Health

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) 2021 മുതൽ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികൾക്ക് നൽകുന്നതും ഇന്ത്യയിൽ തന്നെ ആദ്യമായി നമ്മുടെ സംസ്ഥാനത്തിലാണ്. ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതൽ തിരഞ്ഞെടുത്ത രോഗികളിൽ നമ്മൾ നൽകി വരുന്നുണ്ട്. കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും വിലകൂടിയ മരുന്ന് നൽകുവാൻ തീരുമാനിച്ചിട്ടുള്ളത്.

കുട്ടികൾ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയിൽ 2 തവണ വീതമുള്ള ആശുപത്രി സന്ദർശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂൾ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും സാധിക്കുന്നതുമാണ്.

കേരളത്തിൽ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിൽ മെഡിക്കൽ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ൽ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചതും ഈ സർക്കാരിന്റെ കാലത്താണ്. എണ്ണത്തിൽ കുറവാണെങ്കിലും ഹീമോഫിലിയ പോലെയുള്ള അപൂർവ രോഗം ബാധിച്ചവരേയും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ എക്കാലവും സ്വീകരിച്ചു വരുന്നത്.

തിരുവനന്തപുരം: 8 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റിൽ വൈകുന്നേരം ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.

472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകരുടെ ഭവന സന്ദർശനം പൂർത്തിയാക്കി. ഇന്ന് 1477 വീടുകളിൽ സന്ദർശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് 227 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി.

സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷൻ. ഡിസ്ചാർജ് ആയവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിപയുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാൻ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ് ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനം വഴി ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാണ്.

പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകുന്നു. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശ വർക്കർമാർ, സ്റ്റാഫ് നഴ്‌സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ. എന്നിവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്. ഇതിലൂടെയെല്ലാം സമയവും യാത്രാചെലവുമെല്ലാം ലാഭിക്കാവുന്നതാണ്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

· ആദ്യമായി https://esanjeevani.mohfw.gov.in എന്ന ഓൺലൈൻ വെബ് സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
· ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണോ, കമ്പ്യൂട്ടറോ, ടാബോ ഉണ്ടെങ്കിൽ https://esanjeevani.mohfw.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കാം.
· Patient എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യുക. അതിനു ശേഷം consult now എന്ന ഐക്കൺ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനിൽ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ രേഖപ്പെടുത്തുക.
· അതിനു ശേഷം സേവ് & നെക്സ്റ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുക. തുടർന്ന് വലതു വശത്തെ arrow mark ൽ ക്ലിക്ക് ചെയ്ത ശേഷം query option നിർബന്ധമായും ഫിൽ ചെയ്യുക. അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷൻ കൊടുക്കുകയും NIPAH OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടർന്ന് ഡോക്ടറെ സെലക്ട് ചെയ്ത് കോൾ ചെയ്ത ശേഷം രോഗ വിവരങ്ങൾ പറഞ്ഞ് കൺസൾട്ടേഷൻ പൂർത്തിയാക്കാം.

ഒപി കൺസൾട്ടേഷൻ പൂർത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദേശിച്ചിട്ടുള്ള മരുന്നുകൾ വാങ്ങാനും ലാബ് പരിശോധനകൾ നടത്താനും സാധിക്കുന്നതാണ്.
· സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: മലപ്പുറത്ത് നിപാ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം സജ്ജമാണ്. നിപാ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികൾ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ആരംഭിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിൽ 214 പേരാണുള്ളത്. ഇതിൽ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലും ആവശ്യമായ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കും. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപാ കൺട്രോൾ റൂം ആരംഭിച്ചു. നിപാ രോഗലക്ഷണങ്ങളുള്ളവർ കൺട്രോൾ റൂമിൽ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടൽ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

ജില്ലയിൽ പൊതുയിടങ്ങളിൽ ഇറങ്ങുന്നവർ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവർ ഐസൊലേഷനിലായിക്കണം. ഒരു വീട്ടിൽ ഒരാളേ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളൂവെങ്കിൽ പോലും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാൻ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തിൽ ടെൻഷനുള്ളവർ ദയവായി കൺട്രോൾ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുൻകരുതൽ സ്വീകരിക്കാൻ മടിക്കരുത്. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടർന്ന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികൾ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്‌പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തദ്ദേശ സ്ഥാപനതലത്തിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റർ ഉപയോഗം സാധാരണ പോലെയാണ്. പകർച്ചപ്പനി മൂലം അവയിൽ വർധനവുണ്ടായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീൽഡ് സന്ദർശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

മഴക്കാലത്ത് പൊതുവേ ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്‌ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവ കൂടുതലായി കാണാറുണ്ട്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്‌ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ല. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണ്.

പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം. മണ്ണുമായോ മലിനജലവുമായോ ഇടപെടുന്നവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഡോക്‌സിസൈക്ലിൻ നിർബന്ധമായും കഴിക്കണം.

വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. മലമൂത്ര വിസർജ്ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. നിർജലീകരണം കാരണമാണ് രോഗം ഗുരുതരമാകുന്നത്. അതിനാൽ ധാരാളം പാനീയങ്ങൾ കുടിക്കണം.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമായി നടത്തി വരുന്നു. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

മലപ്പുറത്ത് മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലേറിയ ആരംഭത്തിൽ തന്നെ കണ്ടെത്തിയ ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഗർഭിണികൾ, ശിശുക്കൾ, 5 വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർക്ക് മലമ്പനി ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. മലമ്പനിയ്ക്ക് കൃത്യമായ ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടിയാൽ മലമ്പനി പൂർണമായും ഭേദമാക്കാൻ കഴിയും. കൊതുക് കടിയേൽക്കാതെ സ്വയം സംരക്ഷണമൊരുക്കിയാൽ മലമ്പനിയിൽ നിന്നും രക്ഷനേടാവുന്നതാണ്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവൈലൻസ് ഓഫീസർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലെന്നും ചിലർ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പുതുതായി ജോലിയ്‌ക്കെത്തിയവർക്ക് ഹെൽത്ത് കാർഡ് എടുക്കാനും കാലാവധി കഴിഞ്ഞവർക്ക് പുതുക്കാനുമുള്ള സാവകാശമാണ് നൽകുന്നത്. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ നിരക്കിൽ ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമാക്കിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകൾ ശക്തമായി നടന്നു വരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലും ഈ മാസം ഇതുവരെയുമായി ആകെ 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 28,42,250 രൂപ പിഴയായി ഈടാക്കി. 1065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3798 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 720 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 54 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും 90 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികളും സ്വീകരിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധനകൾ കൂടാതെ പ്രത്യേക ഡ്രൈവുകളും സംഘടിപ്പിച്ചു. ഷവർമ പ്രത്യേക സ്‌ക്വാഡ് 512 പരിശോധനകൾ നടത്തി. അതിൽ 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി 1993 പരിശോധനകൾ നടത്തി. 90 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി 2645 പരിശോധനകൾ നടത്തുകയും 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു. മത്സ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 583 പരിശോധനകൾ നടത്തി. 498 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ച് നടപടി സ്വീകരിച്ചു.

തിരുവനന്തപുരം: വിദ്യാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിർബന്ധമായും ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശിച്ചു. കൈകഴുകുന്ന ശീലം ഉൾപ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായും കളക്ടർ പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാംപയിന്റെ ഭാഗമായി കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

ആഘോഷച്ചടങ്ങുകളിൽ നിന്ന് വെൽകം ഡ്രിങ്ക് പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങൾ പടരുന്നതിന് വെൽകം ഡ്രിങ്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. തിളപ്പിക്കാത്ത വെള്ളവും ഭക്ഷ്യയോഗ്യമല്ലാത്ത ഐസും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. പകർച്ച വ്യാധികൾ പടരുന്നതിന് ആഘോഷവേളകൾ കാരണമാകരുതെന്ന് കളക്ടർ പറഞ്ഞു.

പകർച്ചപ്പനി സാധ്യത നിലനിൽക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾ മാസ്‌ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം. സ്‌കൂൾ അധികൃതർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകാൻ ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് തീരുമാനിച്ചു. പകർച്ചപ്പനി പടരുന്നത് തടയാൻ ഫലപ്രദമായ മാർഗം എന്ന നിലയ്ക്കാണ് മാസ്‌ക് ഉപയോഗിക്കാൻ നിർദേശം നൽകുന്നത്. ജില്ലയിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ ഊർജിതമാക്കുന്നതിന് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യാനും ജില്ലാ ടാസ്‌ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗം തീരുമാനിച്ചു. സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ നൽകുമ്പോൾ പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന വിധത്തിൽ അപേക്ഷാഫോറത്തിൽ കോളം ഉൾപ്പെടുത്തും. വാക്സിനേഷൻ എടുക്കാത്ത കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായകമാവുമെന്നും അപേക്ഷാഫോറം അതനുസരിച്ച് പരിഷ്‌കരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അസി. കളക്ടർ വി.എം ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. ഹന്ന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിൻ, ആർ.സി.എച്ച് ഓഫീസർ ഡോ.എൻ.എൻ പമീലി, ലോകാരോഗ്യസംഘടനയുടെ ജില്ലയിലെ പ്രതിനിധികളായ ഡോ.ആർ സന്തോഷ്, ഡോ. ആശ രാഘവൻ, മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ (ഇൻ ചാർജ്) ഡോ.കെ.കെ ഉഷ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ജയകൃഷ്ണൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, എം.ഇ.എസ് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ.മുബാറക് സാനി, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടി. നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 2 ആശുപത്രികൾക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മുസ്‌കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉൾപ്പെടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു., എൻ.ബി.എസ്.യു., പ്രസവാനന്തര വാർഡ്, പീഡിയാട്രിക് ഒപിഡി, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേഴ്‌സിൽ (എൻക്യുഎഎസ്) ഏറ്റവും ഉയർന്ന സ്‌കോർ നേടിയ (99) മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗുരുതരമാകാവുന്ന ഒന്നാണ് കോളറ. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിൻറെ രൂപത്തിൽ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിർജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിൻ, അസിത്രോമൈസിൻ എന്നിവ ഫലപ്രദമാണ്.

വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗമുള്ളപ്പോൾ ഒ. ആർ. എസിനൊപ്പം സിങ്ക് (Zinc) ഗളിക നൽകേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് ഗളിക എന്നിവ സൗജന്യമായി ലഭ്യമാണ്.

രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയിൽ എത്തേണ്ടതാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും.

നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു.

മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.

ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.

പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്.

ആഹാരം കഴിക്കുന്നതിനു മുൻപും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.

ആഹാരസാധനങ്ങൾ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.

ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.

വയറിളക്ക രോഗങ്ങൾ പകരാതിരിക്കാൻ കുഞ്ഞുങ്ങളെ മലവിസർജ്ജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

വയറിളക്ക രോഗമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ കഴുകി, ബ്ലീച്ച് ലായനിയിൽ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തിൽ കുഴിച്ചിടുക.