Technology

സാംസങ് ഗാലക്സി ഫോൺ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഡിസ്‌പ്ലേയിലുണ്ടാകുന്ന ഗ്രീൻ ലൈൻ. ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഗ്രീൻ ലൈൻ പ്രശ്‌നമുള്ള ചില ഗാലക്‌സി എസ് സീരീസ് ഫോണുകൾക്ക് സാംസങ് സൗജന്യമായി സ്‌ക്രീൻ മാറ്റി നൽകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാംസങ് ഫോണുകളുടെ സ്‌ക്രീനിൽ ഗ്രീൻലൈൻ കാണുന്നുവെന്ന പരാതി വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. ഗാലക്‌സി എസ് സീരീസിൽ വരുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലും സമാന രീതിയിലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ട്. സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തപ്പോഴാണ് പലരും ഈ പ്രശ്‌നം നേരിടാൻ തുടങ്ങിയത്. മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയ ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അൾട്ര സ്മാർട്‌ഫോണുകൾക്കാണ് ഈ സേവനം ലഭിക്കുന്നത്.

ഗാലക്‌സി എസ് 20 സീരീസ്, ഗാലക്‌സി എസ് 21 സീരീസ്, എസ് 22 അൾട്രാ സ്മാർട്‌ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.വാറന്റി ഇല്ലെങ്കിലും സ്‌ക്രീൻ മാറ്റിനൽകും. ഈ മാസം 30 വരെ ഗ്രീൻ ലൈൻ പ്രശ്‌നമുള്ള മുകളിൽ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കൾക്ക് സാംസങ് സർവീസ് സെന്ററിൽ എത്തി സ്‌ക്രീൻ മാറ്റാമെന്നാണ് വിവരം.

വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പേവേണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിംഗ് നില അറിയാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ സെർവറിൽ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. വോട്ടിങ് ശതമാനം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.

തിരുവനന്തപുരം: സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്.

ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. യൂണിയൻ ബാങ്കിന്റെ പേരിൽ ഉൾപ്പെടെ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

നമ്മളിൽ പലർക്കും പ്രിയപ്പെട്ട സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ് ആപ്പ്. പല പുതിയ ഫീച്ചറുകളും വാട്ട്‌സ് ആപ്പ് അവതരിപ്പിക്കാറുണ്ട്. കോൺടാക്ട് നോട്ട്‌സ് എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് ഇപ്പോൾ.

ഈ ഫീച്ചർ ഏറ്റവുമധികം പ്രയോജനപ്പെടുക വാട്ട്‌സ് ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായിരിക്കും. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ സേവ് ചെയ്ത് വെയ്ക്കാൻ കൂടി ബിസിനസ് ഉപയോക്താക്കൾക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വേണ്ടി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങൾ കൂടി ചേർത്ത് നൽകാൻ കഴിയുന്ന വിധമാണ് ഫീച്ചർ. ആൻഡ്രോയിഡ് 2.24.9.12 അപ്‌ഡേറ്റിനായുള്ള പുതിയ വാട്്‌സ് ആപ്പ് ബീറ്റാ വേർഷൻ എടുത്തവർക്ക് പുതിയ ഫീച്ചർ ലഭിക്കും.

ചാറ്റിൽ കോൺടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്‌സ് സെക്ഷൻ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോൺടാക്ടുകളോടും ചേർത്ത് നോട്ടുകൾ ആഡ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത.

നേരത്തെയുള്ള ചാറ്റ് വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവെയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ഉപകാരപ്രദമാണ്.

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതർ. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കിൽ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ.

ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത് വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ ആപ്പ് വഴി ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്നു കണ്ടാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചത്.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിൽ മാത്രം ഉപയോഗിക്കേണ്ട ഈ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദനിർദേശം ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നൽകിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫീസർ, ആദ്യ പോളിങ് ഓഫീസർ എന്നിവർക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രവുമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക. പോൾമാനേജർ ആപ്പിൽ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള ഫോൺ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് എഎസ്ഡി മോണിറ്റർ ആപ്പിൽ ലോഗിൻ അനുവാദം ലഭിക്കുക. അധിക സുരക്ഷയുടെ ഭാഗമായി ലോഗിൻ ചെയ്യുന്നതിന് ഒടിപി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ടർപട്ടിക ശുദ്ധീകരണ കാലയളവിൽ ആബ്‌സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവർ, സ്ഥലം മാറിയവർ, മരണപ്പെട്ടവർ) എന്ന് രേഖപ്പെടുത്തി ബിഎൽഒ മാർ തയ്യാറാക്കിയ പുതുക്കിയ പട്ടിക സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസർ, ആദ്യ പോളിങ് ഓഫീസർ എന്നിവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ എസ് ഡി പട്ടികയിലുള്ള വോട്ടർ വോട്ട് ചെയ്യുന്നതിന് ബൂത്തിലെത്തിയാൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം വോട്ട് ചെയ്യാൻ അനുവാദം നൽകുകയാണെങ്കിൽ എഎസ്ഡി മോണിട്ടർ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. വോട്ടറുടെ സീരിയൽ നമ്പർ, റിമാർക്ക് എന്നിവ രേഖപ്പെടുത്തിയ ശേഷം ആപ്പ് ഉപയോഗിച്ച് തന്നെ വോട്ടറുടെ ചിത്രവും എടുക്കും. തുടർന്ന് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാനോ തിരുത്താനോ കഴിയില്ല. ഓരോ ബൂത്തിലും വോട്ട് ചെയ്ത ആകെ എഎസ്ഡി വോട്ടർമാരുടെ വിവരങ്ങളും ആപ്പ് വഴി അറിയാനാവും.

എ എസ് ഡി ആപ്പ് വഴിയുള്ള നിരീക്ഷണത്തിലൂടെ ഇരട്ടവോട്ട് തടയാനും തർക്കങ്ങൾ പൂർണമായി ഒഴിവാക്കാനും കഴിയുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തവർക്കെതിരെ നടപടി. സംസ്ഥാനത്ത് ഇതുവരെ 42 കേസുകൾ രജിസ്റ്റർ ചെയ്തു.

സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങൾ നിർമ്മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് തകരാറുണ്ടെന്നും ഇലക്ഷൻ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നൽകിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയണോ? അതോ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്‌സഭ വോട്ടെടുപ്പിനുള്ള നാളുകൾ അടുക്കുമ്പോൾ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർഹെൽപ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കിൽ വിരൽതുമ്പിൽ എത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവർക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയുമാണ് ആപ്പിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

വോട്ടർ പട്ടികയിൽ പേര് തിരയുക, വ്യക്തിഗത വിവരങ്ങൾ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യുക, വോട്ടർഐഡി ആധാറുമായി ബന്ധിപ്പിക്കൽ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ അപേക്ഷ നൽകൽ, പരാതികൾ സമർപ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക, തിരഞ്ഞെടുപ്പുഫലം അറിയൽ, തിരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുക എന്നിവയൊക്കെ ഈ മൊബൈൽ ആപ്പ് വഴി ചെയ്യാനാവും. വോട്ടറല്ലാത്തവർക്ക് ഫോണിൽവരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്‌ട്രേഷനും നടത്താം. തുടർന്ന് വ്യക്തിഗത വിവരങ്ങൾ, ഫോൺ, ഇ-മെയിൽ ഐഡി, ജനനത്തീയതി, വിലാസം, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി രജിസ്റ്റർ ചെയ്യാനാവും.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങൾക്ക് പിന്നിലെ യഥാർഥ വസ്തുത മനസ്സിലാക്കാൻ വെബ്‌സൈറ്റ് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഏറെ സഹായകരമാവും.

mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാർത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ്, വോട്ടർപട്ടിക, വോട്ടർമാർക്കുള്ള സേവനങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി എന്നിവ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വ്യാജവാർത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങൾ, സക്രീൻഷോട്ടുകൾ, വീഡിയോകൾ, വാർത്ത ക്ലിപ്പുകൾ എന്നിവയൊക്കെ സൈറ്റിൽ കാണാം. വസ്തുതൾ പരിശോധിക്കാൻ ആധാരമാക്കിയ റഫറൻസ് രേഖകളും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികൾ തയ്യാറാക്കി അതത് ദിവസം ഗൂഗിൾ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാക്കുന്നത്.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാൽ ഈ ജില്ലകളിലെ മുഴുവൻ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും കാമറ സ്ഥാപിക്കും.

ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കൺട്രോൾ റൂമുകൾ സജ്ജമാക്കുക.