ഗരുഡാപ്രീമിയം; നവകേരള ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നു വിലയിരുത്തൽ

കോഴിക്കോട്: ആധുനിക സൗകര്യങ്ങളോട് കൂടി കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ച ഗരുഡാപ്രീമിയം ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നു വിലയിരുത്തൽ. കോഴിക്കോട്- ബെംഗളൂരു റൂട്ടിലാണ് നവകേരള ബസ് ഗരുഡാ പ്രീമിയം സർവ്വീസ് നടത്തുന്നത്. രാവിലെ നാലു മണിക്കാണ് കോഴിക്കോട്ടു നിന്നും ബസിന്റെ സർവ്വീസ് ആരംഭിക്കുന്നത്. നഗരത്തിനടുത്തുള്ളവർക്കുപോലും ഇതിനായി മൂന്നുമണിക്ക് തയാറെടുക്കേണ്ടി വരും. കോഴിക്കോട് ജില്ലയുടെ മറ്റു ഭാഗങ്ങൾ, മലപ്പുറം ജില്ല എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട് എത്തണമെങ്കിൽ വളരെ നേരത്തേതന്നെ പുറപ്പെടണം. ഇത് പലർക്കും ബുദ്ധിമുട്ടാകുന്നുണ്ടെന്നാണ് വിവരം.

പതിനൊന്നരയോടെയാണു ബസ് ബെംഗളൂരുവിൽ എത്തേണ്ടത്. എന്നാൽ, ഗതാഗത കുരുക്ക് കാരണം ആ സമയത്ത് ബംഗളൂരുവിൽ എത്താൻ കഴിയുന്നില്ല. ഉച്ചയോടെ മാത്രമാണ് ബസിന് ബംഗളൂരുവിലേക്ക് എത്താൻ കഴിയുന്നത്. ഉച്ചയ്ക്കു രണ്ടരയ്ക്കാണു ബസിന്റെ മടക്കയാത്ര. രാത്രി പത്തിനാണു കോഴിക്കോട് എത്തേണ്ടത്. വൈകിട്ടത്തെ ഗതാഗതക്കുരുക്ക് താണ്ടി എത്തുമ്പോഴേക്കും 12 മണി കഴിയും. ഈ സമയത്തു കോഴിക്കോടെത്തിയാൽ പലർക്കും വീടുകളിലേക്കു പോകാനും വണ്ടി കിട്ടില്ലെന്നാണ് ഉയരുന്ന മറ്റൊരു പരാതി.

സമയക്രമത്തിൽ മാറ്റം വരുത്തിയാൽ യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ബെംഗളൂരുവിൽ നിന്നു വൈകിട്ട് എട്ടോടെ യാത്ര ആരംഭിച്ചാൽ പുലർച്ചെ നാലോടെ കോഴിക്കോടെത്താം. ഇവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ടവർക്കു രാവിലെ പോകാനും സാധിക്കും. കോഴിക്കോട്ടു നിന്നും കൽപറ്റയിൽ നിന്നും ഒരേ ചാർജ് എന്നതും യാത്രക്കാർ നേരിടുന്ന മറ്റൊരു ബുദ്ധിമുട്ട്. 700 രൂപയ്ക്കു കൽപറ്റയിൽ നിന്നും എസി ബസിൽ ബെംഗളൂരുവിൽ എത്താമെന്നിരിക്കെ 1240 രൂപ മുടക്കുന്നത് നഷ്ടമാണ്. അതിനാൽ ടിക്കറ്റ്, സ്റ്റേജ് അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന ആവശ്യവും യാത്രക്കാർ മുന്നോട്ടുവെയ്ക്കുന്നു.