ഉഷ്ണതരംഗം, കര്‍ശന ജാഗ്രത പുലര്‍ത്തണം; മഴക്കാല മുന്നൊരുക്കത്തിന് സജ്ജമാകാനും നിര്‍ദേശം

എറണാകുളം: എറണാകുളം ജില്ലയിൽ അതികഠിന ചൂട് സാഹചര്യത്തിൽ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സ്‌കൂളുകളിൽ മെയ് 10 വരെ അവധിക്കാല ക്യാംപുകളോ ക്ലാസുകളോ നടത്തരുത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതായാലും ക്രിക്കറ്റ് ടൂർണമെന്റ് പോലുള്ള ഔട്ട്ഡോർ ഇവന്റുകൾ നടത്തരുതെന്നും കളക്ടർ നിർദേശിച്ചു. ഇതുസംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കളക്ടർ നിർദേശം നൽകി. തൊഴിലാളികളുടെ തൊഴിൽ സമയം പുനക്രമീകരിച്ചത് പാലിക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിൽ തണ്ണീർ പന്തൽ ഒരുക്കണം. തണ്ണീർ പന്തൽ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ആവശ്യമായ ഫയർ ടെൻഡറുകൾ സജ്ജമാക്കണം. ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തീപിടിത്തം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഫയർ ആന്റ് റസ്‌ക്യൂവുമായി ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തണം. പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമർപ്പിക്കാനും കളക്ടർ നിർദേശിച്ചു. പ്രധാന മാർക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കണം.

സൂര്യാഘാതവുമായി ബന്ധപ്പെട്ട് 162 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയിച്ചു. ഉഷ്ണതരംഗം പ്രതിരോധിക്കാൻ വാർഡ്തല ജനകീയ സമിതികൾ ഊർജിതമായി ബോധവത്കരണം നടത്തണം. മൃഗശാലകൾ, ഫാമുകൾ എന്നിവയിൽ മൃഗങ്ങൾക്ക് ശരീരം തണുപ്പിക്കാൻ ആവശ്യമായ സജ്ജീകരണം ഒരുക്കണം. ചൂടിനെ തുടർന്ന് നാൽപ്പത് വളർത്തുമൃഗങ്ങൾ ചത്തതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇവയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. കേന്ദ്ര കലാവസ്ഥാ വകുപ്പ് ലഭ്യമാക്കിയിട്ടുള്ള ദീർഘകാല പ്രവചനം അനുസരിച്ച് 2024 മൺസൂൺ മഴ രാജ്യത്താകമാനം സാധാരണയിൽ കൂടുതൽ (106% + 5%) ആവാനുള്ള സാധ്യതയാണുള്ളത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ ഏജൻസികളുടെ കൂട്ടായ്മയായ സൗത്ത് ഏഷ്യൻ സീസണൽ ക്ലൈമറ്റ് ഔട്ട്ലുക്ക് ഫോറം കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ (Above Normal) കാലവർഷ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കളക്ടർ നിർദേശിച്ചു.

മഴക്കാലത്ത് കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കണം. തോട്ടം മേഖലയിലുൾപ്പടെ വെള്ളക്കെട്ട് ഒഴിവാക്കാനും പകർച്ചവ്യാധികൾ തടയുന്നതിനും നടപടി സ്വീകരിക്കണം. ഓടകൾ, കനാലുകൾ, തോടുകൾ എന്നിവ സമയബന്ധിതമായി ശുചിയാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. ആക്രി കച്ചവടം നടത്തുന്ന സ്ഥലങ്ങളിൽ ആക്രി സാധനങ്ങൾ ഷീറ്റ് ഉപയോഗിച്ച് മൂടാൻ നിർദേശിക്കണം. ഇത്തരം സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരും. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കണം.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പണികൾ വേഗത്തിൽ പൂർത്തീകരിക്കണം. മാലിന്യ നിർമാർജനം വേഗത്തിൽ നടത്തുകയും മഴയ്ക്ക് മുൻപായി പൊതു ഇടങ്ങളിൽ മാലിന്യം കെട്ടികിടക്കുന്നില്ല എന്നത് ഉറപ്പ് വരുത്തുകയും ചെയ്യണം.

മഴക്കാലത്ത് ദുരിതാശ്വാസ ക്യാപുകളായി പ്രവർത്തിക്കേണ്ട സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണം. തദ്ദേശ തലത്തിൽ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ൻ ബെൽറ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകൾ, വള്ളങ്ങൾ, ഇലക്ട്രിക് മരം മുറി യന്ത്രങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, ഉടമയുടെ പേരും, മൊബൈൽ നമ്പരും സഹിതം വിവരശേഖരണം നടത്തണം. ജൂൺ ഒന്നു മുതൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്നും കളക്ടർ നിർദേശിച്ചു.

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസർ അവതരിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും മണ്ണിൽ പണിയെടുക്കുന്നവരും ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കണം. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയാൻ കർശന നടപടികൾ വേണം. കൊതുക് സാന്ദ്രതയിലെ വർധന, കാലാവസ്ഥയിലെ മാറ്റം, അതിഥി തൊഴിലാളി ക്യാംപുകളിലെ മലിനീകരണം, വളർത്തുമൃഗങ്ങൾ വഴിയുള്ള രോഗപ്പകർച്ച തുടങ്ങിയവയാണ് പകർച്ചവ്യാധിയുടെ മുഖ്യകാരണങ്ങൾ. മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഓൺലൈനായും പങ്കെടുത്തു.