രണ്ടു മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കുന്നു; പരാതിയുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: കോൺഗ്രസിന്റെ രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങി സംസ്ഥാന നേതൃത്വം. രണ്ടു മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. പാർട്ടിയിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിലർ മാദ്ധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന ആരോപണവുമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിന്റെ അടുത്തേക്ക് പോകുന്നത്. കോൺഗ്രസിലെ രണ്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് ഉടൻ തന്നെ പരാതി നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്റ് വിഷയത്തിൽ ഇടപെടണമെന്നും നേതൃത്വം ആവശ്യപ്പെടുന്നു.

നിസ്സാര കാര്യങ്ങളെ വലിയ വാർത്തയാക്കി അണികളുടെ വീര്യം കെടുത്താനുള്ള ശ്രമമാണ് ഒരു വശത്ത് നടക്കുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.