Sports

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. ശ്രേയസ് അയ്യറാണ് ഉപനായകന്‍.

അതേസമയം, മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തി. സഞ്ജുവിനൊപ്പം ഋതുരാജ് ഗെയ്ക് വാദും ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ഇഷാന്‍ കിഷനും ശര്‍ദുല്‍ താക്കൂറും ടീമിലിടം പിടിച്ചു. പുതുമുഖങ്ങളായ രജത് പഠീദാറും മുകേഷ് കുമാറും ടീമിലിടം പിടിച്ചിട്ടുണ്ട്. ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനാല്‍ ലോകകപ്പ് ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഏകദിന പരമ്ബരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. രജത് പഠീദാറിനും മുകേഷ് കുമാറിനും ഇത് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണമെത്തുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര ഒക്ടോബര്‍ 6 നാണ് ആരംഭിക്കുന്നത്. ലഖ്നൗവിലും റാഞ്ചിയിലും ഡല്‍ഹിയിലുമായാണ് മത്സരങ്ങള്‍ അരങ്ങേറുക.

ടീം ഇങ്ങനെ: ശിഖര്‍ ധവാന്‍ (C), ശ്രേയസ് അയ്യര്‍ (VC), ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാന്‍ ഗില്‍,രജത് പഠീദാര്‍ ,രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (WK), സഞ്ജു സാംസണ്‍ (WK), ഷഹബാസ് അഹ്മദ്, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 പതിനാറ് റണ്‍സിന് വിജയിച്ച് ഇന്ത്യക്ക് പരമ്ബര. ഇന്ത്യയുടെ 237 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലര്‍ സെഞ്ചുറിയും, ക്വിന്റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. 46 പന്തില്‍ സെഞ്ചുറി തികച്ച മില്ലര്‍ 47 ബോളില്‍ എട്ട് ഫോറും ഏഴ് സിക്സും സഹിതം 106* റണ്‍സുമായി വീരോചിത പോരാട്ടം കാഴ്ചവെച്ചു.

തന്റെ ആദ്യ ഓവറില്‍ തന്നെ പേസര്‍ അര്‍ഷ്ദീപ് സിംഗ് കൊടുങ്കാറ്റായപ്പോള്‍ 1.4 ഓവറില്‍ രണ്ട് റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട വിക്കറ്റ് നഷ്ടമായി. ഏഴ് പന്ത് നേരിട്ട ക്യാപ്റ്റന്‍ തെംബാ ബാവുമ അക്കൗണ്ട് തുറക്കാതെ വിരാട് കോലിയുടെ കൈകളിലെത്തിയപ്പോള്‍ റിലീ റൂസ്സോ(2 പന്തില്‍ 0) കാര്‍ത്തിക്കിന്റെ ക്യാച്ചില്‍ മടങ്ങി. ഏയ്ഡന്‍ മാര്‍ക്രം 19 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്സറും ഉള്‍പ്പടെ 33 റണ്‍സുമായി അക്സര്‍ പട്ടേലിനും കീഴടങ്ങി. അവിടുന്നങ്ങോട്ട് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് കൊണ്ടുപോവുകയായിരുന്നു ക്വിന്റണ്‍ ഡികോക്കും ഡേവിഡ് മില്ലറും. ഇരുവരും ക്രീസില്‍ നില്‍ക്കേ 13 ഓവര്‍ പൂര്‍ത്തിയാകുമ്‌ബോള്‍ 110/3 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. തകര്‍ത്തടിച്ച മില്ലര്‍ 25 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതോടെ പ്രോട്ടീസ് പ്രതീക്ഷയിലായി. പിന്നാലെ അക്സറിനെ പൊരിച്ച് ഡികോക്കും ട്രാക്കിലായി. 58 പന്തില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഡിക്കോക്കും ഫിഫ്റ്റി കണ്ടെത്തി. എങ്കിലും 238 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് പ്രോട്ടീസ് എത്തിയില്ല. 46 പന്തില്‍ സെഞ്ചുറി തികച്ച മില്ലറുടെ പോരാട്ടം പാഴായി. മില്ലര്‍ 47 പന്തില്‍ 106* ഉം ഡികോക്ക് 48 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

ഗുവാഹത്തിയില്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് സൂര്യകുമാര്‍ യാദവും വിരാട് കോലിയും ആളിക്കത്തിക്കുകയും ഏറ്റവുമൊടുവില്‍ ദിനേശ് കാര്‍ത്തിക് ഫിനിഷ് ചെയ്യുകയും ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഹിമാലയന്‍ സ്‌കോറിലെത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 237 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), വിരാട് കോലി(28 പന്തില്‍ 49), ഡികെ(7 പന്തില്‍ 17) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. കെ എല്‍ രാഹുല്‍ 24 പന്തിലും സൂര്യകുമാര്‍ യാദവ് 18 പന്തിലും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പ്രോട്ടീസ് ബൗളര്‍മാരില്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ഒഴികെയുള്ളവരെല്ലാം അടിവാങ്ങി വലഞ്ഞു. നാല് ഓവറില്‍ കാഗിസോ റബാഡ 57 ഉം വെയ്ന്‍ പാര്‍നല്‍ 54 ഉം ലിങ്കി എന്‍ഗിഡി 49 ഉം ആന്റിച് നോര്‍ക്യ മൂന്ന് ഓവറില്‍ 41 ഉം റണ്‍സ് വഴങ്ങി. അവസാന 5 ഓവറില്‍ 82 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി.

മെല്‍ബണ്‍: ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ വിജയിക്കുന്ന ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 13 കോടി രൂപ) ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു. റണ്ണറപ്പിന് പകുതി തുകയും ലഭിക്കും. ഓസ്‌ട്രേലിയയിലാണ് മത്സരം നടക്കുന്നത്.

ഏകദേശം ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് മത്സരിക്കുന്നത്. സെമി ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 4,00000 ഡോളര്‍ (3.25 കോടി രൂപ) സമ്മാനത്തുക ലഭിക്കും.സൂപ്പര്‍ 12 സ്റ്റേജില്‍ എലിമിനേറ്റ് ചെയ്യപ്പെടുന്ന ഓരോ ടീമിനും 70,000 ഡോളര്‍ (ഏകദേശം 57 ലക്ഷം രൂപ) ലഭിക്കും. സൂപ്പര്‍ 12 സ്റ്റേജിലെ ഓരോ വിജയത്തിനും ടീമുകള്‍ക്ക് 40,000 ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) ലഭിക്കുന്നതാണ്.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും.

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. ഇന്ന് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം.

വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റലെ . ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം.

41 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍ ഇന്ത്യ: 20 ഓവറില്‍ ആറിന് 150, ശ്രീലങ്ക18.2 ഓവറില്‍ 109 ന് പുറത്ത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ജെമീമ റോഡ്രിഗസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വെറും 23 റണ്‍സെടുക്കുന്നതിനെ രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ജെമീമയുടെ ഒറ്റയാള്‍ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജെമീമ 53 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 76 റണ്‍സെടുത്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ആദ്യ മത്സരം ഒക്ടോബര്‍ 7 ന് നടക്കും. ഗ്ലോബല്‍ ഫുട്‌ബോള്‍ ലീഗിന്റെ മാതൃകയിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുക.

ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍ നിലവില്‍ ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള മത്സരമായ ഡ്യൂറന്‍ഡ് കപ്പിലും കളിക്കുന്നുണ്ട്. ഐഎസ്എല്‍ അവസാനിച്ചതിന് ശേഷം ഏപ്രിലില്‍ ഡ്യൂറന്‍ഡ് കപ്പ് നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗില്‍ രണ്ട് സീസണുകള്‍ക്ക് ശേഷം കാണികള്‍ ആദ്യമായി സ്റ്റേഡിയത്തിലേക്ക് മടങ്ങാന്‍ പോകുന്നു. പരമാവധി കാണികളെ ആകര്‍ഷിക്കുന്നതിനായി ഐഎസ്എല്‍ വാരാന്ത്യത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

നിലവിലെ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്സി ഒക്ടോബര്‍ 9 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരം കളിക്കും. ഓരോ ടീമും ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങള്‍ വീതം കളിക്കും.

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളത്തിന്റെ അഭിജിത്ത് സ്വര്‍ണം നേടി. ഗെയിംസിലെ കേരളത്തിന്റെ രണ്ടാം മെഡലാണിത്.

നേരത്തെ വനിതാ വിഭാഗം ഫെന്‍സിങ്ങില്‍ കേരളത്തിനായി ജോസ്ന ക്രിസ്റ്റി ജോസ് വെങ്കല മെഡല്‍ നേടിയിരുന്നു. സെമി ഫൈനലില്‍ ഒളിമ്ബ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തമിഴ്നാടിന്റെ ഭവാനി ദേവിയോട് തോല്‍വി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്.

ഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ഐ പരമ്പരയില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് കളിക്കും. ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തത്.

ബുംയ്ക്ക് നടുവിന് പരിക്കേറ്റിട്ടുണ്ടെന്നും നിലവില്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് താരമെന്നും ബിസിസിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെക്കാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പിലും ബുംറക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.

സൂറിച്ച്: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ ജീവിത കഥ പറയുന്ന ‘ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്’ എന്ന സീരീസ് ഫിഫ പുറത്തിറക്കി. മൂന്ന് എപ്പിസോഡുകള്‍ അടങ്ങുന്ന സീരീസിന്റെ ആദ്യ സീസണ്‍ ഫിഫയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫിഫ പ്ലസില്‍ ലഭ്യമാണ്.

ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫിഫ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ‘നിങ്ങള്‍ക്ക് റൊണാള്‍ഡോയെയും മെസിയെയും കുറിച്ച് എല്ലാം അറിയാം. നിലവില്‍ സജീവമായ പുരുഷ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മൂന്നാമത്തെ താരത്തിന്റെ കഥ അറിയൂ’ എന്ന കുറിപ്പോടെയാണ് ഫിഫയുടെ ട്വീറ്റ്.

അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 117 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. നിലവില്‍ സജീവമായ താരങ്ങളില്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി.

അഹമ്മദാബാദ്: മുപ്പത്തിയാറാമത് ദേശീയ ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒളിമ്പിക് മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയും പി.വി.സിന്ധുവും ഗഗന്‍ നാരംഗും മീരാബായി ചാനുവും മലയാള താരം അഞ്ജു ബേബി ജോര്‍ജും പങ്കെടുത്തു.

സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള സര്‍ദാര്‍ പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലെക്സില്‍ ഫുട്ബോള്‍, ഹോക്കി, ബാസ്‌കറ്റ് ബോള്‍, കബഡി, ബോക്സിംഗ്, ടെന്നീസ് മത്സരങ്ങള്‍ക്കുള്ള സജജീകരണങ്ങളുണ്ടെന്നും ഇത് രാജ്യത്തിനാകെ മാതൃകയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കായിക മേഖലയിലെ സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി പ്രസംഗത്തിലൂടെ വ്യക്തമാക്കി. കേന്ദ്ര സ്പോര്‍ട്സ്, യുവജനകാര്യ മന്ത്രി അനുരാഗ് താക്കുര്‍, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന സ്പോര്‍ട്സ്മന്ത്രി ഹര്‍ഷ സാംഗ്വി, ഗവര്‍ണര്‍ ആചാര്യ ദേവ്രഥ്, സി.ആര്‍. പാട്ടില്‍ എം.പി, അഹമ്മദാബാദ് ഗവര്‍ണര്‍ കിരിത് പാര്‍മര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മോഹിത് ചൗഹാന്‍ എന്നിവരുടെ സംഗീതനിശകളും സ്റ്റേഡിയത്തില്‍ അരങ്ങേറി.