ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണം; ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി മമതാ ബാനർജി

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മഹാരാഷ്ട്ര സന്ദർശനത്തിനിടെ മുംബൈയിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്ന് മമതാ ബാനർജി പറഞ്ഞു. ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും മമത ആവശ്യപ്പെട്ടു.

ബിജെപിക്കും കോൺഗ്രസിനും ബദലായി ദേശീയതലത്തിൽ പുതിയൊരു സഖ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മമത ബാനർജി ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്താൻ മഹാരാഷ്ട്രയിലെത്തിയത്. അരമണിക്കൂറോളം നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരു നേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയും ചെയ്തു.

ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നായിരുന്നു ശരത് പവാറിന്റെ പ്രതികരണം. മമത ബാനർജിയുമായി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം വിഷയത്തിൽ മമതയ്‌ക്കെതിരെ പരിഹാസവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.