Politics (Page 587)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിടത്തും ബിജെപി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്നു പറയുന്ന ബിജെപി മുന്നറിയിപ്പ് ഗൗരവതരമെന്നും അത്തരം നീക്കങ്ങള്‍ക്ക് സംഘ്പരിവാറിന് സ്വപ്‌നം കാണാനാകാത്ത തിരിച്ചടി കേരളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗ്ഗീയതയെ ജനം പിന്തുണക്കില്ല.

ത്രിപുരയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയാണ് ബിജെപി വളര്‍ന്നത്. അതുകൊണ്ടുതന്നെ ബിജെപിയുടെ മുന്നറിയിപ്പ് ഗൗരവതരമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇരട്ടവോട്ടെന്ന പേരില്‍ പ്രതിപക്ഷ നേതാവ് കേരളത്തെ അപമാനിക്കുകയാണ്. ഇരട്ടവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു വോട്ടുപോലും ഇരട്ടിക്കരുത്. അതിനായി ഇലക്ഷന്‍ കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായി മാറും. പാവപ്പെട്ടവര്‍ക്ക് കുടിവെള്ളവും തൊഴിലും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവും അടക്കമുള്ളവയെല്ലാം കൊടുക്കുന്ന ഭരണമാറ്റം ഉണ്ടാകാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23ന് നരേന്ദ്ര മോദി ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഖാന്‍ മോദിയ്ക്ക് കത്തയച്ചത്. ജമ്മു കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. അതിനായി ക്രിയാത്മകവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഖാന്‍ കത്തില്‍ കുറിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം.ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി.

പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ ഉച്ചഭാഷിണികൾ നിരോധിച്ചു.

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാനദിവസം കർശനനിയന്ത്രണങ്ങളുണ്ടാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ പാടില്ല. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. പകരം രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാറാഴ്ച്ച നേമത്ത് എത്തും.

വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി കെ. മുരളീധരന്‍ നേരത്തെ ഉന്നയിച്ചിരുന്നു. പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെ കെ. മുരളീധരന്‍ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞാറാഴ്ച്ച നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കിയിരിക്കുകയായിരുന്നു.

കണ്ണൂർ : വൈദ്യുതി കരാർ അദാനിയുമായി ഉറപ്പിക്കാൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദാനിയുടെ കുടുംബം കണ്ണൂരില്‍ വന്നത് ആരെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണം. അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ വൈദ്യുതി കൂടിയ നിരക്കിൽ വാങ്ങുവാനാണ് നീക്കം നടക്കുന്നത്. എന്‍റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയോ ക്യാപ്റ്റനല്ല പിണറായി. അദാനി അടക്കമുള്ള സഹസ്രകോടീശ്വരൻമാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. മുങ്ങാൻ പോകുന്ന കപ്പലിന്‍റെ ക്യാപ്റ്റനാണ് പിണറായിയെന്നും ബോംബിന്‍റെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തലശേരി വടക്കുമ്പാട് പറഞ്ഞു.

election

പാറശാല : പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ മരിച്ചു 7 വർഷം വരെ കഴിഞ്ഞ നാനൂറോളം ആളുകളുടെ പേര് വോട്ടർ പട്ടികയിൽ. പാറശാല പഞ്ചായത്തിലെ അയിങ്കാമം വാർഡിൽ പെട്ട ബൂത്ത് നമ്പർ 152ൽ മാത്രം മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞ എൺപതോളം പേർ പട്ടികയിൽ ഉണ്ടെന്നാണ് കണക്കുകൾ. അതേസമയം പട്ടികയിൽ പേരുള്ള മരിച്ചവരുടെ ഭൂരിഭാഗം വോട്ടുകളും വ്യാജൻമാരെ ഉപയോഗിച്ച് പാർട്ടിക്കാർ നടത്താറുണ്ടെന്നാണ് സൂചന. വാർഡിൽ നിന്ന് താമസം മാറിപ്പോയവരും തമിഴ്നാട്ടിൽ സ്ഥിര താമസമാക്കിയ അറുപതിലധികം വോട്ടുകൾ ബൂത്തിൽ ഉണ്ട്.

തീരദേശത്ത് നിന്ന് താമസം മാറിയ ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാത്തതാണു ഇരട്ടിക്കാൻ കാരണം. പട്ടികയിൽ നിന്ന് കുറവ് ചെയ്യണം എന്ന് വോട്ടർമാർ ആവശ്യപ്പെട്ടാലും വോട്ട് നഷ്ടമാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കൾ താൽപര്യം കാട്ടാറില്ല. അയിങ്കാമം വാർഡിലെ ബൂത്ത് നമ്പർ 152ൽ ക്രമ നമ്പർ 241ലെ വോട്ടറായ ജ്ഞാനമ്മ മരിച്ചിട്ട് അഞ്ച് വർഷവും, 187ലെ ശിവദാസ് മരിച്ചിട്ട് ഏഴ് വർഷവും കഴിഞ്ഞു.

വീട് വിൽപന നടത്തിയ ശേഷം 35 വർഷമായി തമിഴ്നാട്ടിൽ താമസിക്കുന്ന സരസ്വതിക്ക് ഇപ്പോഴും വാർഡിൽ വോട്ടുണ്ട്. നെയ്യാറ്റിൻകര മണ്ഡലത്തിലെ കുളത്തൂർ പഞ്ചായത്തിൽ പെട്ട തീരദേശത്തെ പെ‍ാഴിയൂർ, തെക്കേകെ‍ാല്ലങ്കോട്, പരുത്തിയൂർ അടക്കം ആറ് വാർഡുകളിലെ ഇരുന്നൂറിൽ കൂടുതൽ പേർക്ക് സമീപ വാർഡുകളിലും വോട്ടുണ്ട്.

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമം നിയസഭാ മണ്ഡലത്തിലെ പ്രചാരണം റദ്ദാക്കി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്കഗാന്ധിയുടെ സ്വയം നിരീക്ഷണത്തില്‍ പോയി. പ്രിയങ്കയ്ക്ക് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാലും മൂന്നോ നാലോ ദിവസം നിരീക്ഷണത്തില്‍ തുടരനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് നേമം മണ്ഡലത്തില്‍ നിശ്ചയിച്ച റോഡ് ഷോയില്‍ പങ്കെടുക്കാനായില്ല.തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ കാണാനെത്തിയപ്പോള്‍ റോഡ് ഷോയ്ക്കായി നേമത്ത് വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിച്ചു. സന്ദര്‍ശിക്കാനെത്തിയ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിനോടും താന്‍ പ്രചാരണത്തിനെത്തുമെന്ന് പ്രിയങ്ക അറിയിച്ചതാണ്. എന്നാല്‍, കോവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രചാരണം റദ്ദാക്കുകയായിരുന്നു.

തിരുവനന്തപുരം : ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് ഇ ശ്രീധരനെന്നും വിജയാശംസകള്‍ നേരുന്നുവെന്നും മോഹന്‍ലാല്‍. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.

കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയ ധീക്ഷണശാലി. ഡല്‍ഹിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്ര ശില്‍പി. മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സരത്തില്‍ നിന്നും പിന്‍മാറി. പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ത്ഥ താൽപര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നേതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് അനന്യ ആരോപിക്കുന്നത്.വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്.തനിക്ക് ആരും ഇനി വോട്ടു ചെയ്യരുതെന്നും അനന്യ കുമാരി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

വേങ്ങരയടക്കം പത്ത് മണ്ഡലങ്ങളിലാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പിന്‍മാറ്റം പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനന്യകുമാരിയുടെ പേരുണ്ടാകും.ഇനിയും ജനങ്ങളെ പറ്റിക്കാന്‍ താല്‍പര്യമില്ല. ഇവരുടെ കള്ളക്കളികള്‍ക്ക് കൂട്ട് നില്‍ക്കാനാകില്ലെന്നും അനന്യ കുമാരി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ഇടം കിട്ടാനായാണ് താന്‍ മത്സരിക്കാനിറങ്ങിയത്. ഡിഎസ്‌ജെപി നേതാക്കളുടെ ഉദ്ദേശം അറിയില്ലായിരുന്നു.