National

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസം. മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയിൽ കേജ്രിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു വിചാരണ കോടതിയുടെ നിലപാട്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കേജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും ഇയാൾ വ്യവസായികളിൽ നിന്ന് വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.

ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നാണ് ഇഡിയുടെ വാദം. എന്നാൽ ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി രാഷ്ട്രപതി ദ്രൗപദി മുർമു. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് ദ്രൗപതി മുർമു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ലോക്‌സഭയിൽ ഈ മാസം 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. പ്രോ ടൈം സ്പീക്കറാണ് ഇത് നിയന്ത്രിക്കേണ്ടത്.

പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മഹ്താബ് മേൽനോട്ടം വഹിക്കുക ഭർതൃഹരിയായിരിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ് ഭർതൃഹരി. നിലവിൽ ലോക്സഭയിലെ മുതിർന്ന അംഗം എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ്.

അതേസമയം, ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയിതിനെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് പ്രോടേം സ്പീക്കറാകേണ്ടിയിരുന്നത്. എട്ട് തവണ എംപിയായ ബിജെപി എംപി വീരേന്ദ്ര കുമാർ മന്ത്രിയായിനാൽ കൊടിക്കുന്നിലായിരുന്നു ചുമതല കിട്ടേണ്ടതെന്നും പകരം ഏഴ് തവണ എംപിയായ ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാലെ: ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനം പുന:പരിശോധിക്കാനൊരുങ്ങി മാലദ്വീപ്. വിലക്ക് അറബ് വംശജരെയും ബാധിക്കുമെന്നതിനാലാണ് മാലദ്വീപ് തീരുമാനം പുന:പരിശോധിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിൽ ഇരുപത് ലക്ഷത്തോളം അറബ് മുസ്ലീങ്ങൾ ഉണ്ടെന്നാണ് വിവരം. ഇസ്രായേൽ പാസ്പോർട്ട് ഉടമകളായി നിരവധി പാലസ്തീനികളുമുണ്ട്.

ഇസ്രായേൽ ജൂതൻമാർ മാത്രമല്ല ഉള്ളതെന്നും അറബ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വിലക്ക് നീക്കാൻ മാലദ്വീപിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇസ്രായേലി പാസ്പോർട്ടുള്ള നിരവധി പാലസ്തീനികളുണ്ട്. ഒറ്റയടിക്ക് ഇസ്രായേൽ പൗരൻമാർക്ക് നിരോധനം കൊണ്ടുവന്നാൽ അത് ഇവരെയും ബാധിക്കും. അതിനാലാണ് തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാലദ്വീപ് അറ്റോർണി ജനറൽ അഹ്മദ് ഉഷാം അറിയിച്ചു.

എന്നാൽ, ഇസ്രായേലിനോടുള്ള മാലദ്വീപ് സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും അഹ്മദ് ഉഷാം വ്യക്തമാക്കി. ഇതിനിടെ ഇസ്രായേലി സഞ്ചാരികളെ വിലക്കിയ നടപടിക്കെതിരെ മാലദ്വീപിലെ ഒരു വിഭാഗം ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.

ബ്രമാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് നടന്നിരുന്നു. ചിത്രത്തിലെ താരങ്ങളെല്ലാവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചനും ദീപികാ പദുക്കോണും പ്രഭാസും ഉൾപ്പെടെയുള്ളവർ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ വച്ച് പ്രഭാസിനേക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രഭാസ് സെറ്റിലുള്ള എല്ലാവർക്കും ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം അടുത്ത ദിവസം എന്താണ് കൊണ്ടുവരുന്നതെന്നറിയാൻ തങ്ങൾ കാത്തിരിക്കുമായിരുന്നെന്നുമാണ് ദീപിക പറയുന്നത്. എല്ലാ ദിവസവും പ്രഭാസ് ഭക്ഷണം കൊണ്ടുവരും. ശരിക്കും പ്രഭാസ് തന്നെക്കൊണ്ട് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് താനിങ്ങനെ ആയത്. ഹൃദയം കൊണ്ടാണ് പ്രഭാസ് എല്ലാവർക്കും ഭക്ഷണം നൽകുന്നതെന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവർക്ക് അറിയാമെന്നും ദീപിക കൂട്ടിച്ചേർത്തു.

ഗർഭിണിയായ ദീപിക നിറവയറിലാണ് ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയത്. ജൂൺ 27 നാണ് കൽക്കി തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു. രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ മാത്രം 34 പേർ മരിച്ചതോടെയാണ് കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നത്. ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

യോഗത്തിൽ സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഉഷ്ണതരംഗ കേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാനും യോഗത്തിൽ നിർദ്ദേശിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു.

അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും ഉപകരണങ്ങളും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 37 പേരാണ് ഇതുവരെ മരണപ്പെട്ടത്. ആശുപത്രികളിൽ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്നാണ് വിവരം. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത.

50 ൽ അധികം പേർ വിഷ മദ്യ ദുരന്തത്തിൽ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള ഒമ്പതു പേരുടെ നില ഗുരുതരമായി തുടരുന്നുണ്ട്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

അതേസമയം, വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മദ്യം വിതരണം ചെയ്ത രണ്ടു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിച്ചു. നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി തുടങ്ങിയ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

നെല്ലിന് ക്വിന്റലിന് താങ്ങുവില 117 രൂപ വർധിപ്പിച്ചു. ഇതോടെ നെല്ലിന്റെ താങ്ങുവില 2300 രൂപയാകും. നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം ചെയ്താൽ 69 ശതമാനം വർധന ഉണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപ താങ്ങുവിലയായി മാത്രം ലഭിക്കുമെന്നും കഴിഞ്ഞ സീസണെ അപേക്ഷിച്ച് 35,000 കോടിരൂപയുടെ വർധനവാണുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം മോദി സർക്കാർ കർഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വർധനവിൽ പാലിച്ചിട്ടുണ്ട്. സിഎസിപിയാണ് ചെലവ് ശാസ്ത്രീയമായി കണക്കാക്കിയത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ നിലവിൽ 53.4 ദശലക്ഷം ടൺ അരിയുടെ സ്റ്റോക്കുണ്ട്. നിലവിലെ സ്റ്റോക്ക് ജൂലൈ 1-ന് ആവശ്യമായതിന്റെ നാലിരട്ടിയും ഒരു വർഷത്തേക്ക് ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള ആവശ്യം നിറവേറ്റാൻ പര്യാപ്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ: വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. 40 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി പേരുടെ നിലഗുരുതരമാണ്. ഇവർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്‌മെർ ആശുപത്രികളിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി ഒരു സംഘം കൂലിപ്പണിക്കാർ വ്യാജമദ്യം വാങ്ങി കഴിച്ചിരുന്നതായി ജില്ല കലക്ടർ ശ്രാവൺ കുമാർ വ്യക്തമാക്കി. തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ഭർത്താവ് റോബർട്ട് വാദ്ര. അടുത്ത അവസരത്തിൽ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയെന്ന ആക്ഷേപം ഇനി വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. വയനാട്ടിൽ പ്രിയങ്ക മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാടിനായുള്ള രാഹുലിന്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകും. പാർട്ടിക്കായി പ്രിയങ്ക പ്രചാരണം നടത്തുന്ന ഘട്ടത്തിലേ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടിലെ ജനങ്ങൾ പ്രിയങ്കക്ക് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു.

പട്‌ന: കോടികൾ ചെലവിട്ട് നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു. പന്ത്രണ്ടു കോടി ചെലവിട്ട് നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപ് തകർന്നു വീണത്. ബക്‌റ നദിക്കു കുറുകേ നിർമിച്ച പാലമാണ് ഉദ്ഘാടനത്തിന് മുൻപേ തകർന്നത്. കുർസകാന്തസിക്തി ഗതാഗതം ആയാസരഹിതമാക്കുന്നതിന് വേണ്ടിയാണ് പാലം പണികഴിപ്പിച്ചത്.

തകർന്നുവീണ ഭാഗം നിമിഷനേരം കൊണ്ട് ഒലിച്ചുപോയി. തകർന്ന പാലത്തിന് കീഴിൽ മൊബൈലുമായി ദൃശ്യം പകർത്താൻ ആളുകൾ ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. അതേസമയം, ഈ വർഷം മാർച്ചിൽ ബിഹാറിൽ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നിരുന്നു. 984 കോടി ചെലവഴിച്ച് കോസി നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്.