General

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികഞ്ഞ അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റടുത്ത് നടപടിക്രമങ്ങൾ പാലിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർത്ഥന നടത്തിയിരുന്നു. കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

നിരവധി ആവശ്യങ്ങൾക്കാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയത്. സിക്കിൾസെൽ രോഗത്തിനുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി കോമ്പ്രഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് കെയർ സെന്റർ വയനാട്ടിൽ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല സ്വകാര്യ മേഖലയ്ക്ക് സഹായകരമായ പ്രഖ്യാപനമാണ് ബജറ്റിൽ നടത്തിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കേന്ദ്രവിഹിതം അനുവദിക്കണം, ജന്തുജന്യ രോഗങ്ങൾ തടയുന്ന ‘വൺ ഹെൽത്തി’നായുള്ള പ്രത്യേക സെന്റർ, അങ്കണവാടി ജീവനക്കാരുടെ വേതന വർധനവ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ആധാർ വേണമെന്ന നിബന്ധന ജനങ്ങൾക്ക് ബുദ്ധിമുട്ടായതിനാൽ ഒഴിവാക്കുക തുടങ്ങിയവയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ലെന്ന് വീണാ ജോർജ് കുറ്റപ്പെടുത്തി.

ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികൾക്ക് 2023-24 ലെ ബജറ്റ് വകയിരുത്തലിൽ 8820 കോടി രൂപയായി കുറച്ചു. നാഷണൽ ഹെൽത്ത് മിഷനുവേണ്ടി 2023-24 ലെ ബജറ്റ് അനുമാനത്തിൽ 0.42 ശതമാനത്തിന്റെ നാമമാത്രമായ വർദ്ധനയാണുണ്ടായത്. സംസ്ഥാന ആരോഗ്യ മേഖലയോടുള്ള അവഗണനയാണിതെന്നും മന്ത്രി വ്യക്തമാക്കി.

ലണ്ടൻ: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ബ്രിട്ടീഷ് ഭരണകൂടം. ബിബിസി സ്വതന്ത്രമാദ്ധ്യമമാണെന്ന് സർക്കാർ വക്താവ് വിശദമാക്കി. ഉള്ളടക്കത്തിന്റെ കാര്യത്തിൽ സർക്കാരിൽ നിന്നും സ്വതന്ത്രമായാണ് ബിബിസിയുടെ പ്രവർത്തനമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളിയാണ്. തുടർന്നും അങ്ങനെ തന്നെ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്യുമെന്ററിയുടെ പേരിൽ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വൃത്തങ്ങൾ വിശദീകരണവുമായി രംഗത്തെത്തിയത്. ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയ്‌ക്കെതിരെ മൂന്നൂറിലധികം ഇന്ത്യക്കാരാണ് ബ്രിട്ടണിലെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയത്. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്ത് ഗുജറാത്ത് കലാപവും രണ്ടാം ഭാഗത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തുടർച്ചയും അനുബന്ധ സംഭവങ്ങളുമാണ് പ്രമേയം.

ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തിറങ്ങിയ സമയത്ത് തന്നെ ഇന്ത്യയിൽ സംപ്രേഷണ വിലക്കേർപ്പെടുത്തിയിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്കുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ട്വിറ്ററും യൂട്യൂബും നീക്കം ചെയ്തിരുന്നു. 2021ലെ ഐ.ടി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ലിങ്കുകൾ നീക്കം ചെയ്യാൻ മന്ത്രാലയം നിർദ്ദേശം നൽകിയത്. അതേസമയം, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളും വിദ്യാർത്ഥി സംഘടനകളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.

വൈത്തിരി: സംസ്ഥാനത്ത് വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോഗം പകർന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ജവഹർ നവോദയ വിദ്യാലയത്തിലെ 122ഓളം വിദ്യാർത്ഥികൾ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. കുട്ടികളിൽ അസ്വസ്ഥത കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യാവശിഷ്ടങ്ങളുടെ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാൽ എന്ത് ചെയ്യണം

രോഗ ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. മിക്കവാറും പേരിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറും. പക്ഷെ രോഗം പടരാൻ സാധ്യതയുള്ളതിനാൽ മൂന്ന് ദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
 • ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
 • മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
 • കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
 • ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
  തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
 • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
 • ഇവ കൈകാര്യം ചെയ്തതിന് ശേഷം സോപ്പുപയോഗിച്ച് കൈയ്യും പാത്രവും കഴുകുക.
 • പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
 • ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എൽഐസി, എസ്ബിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് രാജ്യവ്യാപകമായി ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴിൽ നിഷ്പക്ഷമായോ അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ മേൽനോട്ടത്തിലോ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിക്ഷേപർക്ക് സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം, എൽ.ഐ.സി., എസ്.ബി.ഐ, മറ്റ് ബാങ്കുകൾ എന്നിവയെ നിർബന്ധിച്ച് ആദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാർലമെന്റിൽ ചർച്ചചെയ്യണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. ഫെബ്രുവരി 6 ന് രാജ്യവ്യാപകമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജില്ലാ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നുവെന്നും കെ സി വേണുഗോപാൽ വിശദമാക്കി.

പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച പണം കൊണ്ട് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളായ എൽഐസിയേയും എസ്.ബി.ഐയേയും മോദി സർക്കാർ അദാനിക്ക് തീറെഴുതി. ഈ സ്ഥാപനങ്ങളിൽ നിന്നും കോടി കണക്കിന് തുകയാണ് അദാനിയെ വഴിവിട്ട് സഹായിക്കുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും അവരുടെ കമ്പനികളിൽ കേന്ദ്രസർക്കാർ നിക്ഷേപിച്ചത്. അദാനി ഗ്രൂപ്പിൽ എൽഐസി 36474.78 കോടിയും ഇന്ത്യൻ ബാങ്ക്സ് ഏകദേശം 80000 കോടിയുമാണ് നിക്ഷേപിച്ചത്. രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും അദാനിയെപോലുള്ള കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനും കടമെടുക്കാനും മോദി സർക്കാർ വിട്ടുകൊടുത്തു. അദാനിയെപോലുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന നടപടികളാണ് മോദി സർക്കാരിന്റെത്. കേന്ദ്ര ബജറ്റിൽ പ്രതിഫലിച്ചതും അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനങ്ങളൊന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാർ 21-ാം നിയമ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ നിയമ കമ്മിഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31-ന് അവസാനിച്ചുവെന്നും അദ്ദേഹം രാജ്യസഭയിൽ വിശദീകരിച്ചു.

അതേസമയം, ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മിഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ 22-ാം നിയമ കമ്മിഷൻ പരിഗണനയ്ക്കായി എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ആരോഗ്യമന്ത്രി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരാണിവർ. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറർക്ക് നിർദേശം നൽകിയിരുന്നു. ജനറൽ ആശുപത്രിയിലെ ആർ.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്തത്.

അതേസമയം, സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായുള്ള ഹെൽത്ത്കാർഡിന്റെ വിതരണനടപടികൾ കുറ്റമറ്റതാക്കാൻ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ആര് തെറ്റ് ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ചട്ടപ്രകാരമുള്ള പരിശോധനകൾ നടത്താതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ ഡോക്ടറുടെ നടപടി സമൂഹത്തോടുള്ള ദ്രോഹമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനകൾ നടത്താതെ ആർ എം ഒ ഉൾപ്പെടെയുള്ളവർ 300 രൂപ കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒൻപതോളം പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡോക്ടർ ഒപ്പിട്ടുനൽകുന്ന സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് ഹെൽത്ത് കാർഡ് നൽകേണ്ടത്. ഇത്തരത്തിൽ നൽകേണ്ട കാർഡുകൾ ഡോക്ടർമാർ കൈക്കൂലി വാങ്ങി ഒപ്പിട്ടുനൽകുകയായിരുന്നു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. അരവിന്ദ് കെജ്രിവാൾ മദ്യവ്യവസായിയുമായി ഫോണിലൂടെ ചർച്ച നടത്തിയെന്നാണ് ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുടെ ഫോണിലൂടെയാണ് വീഡിയോ കോൾ വഴി ചർച്ച നടത്തിയതെന്നും അഴിമതിയുടെ മുഖ്യ സൂത്രധാരൻ വിജയ് നായരാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

മദ്യനയ കേസിൽ ആരോപണ വിധേയനായ ഇൻഡോ സ്പിരിറ്റ് എംഡി സമീർ മഹേന്ദ്രുവുമായി കെജ്രിവാൾ വീഡിയോ കോളിലൂടെ ചർച്ച നടത്തിയെന്നും കുറ്റപത്രത്തിൽ വിശദമാക്കുന്നുണ്ട്. വിജയ് നായരുടെ ഫോണിലെ ഫേസ്‌ടൈം ആപ്പിലൂടെയാണ് വിഡിയോ കോൾ നടത്തിയത്. തന്റെ സ്വന്തം ആളാണ് വിജയ് നായരെന്നും ധൈര്യമായി മുന്നോട്ട് പോകാനും വ്യവസായിയോട് കെജ്രിവാൾ പറഞ്ഞെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

വിജയ് നായർ ആംആദ്മി പാർട്ടി നേതാക്കൾക്ക് വേണ്ടി നൂറുകോടി രൂപ സൗത്ത് ഗ്രൂപ്പിൽ നിന്നും കൈപ്പറ്റി. പാർട്ടി ഈ പണം ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നും ഇഡി ആരോപണം ഉന്നയിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് എൻഫോഴ്‌സ്‌മെന്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

ന്യൂഡൽഹി: അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപ്പന റദ്ദാക്കിയ തീരുമാനത്തിൽ വിശദീകരണം നൽകി ഗൗതം അദാനി. ഓഹരി വിപണിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) മുന്നോട്ടുകൊണ്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് കണ്ടതിനാലാണ് ബോർഡ് തീരുമാനമെടുത്തതെന്ന് ഗൗതം അദാനി അറിയിച്ചു. ഒരു സംരംഭകനെന്ന നിലയിൽ നാലുപതിറ്റാണ്ടിലേറെ നീണ്ട എളിയ യാത്രയിൽ എല്ലാ പങ്കാളികളിൽ നിന്നും പ്രത്യേകിച്ച് നിക്ഷേപക സമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. ജീവിതത്തിൽ താൻ നേടിയെടുത്ത ചെറിയ കാര്യങ്ങൾക്ക് പിന്നിലും നിക്ഷേപകർ നൽകിയ വിശ്വാസമാണ്. തന്റെ എല്ലാ വിജയങ്ങൾക്കും താൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപ്പന റദ്ദാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നാണ് കമ്പി നൽകുന്ന വാഗ്ദാനം. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴര ലക്ഷം കോടി രൂപയാണ് ഇതുവരെ അദാനി ഗ്രൂപ്പിന് ഉണ്ടായത്.

അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. ഏതു നടപടിയും നേരിടാൻ തയാറാണെന്ന് സ്ഥാപനം വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് വിശദമായ രേഖകളുടെ പിൻബലത്തിലാണ്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്.

കൊച്ചി: പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരിൽ എടുത്ത ജപ്തി നടപടികൾ പിൻവലിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. മലപ്പുറത്തെ ടിപി യൂസഫ് ഉൾപ്പെടെയുള്ള 18 പേർക്കെതിരായ നടപടി പിൻവലിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ജപ്തി നടപ്പാക്കിയതിൽ വീഴ്ച സംഭവിച്ചുവെന്നും ഇത് ബോധ്യമായതോടെ നടപടികൾ നിർത്തി വെച്ചുവെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

മിന്നൽ ഹർത്താലിൽ 5.20 ലക്ഷം രൂപയുടെ പൊതു മുതൽ നഷ്ടം ഈടാക്കാനാണ് പിഎഫഐ ഭാരവാഹികളുടെ ആസ്തി വകകൾ കണ്ട് കെട്ടാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ സർക്കാർ നടപടിയുമായി മുന്നോട്ട് പോയിരുന്നു. പിന്നീട് ഇതിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഹർത്താൽ നടക്കുന്നതിന് മുൻപ് മരിച്ചവരുടെ സ്വത്ത് വകയടക്കം സർക്കാർ കണ്ടുകെട്ടിയതാണ് പരാതി ഉയർത്തിയത്.

ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ് പറ്റിയെന്ന് സർക്കാരും സമ്മതിച്ചിരുന്നു. രജിസ്‌ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യു കമ്മീഷണർ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിനിടയിലാണ് പേര്, വിലാസം, സർവ്വേ നമ്പർ അടക്കമുള്ളവയിലെ സാമ്യം കാരണം ചില പിഴവ് സംഭവിച്ചത്. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടി. തുടർന്ന് നടപടികൾ നിർത്തി വെക്കാൻ ലാൻഡ് റവന്യു കമ്മീഷണർക്കും പോലീസ് മേധാവിയ്ക്കും നിർദ്ദേശം നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൽപ്പറ്റ: വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നെന്മേനി പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിനുള്ളിലാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയ നിലയിലാണ് ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. പൊന്മുടി കോട്ട ഭാഗത്ത് വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്.

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേയ്ക്ക് കൊണ്ടുപോയി. വെറ്ററിനറി സർജനെത്തി പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. കടുവ ചത്തത് എങ്ങനെയാണെന്ന് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് വിശദമാക്കി.

കഴിഞ്ഞ കുറേ നാളായി പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങളിൽ കടുവ സാന്നിദ്ധ്യമുണ്ടായിരുന്നു. കടുവശല്യം രൂക്ഷമായപ്പോൾ പിടികൂടാൻ മൂന്ന് കൂടുകളും എട്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. രണ്ടു കടുവകൾ പ്രദേശത്തുണ്ടെന്ന് നേരത്തെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.