമതയ്‌ക്കെതിരെ പരിഹാസവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

കോഴിക്കോട്: എൽഡിഎഫ് സർക്കാരിനെതിരെ പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനിടെ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി കെടി ജലീലും ഐഎൻഎല്ലും. സർക്കാരിന് എതിരെ പള്ളികളിൽ പ്രചാരണം നടത്താനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നാണ് കെ ടി ജലീലിന്റെ ആവശ്യം.

ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ലെന്നും മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സർക്കാർ വിരുദ്ധ പ്രചാരണം നടത്തും. മുസ്ലീം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാമിന്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അബുദുൽ വഹാബ് വ്യക്തമാക്കി.

ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ അവിവേകത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നും അദ്ദേഹം വിശദീകരിച്ചു.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം അറിയിച്ചിരുന്നത്.

തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ. പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്സ് പാർട്ടി. അതിനു വേണ്ടി നേതാക്കളെക്കാളും ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവർത്തകരാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ വെയിലും മഴയും കൊണ്ടും, തെരുവിൽ പോലീസിന്റെ അടി വാങ്ങിയും ഈ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം. താൻ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികൾ ഈ പാർട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളിൽ പത്ര മാദ്ധ്യമങ്ങളിൽ വന്ന ചില വാർത്തകൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് ധർണയിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരെ പ്രവർത്തിക്കുന്ന അവിശുദ്ധ സഖ്യത്തിൽ ബിജെപിയുമുണ്ടെന്നും കേന്ദ്രസർക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികൾക്കെതിരെയും അദ്ദേഹം വിമർശിച്ചു.

കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയാണെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. 49% ഓഹരി കേന്ദ്രവും 51% ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചു. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാൻ കഴിയും. തൊഴിൽ സാധ്യത നോക്കിയാലും വലിയ പദ്ധതിയാണ്. ഇതിനെല്ലാം തുകകൾ വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായി പ്രയാസമുണ്ടാകാറുണ്ട്. ഭാവി കണക്കാക്കിയുള്ള പദ്ധതിയാണിത്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്താൻ കഴിയും. നിലവിൽ വേണ്ടത് 12 മണിക്കൂറിലധികമാണ്. നാടിന്റെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയാണിത്. അത് നടപ്പാക്കുമ്പോൾ എടുക്കുന്ന ഭൂമിക്ക് വേണ്ടി വകയിരുത്തിയത് 7025 കോടി രൂപയാണ്. കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകാനായി 4460 കോടിയും പുനരധിവാസത്തിന് 1730 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതി പരിസ്ഥിതിയെ ബാധിക്കുമെന്ന് പറയുന്നു. എന്നാൽ ഇത് സമ്പൂർണ ഹരിത പദ്ധതിയാണ്. പൂർണമായി പരിസ്ഥിതിയെ സംരക്ഷിക്കും. ആളുകൾ മാത്രമല്ല, ചരക്ക് നീക്കവും നടക്കും. കാർബൺ ബഹിർഗമനത്തിൽ വലിയ കുറവുണ്ടാകും. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കടന്ന് പോകില്ല. വന്യജീവി മേഖലയിലൂടെയും കടന്ന് പോകില്ല. പുഴകൾ, അരുവികൾ ഒന്നിന്റെയും ഒഴുക്ക് തടയില്ല. പ്രളയത്തിലെ ഏറ്റവും ഉയർന്ന ജല നിലവാരത്തിലും ഉയർന്ന രീതിയിലാണ് പാത പോവുക. നെൽപാടങ്ങളെ ഇല്ലാതാക്കില്ല, തൂണുകളിലൂടെയാണ് പോവുക. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് പാത ഒരുക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

രാജധാനി എക്‌സ്പ്രസ് പോലും പോലും 55 കിമീ ശരാശരി വേഗതയിലാണ് കേരളത്തിലോടുന്നത്. 666 വളവുകളുണ്ട്. 200 കിമീ വേഗതയിലാണ് പുതിയ പദ്ധതി. എന്തിനാണ് ഇതിനെതിരെ രംഗത്ത് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. വികസന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കണ്ട് ഈ പ്രശ്‌നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിപാതയിലും ശങ്ക തുടരുകയാണ്. പോസിറ്റീവായി ഒന്നും കേൾക്കുന്നില്ല. വലിയ സൗകര്യമാണ് ശബരിമലയിലൊരു വിമാനത്താവളം വഴിയുണ്ടാവുക. കുറച്ച് എതിരായ നീക്കങ്ങൾ കാണുന്നു. സർക്കാർ ആ പദ്ധതി നടപ്പാക്കാൻ മുന്നോട്ട് പോകുന്നു. സബർബൻ പാതയെക്കുറിച്ച് മിണ്ടുന്നേയില്ല. മൈസൂരിലേക്കുള്ള റെയിൽ കണക്ടിവിറ്റി പ്രധാനപ്പെട്ടതാണ്. അത് പെട്ടെന്ന് നടപ്പാക്കാവുന്നതാണ്. എന്നാൽ വലിയ പ്രതികരണം കേന്ദ്രത്തിന്റെയും റെയിൽവെയുടെയും ഭാഗത്ത് നിന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസിന്റെ രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങി സംസ്ഥാന നേതൃത്വം. രണ്ടു മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. പാർട്ടിയിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിലർ മാദ്ധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന ആരോപണവുമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിന്റെ അടുത്തേക്ക് പോകുന്നത്. കോൺഗ്രസിലെ രണ്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് ഉടൻ തന്നെ പരാതി നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്റ് വിഷയത്തിൽ ഇടപെടണമെന്നും നേതൃത്വം ആവശ്യപ്പെടുന്നു.

നിസ്സാര കാര്യങ്ങളെ വലിയ വാർത്തയാക്കി അണികളുടെ വീര്യം കെടുത്താനുള്ള ശ്രമമാണ് ഒരു വശത്ത് നടക്കുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന സംസ്ഥാന കോർ ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനം മാദ്ധ്യമങ്ങളോട് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹലാൽ പ്രശ്‌നമുണ്ടാക്കുന്ന വർഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഏകപക്ഷീയവും തീവ്രവാദികളെ സഹായിക്കുന്നതുമായ നിലപാടാണതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹലാൽ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് അതൊരു ഭീകരവാദ അജണ്ടയാണ്. എല്ലാ കാര്യത്തിലും ഹലാൽ ഒളിച്ചു കടത്തുന്നുണ്ട്. പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പോലെയുള്ള ഇസ്ലാമിക തീവ്രവാദികളാണ് ഇതിന് പിന്നിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിയാം. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും പരസ്യമായ പിന്തുണയോടെയാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവും ഹലാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച് ഡിസംബർ 13 ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും. പാർട്ടിയുടെ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വർഗീയ പ്രീണനത്തിനും അഴിമതിക്കുമെതിരെ ബിജെപി ശക്തമായ സമരം തുടരും. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കാൻ കാരണം ശതകോടികളുടെ അഴിമതിയാണ്. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും അഴിമതിയും പാർട്ടി അന്വേഷിക്കും. ഇതിന് വേണ്ടി റിട്ട.ജഡ്ജിമാരും ഐപിഎസ് ഉദ്യോഗസ്ഥരും അടങ്ങിയ സമിതി രൂപീകരിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും അടങ്ങിയ സമിതി ഈ ആഴ്ച അവസാനം അട്ടപ്പാടി സന്ദർശിക്കും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാട് മനുഷ്യത്വവിരുദ്ധമാണ്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കും. ഡിസംബർ 7 ന് 280 മണ്ഡലം കേന്ദ്രങ്ങളിലും പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് മാണിയ്ക്ക് ജയം. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായാണ് ജോസ് കെ മാണി മത്സരിച്ചത്. ആകെ പോൾ ചെയ്ത 137 വോട്ടുകളിൽ 96 എണ്ണമാണ് ജോസ് കെ. മാണി നേടിയത്. ജോസ് കെ മാണിയുടെ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ട് ലഭിച്ചു. എൽഡിഎഫിന്റെ ഒരു വോട്ടിന്റെ പേരിൽ യുഡിഎഫ് തർക്കമുന്നയിച്ചിരുന്നു. സ്ഥാനാർത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ ആദ്യം പിന്തുണയ്ക്കുന്നയാൾക്ക് നേരെ ഒന്ന് എന്ന് രേഖപ്പെടുത്തേണ്ടിയിരുന്നു. ഇത് രേഖപ്പെടുത്താത്ത വോട്ട് അസാധുവാക്കണമെന്ന് മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും തർക്കമുന്നയിച്ചു. തുടർന്ന് ആ വോട്ട് അസാധുവായി പ്രഖ്യാപിച്ചു.

പുതിയ രാജ്യസഭാംഗത്തിന് കാലാവധി 2024 വരെയാണ്. അതേസമയം പി.ടി തോമസ് ചികിത്സയിലായതിനാൽ വോട്ട് ചെയ്യാനെത്തിയിരുന്നില്ല. എന്നാൽ കോവിഡ് ബാധിതനായിരുന്നെങ്കിലും മാണി.സി കാപ്പൻ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. ടി.പി രാമകൃഷ്ണൻ, പി.മമ്മിക്കുട്ടി എന്നിവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനാൽ വോട്ട് ചെയ്യാൻ വേണ്ടി എത്തിയില്ല.

തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരം നടത്താനൊരുങ്ങി യുഡിഎഫ്. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമരം നടത്താനാണ് യുഡിഎഫ് പദ്ധതിയിടുന്നത്. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.

കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചിരുന്നത്. പദ്ധതിയെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ടും സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ നീക്കം.

അതേസമയം യുഡിഎഫിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുകയാണ്. യുഡിഎഫ് യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്നത്.

കെപിസിസി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ടെന്നും ഹൈക്കമാൻഡ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങൾ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറൽ സെക്രട്ടറിമാർക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നൽകിയതെന്നുമാണ് ആരോപണങ്ങൾ.

പത്തനംതിട്ട: സിപിഎം ഏരിയാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വിമർശനം. സത്യപ്രതിജ്ഞ മുതൽ മന്ത്രിയുടെ പ്രവർത്തന ശൈലി വരെ വിമർശന വിധേയമായെന്നാണ് വിവരം. ഏരിയാ കമ്മറ്റി അംഗം എ.ജി. ഉണ്ണികൃഷ്ണന് നേരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

നഗരസഭയിലെ ഒരു കൗൺസിലർ ആണ് വീണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ വീണാ ജോർജിന് മാത്രമായി ഇളവ് അനുവദിച്ച സാഹചര്യം മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും മന്ത്രി അകന്നു പോയി. ജില്ലാ നേതാക്കൾ വിളിച്ചാൽ പോലും മന്ത്രി ഫോൺ എടുക്കുന്നില്ല. മന്ത്രി എവിടെയാണ് ഉള്ളതെന്ന് അറിയാൻ മറ്റു പാർട്ടിക്കാരെ വിളിക്കേണ്ട ഗതികേടാണുള്ളത് തുടങ്ങി നിരവധി ആരോപണങ്ങളാണ് വീണാ ജോർജിന് എതിരെയുള്ളത്.

ജില്ലാ നേതാക്കളുടെ മിസ്ഡ് കാൾ കണ്ടാൽ പോലും വീണാ ജോർജ് തിരിച്ചു വിളിക്കാറില്ല. നഗരസഭയിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സ്വന്തം പാർട്ടിക്കാരനായ നഗരസഭാധ്യക്ഷന് പ്രതിനിധ്യം ലഭിക്കുന്നില്ലെന്നും ജില്ലാ ആസ്ഥാനത്ത് സിപിഎം നേതാക്കളിൽ നിന്ന് അകന്ന് സിപിഐക്കാരുമായിട്ടാണ് മന്ത്രിക്ക് കൂട്ടെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എംഎൽഎയാണ് വീണയെന്ന കാര്യം മറക്കരുതെന്നും ഏരിയാ കമ്മറ്റിയംഗമായതിനാൽ വീണയും സമ്മേളന പ്രതിനിധിയാണെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.