Career

തിരുവനന്തപുരം: ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് നിയമനം. ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്കാണ് നിയമനം. 850 രൂപ ദിവസവേതനം ലഭിക്കും. എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2322410. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 7.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എൽ.എൽ.ബിയും അഭിഭാഷക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപ വേതനം.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ (ജനറൽ ആശുപത്രിയ്ക്ക് സമീപം, ഗവ. ഗേൾസ് സ്‌കൂളിന് എതിർവശം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com, www.keralasamakhya.org.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈൻ വർക്കുകൾ ചെയ്യുന്നതിന് മിനിമം പത്താം ക്ലാസും ഗ്രാഫിക് ഡിസൈൻ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 വൈകിട്ട് 5 മണി.

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ച സംസ്ഥാന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 6 രാവിലെ 11ന് മുമ്പ് ട്രെയിനിങ് ഡയറക്ടർ, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നേരിൽ ഹാജരാകേണ്ടതാണ്. അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയിലും ഇവർ പങ്കെടുക്കണം.

എസ്.എസ്.എൽ.സി യോഗ്യതക്കൊപ്പം കോപ്പ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. 21,175 രൂപയാണ് പ്രതിമാസ വേതനം.

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട് (dme.kerala.gov.in).

റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 2, 3 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹയർസെക്കൻഡറി (10+2) ലെവൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റിൽ നടക്കും. ഓൺലൈൻ അപേക്ഷ https://ssc.nic.in വെബ്‌സൈറ്റ് വഴി സമർപ്പിക്കാം.

പരീക്ഷാ സിലബസ് മറ്റ് വിശദാംശങ്ങൾ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in വെബ്‌സൈറ്റുകളിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 8, രാത്രി 11 മണി.

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള വിവിധ നഴ്സിംഗ് കോളജുകളിലേക്ക് (പുതിയ കോളജുകൾ ഉൾപ്പെടെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്സിംഗിന് ശേഷം 15 വർഷം പ്രവർത്തിപരിചയം വേണം. ഇതിൽ കുറഞ്ഞത് 10 വർഷം കോളജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. എം.ഫിൽ (നഴ്സിംഗ്) / പി.എച്ച്.ഡി (നഴ്സിംഗ്) / പബ്ലിക്കേഷൻ അഭികാമ്യം. നഴ്സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. പ്രായപരിധി – വിരമിച്ച അധ്യാപകർ 64 വയസ് വരെയും മറ്റുള്ളവർ 60 വയസ് വരെയും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി candidate login വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്.

ഫീസ് ഓൺലൈനായി സിമെറ്റിന്റെ വെബ് സൈറ്റിലുള്ള (www.simet.kerala.gov.in, www.simet.in) SB Collect മുഖേനയോ, സിമെറ്റിന്റെ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടയ്ക്കുകയോ ചെയ്യാം. ഫീസ് അടച്ച രേഖകൾ, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ജൂൺ 5 നകം അയയ്ക്കണം.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ, പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും പ്രായപരിധി 18-30 വയസുമാണ്. ഗ്രാമപഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനുകളിലേക്ക് നിയമിക്കുന്നതിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ സമീപത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉള്ളവരെ പരിഗണിക്കുന്നതാണ്. സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

മുൻപ് പ്രൊമോട്ടർമാരായി പ്രവർത്തിക്കുകയും, എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 10000 രൂപ നിരക്കിൽ ഓണറേറിയം ലഭിക്കും. ഒരു വർഷമാണ് നിയമന കാലയളവ്. ഒരുവർഷത്തെ സേവനം തൃപ്തികരമാണെങ്കിൽ, ബന്ധപ്പെട്ട ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം.
കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5 വൈകീട്ട് 5 മണി.

തിരുവനന്തപുരം: തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: www.trida.kerala.gov.in.

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (കെ.ഡി.ആർ.ബി) യിൽ ഒഴിവുള്ള 35600-75400 രൂപ ശമ്പള സ്‌കെയിലിലുള്ള ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. മെയ് 27 വരെയാണ് തീയതി നീട്ടിയത്.

താൽപ്പര്യമുള്ള കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിലും സമാന ശമ്പള സ്‌കെയിലിലും സേവനമനുഷ്ഠിക്കുന്ന ഹിന്ദു മത വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.kdrb.kerala.gov.in.