Kerala

veena

ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.. ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കു.മെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലയിലെ പൊതുസ്ഥിതി വിലയിരുത്തി. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവ അപകട നിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവയെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ ക്രമീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഈ മാസം 20 മുതല്‍ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതില്‍ 20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നിട്ടുണ്ട്. 979.9 മീറ്റര്‍ ജലനിരപ്പാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു. ഇപ്പോള്‍ അതിന് കുറവ് വന്നിട്ടുണ്ട്. വനമേഖലയില്‍ ശക്തമായ മഴയോ, ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് ഡാം ഇപ്പോള്‍ വളരെ ചെറിയ തോതില്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. 15 സെ.മി മാത്രമാകും ജലനിരപ്പ് ഉയരുക. കൃത്യമായ മുന്നറിയിപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ നല്കിയിരുന്നു. 94 ശതമാനം ജലനിരപ്പാണ് ഡാമില്‍ ഉണ്ടായിരുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

sabarimala

ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി.

pinarayi

കോളേജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് രണ്ടു ജില്ലകളിലാണ് കൂടുതല്‍ കെടുതി ഉണ്ടായത്. ബുധനാഴ്ച മുതല്‍ തുടര്‍ന്നുള്ള 2-3 ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല്‍ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84% മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു..

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സീസണ്‍ ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യുന മര്‍ദ്ദങ്ങള്‍ / ചുഴലിക്കാറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ട ആവശ്യം വരികയാണെങ്കില്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരു എന്‍ ഡി ആര്‍ എഫ് ടീമിനെ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍ തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ ഇന്ന് രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ,മാട്ടുപ്പെട്ടി, പൊന്മുടി,പമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാര്‍ നീല അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ജലസേചന വകുപ്പിന്റെ പീച്ചി, ചിമ്മണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലര്‍ട്ടില്‍ ആണ്. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലര്‍ട്ടിലും, വാഴാനി, പോത്തുണ്ടി ബ്ലൂ അലര്‍ട്ടിലും ആണ്. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക സാഹചര്യത്തില്‍ ആളുകളോട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോളനിയിലെ മിക്കവീടുകളും മുട്ടോളം വെള്ളത്തിലാണ്. അപ്പര്‍കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍മുങ്ങുന്ന പ്രദേശമാണു കുതിരച്ചാല്‍ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും സമാന അവസ്ഥയാണു നിലനില്‍ക്കുന്നത്.

പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെ.എസ്.ആര്‍.സി സര്‍വീസില്ല. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. വാഹനഗതാഗതവും തടസ്സപ്പെട്ടു.

പമ്പയാര്‍ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. കക്കി ഡാം കൂടി തുറന്നാല്‍ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൃത്യമായ അവലോകനം നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്നും ആശങ്കവേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

dam

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു..

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്. ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ഉന്നത തല യോഗത്തിൽ പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ യു ഡി എഫ് കൗൺസിലർമാർ ഹോമം നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയർ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മേയറുടെ പ്രതികരണം.

തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ്. അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും ഒരേതരം പരിഗണനയാണ് നൽകുന്നത്. തിരുവനന്തപുരം നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗൺസിലർമാർ നടത്തിയ ഹോമം കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണെന്ന് മേയർ കുറ്റപ്പെടുത്തി.

ഇത്തരം പ്രവണതകൾ വെച്ചു പുലർത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വർഗ്ഗീയ കലാപത്തിൻറെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ്. നാളിതുവരെയും കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗൺസിലർമാരുടെ നേതൃത്വത്തിൽ തന്നെ ഒരു പ്രത്യേക മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആൾക്കാർ പ്രവർത്തിക്കുന്നത് എന്നുള്ളതിൻറെ ദൃഷ്ടാന്തമാണെന്ന് ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

ഇത്തരം പ്രവണതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ മാറി നിൽക്കണമെന്നും കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയുടെ മതേതരപാരമ്പര്യം തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയും ചെയ്യുമെന്നും മേയർ കൂട്ടിച്ചേർത്തു.

k radhakrishnan

മഴക്കെടുതിയുടെ തീവ്രത കൂടുതലായി അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പ് പ്രതിജ്ഞാബദ്ധതയോടെ ഇടപെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. മഴക്കെടുതി സംസ്ഥാനത്തു വീണ്ടും ദുരിതം വിതയ്ക്കുകയാണ്. ദുരന്ത ബാധിതർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്. അവർക്ക് അതിജീവനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

farming

സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോണിലോ വാട്‌സ് ആപ്പിലോ വിവരങ്ങൾ അറിയിക്കാമെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതിനു പുറമെ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
സംസ്ഥാനതല കൺട്രോൾ സെന്റർ – 9447210314.
ജില്ലാതല കൺട്രോൾ സെന്ററുകൾ -തിരുവനന്തപുരം – 9446021290, കൊല്ലം- 94474 53040, പത്തനംതിട്ട- 9495734107, കോട്ടയം- 9446430657, ആലപ്പുഴ- 9497787894, എറണാകുളം- 9446518181, തൃശൂർ- 9383473242, പാലക്കാട്- 9383471457, മലപ്പുറം- 9846820304, കോഴിക്കോട്- 8547802323, ഇടുക്കി- 9447232202, വയനാട്- 7012568399, കണ്ണൂർ- 9447577519, കാസർഗോഡ്- 8921995435.

mazha

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ദുർബലമായി. ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടർന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്.

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നും .ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥകേന്ദ്രം അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് മണിമല, പമ്പ എന്നീ നദികളിൽ കുത്തൊഴുക്ക് വർദ്ധിച്ചതോടെ പമ്പിങ് നിർത്തിവെച്ചതോടെയാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.

തിരുവല്ല, ചങ്ങനാശേരി നഗര പ്രദേശങ്ങളിലും കവിയൂർ, കുന്നന്താനം, കുറ്റൂർ, തിരുവൻവണ്ടൂർ, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുട്ടനാട് എന്നീ പ്രദേശങ്ങളിലേയും കുടിവെള്ള വിതരണത്തിന് തടസം നേരിടുമെന്നാണ് തിരുവല്ല പി.എച്ച് സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മഴ ശക്തി പ്രാപിച്ചതോടെ ജല വിതരണത്തിനുള്ള പൈപ്പുകൾക്ക് ഉൾപ്പെടെ നാശം സംഭവിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ നദികളിലെ കലങ്ങിയ വെള്ളം മൂലം പമ്പിങ് സംവിധാനവും തകരാറിലായിരിക്കുകയാണ്. കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.