രാജ്യത്തെ മൊബൈൽ ഫോൺ വാലിഡിറ്റി, ഡാറ്റാ പാക്കേജ് എന്നിവയുടെ താരിഫ് ഉയർത്തിയേക്കും; റിപ്പോർട്ടുകൾ ഇങ്ങനെ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തന്നെ രാജ്യത്തെ മൊബൈൽ ഫോൺ വാലിഡിറ്റി, ഡാറ്റാ പാക്കേജ് എന്നിവയുടെ താരിഫ് ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജൂൺ പകുതിയോടെയോ ജൂലായ് ആദ്യത്തോടെയോ രാജ്യത്ത് ടെലികോം താരിഫ് വർദ്ധിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നിലവിലെ നിരക്കിൽ നിന്ന് 20 ശതമാനം വരെ ടെലികോം കമ്പനികൾ വർദ്ധനവ് വരുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ 4ജി നിരക്കിൽ ഈടാക്കുന്നത് 5ജി നിരക്കിലേക്ക് മാറും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തീരുമാനം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം.

വർദ്ധനവുണ്ടായാൽ 2024 ജൂണോടെ പ്രതിമാസ പ്ലാനുകൾക്ക് നിലവിലത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരും. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എയുടെ റിപ്പോർട്ടിലും 2024 താരിഫ് വർദ്ധനയുടെ വർഷമായിരിക്കുമെന്ന സൂചന മുന്നോട്ടുവെയ്ക്കുന്നുണ്ട്. 2021-ലാണ് മൊബൈൽ താരിഫ് അവസാനമായി വർദ്ധിപ്പിച്ചത്.

ഉപഭോക്താക്കളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വരുമാനം വർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്പനികളുടെ നിലപാട്. സർവീസ് മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം നടത്തണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.