Politics (Page 433)

തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സംഘപരിവാർ ഉയർത്തിയത് കേരളത്തിൽ കേൾക്കരുതാത്ത മുദ്രവാക്യമാണെന്നും അത് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തലശ്ശേരിയിൽ ഒരു പ്രകടനം ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നു. നമ്മുടെ കേരളത്തിൽ നമുക്ക് കേൾക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങളാണ് വിളിച്ചത്. എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരമൊരു ചിന്ത ആളുകളുടെ മനസിലേക്ക് കടത്തിവിടുകയാണ്. നമ്മൾ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തെ ആകെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരുന്ന കാലമാണിത്. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന നാടാണ് എന്നതാണ്. ആർഎസ്എസ് പൂർണമായും വർഗീയതയിൽ അഭിരമിക്കുന്നവരാണ്. വർഗീയയിലൂടെ വളരാൻ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വർഗീയ സംഘർഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവർക്ക് ഇന്ത്യയിൽ പലയിടത്തും അവരുടെ അജണ്ട അവർ ഉദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാനായി. അതിന് കാരണം സമൂഹത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ അവർ ഉദ്ദേശിക്കുന്നത് നടപ്പാൻ സാധിക്കാത്തതും മറ്റിടങ്ങളിൽ അതിന് കഴിയുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ശക്തമായി ഇല്ലാത്ത സംസ്ഥാനങ്ങളിൽ അതിവേഗതയിൽ ബിജെപിക്ക് വളരാൻ സാധിക്കും. എന്നാൽ ഒരു ഇടതുപക്ഷധാര കേരളത്തിൽ ഉയർന്നുനിൽക്കുന്നുണ്ട്. കോൺഗ്രസിനെയാണ് അവർക്ക് അവിടെ തുണയാകുന്നത്. കോൺഗ്രസ് അധികാരത്തിനായി വർഗീയതയോട് സമരസപ്പെടുന്നതാണ് കാണുന്നത്. സംഘപരിവാർ നേതാക്കൾ ഉന്നയിക്കുന്ന അതേ വാദഗതികൾ തന്നെയാണ് കോൺഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോൺഗ്രസിന്റെ നിലപാട് ബിജെപിക്ക് വളക്കൂറുണ്ടാക്കിയെന്ന് അദ്ദേഹം വിമർശിച്ചു.

കോഴിക്കോട്: ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ചയെ തടയാൻ കഴിയില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ട്. ഇക്കാര്യം നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വി മുരളീധരൻ സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികൾക്ക് സിപിഎമ്മുമായാണ് ബന്ധമുള്ളത്. പ്രതികളിൽ ഒരാളെ യുവമോർച്ച നേരത്തെ പുറത്താക്കിയതാണ്. പോാലീസിനെ കൊണ്ട് സിപിഎം റിമാൻഡ് റിപ്പോർട്ട് തിരുത്തിയെഴുതിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കുതീർക്കാൻ വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശം. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവല്ല: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പെരിങ്ങരയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടിയേരി ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്. ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചാരണം നടത്തുകയെന്നതാണ് ബിജെപിയുടെ പതിവ് രീതി. ആർഎസ്എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല. സന്ദീപിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സന്ദീപിന്റെ കുടുംബത്തിന് സംരക്ഷണം നൽകുമെന്ന് കോടിയേരി ഉറപ്പു നൽകി. സന്ദീപിന്റെ കുടുംബം അനാഥമാകില്ല. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപിന്റെ വീട്ടിൽ കോടിയേരി ഇന്ന് സന്ദർശനം നടത്തിയിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ പേയ്മെന്റുകള്‍ എടിഎം പണം പിന്‍വലിക്കലുകളേക്കാള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫിന്‍ടെക്കിന്റെ നേതൃത്വ ഫോറമായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ദശാബ്ദത്തിനുള്ളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ രാജ്യത്ത് സാധാരണമായേക്കും. ഡിജിറ്റല്‍ ഇന്ത്യക്ക് കീഴിലുള്ള പരിവര്‍ത്തന സംരംഭങ്ങള്‍ പ്രയോഗിക്കാന്‍ പുത്തന്‍ ഫിന്‍ടെക് പരിഹാരങ്ങള്‍ക്കായി വാതിലുകള്‍ തുറന്നിരിക്കുന്നു. ഈ ഫിന്‍ടെക് സംരംഭങ്ങളെ ഒരു വിപ്ലവമാക്കി മാറ്റാനുള്ള സമയമിതാണ്. ഇന്ത്യയിലെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം നേടിയെടുക്കാന്‍ സഹായിക്കുന്ന വിപ്ലവമാണ് ഇത്. 2014ല്‍ ബാങ്ക് അക്കൗണ്ടുകള്‍ 50 ശതമാനത്തില്‍ താഴെയായിരുന്നത് കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 430 ദശലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളോടെ അത് സാര്‍വത്രികമാക്കിയെന്ന് മോദി ചൂണ്ടിക്കാട്ടി.

ധനം ഒരു സമ്പദ്വ്യവസ്ഥയുടെ ജീവരക്തമാണെന്നും സാങ്കേതികവിദ്യ അതിന്റെ വാഹകമാണെന്നും അന്ത്യോദയയും സര്‍വോദയയും കൈവരിക്കുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഇടപാടുകള്‍ നടത്തിയ 690 ദശലക്ഷം റുപേ കാര്‍ഡുകള്‍ പോലുള്ള സംരംഭങ്ങളും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗിഫ്റ്റ് സിറ്റി കേവലം ഒരു പരിസരമല്ലെന്നും അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ നിർണായക നീക്കങ്ങളുമായി സമാജ് വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന ബദൽ രാഷ്ട്രീയ മുന്നണിയിൽ ചേരാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. ബംഗാളിലേത് പോലെ യുപിയിൽ നിന്നും ബിജെപിയെ തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജനങ്ങൾ കോൺഗ്രസിനെ തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – എസ്പി സഖ്യം ഒരുമിച്ചാണ് ബിജെപിയെ നേരിട്ടത്. എന്നാൽ ഇത് നല്ല അനുഭവമായിരുന്നില്ലെന്നും ഉത്തർപ്രദേശ് കോൺഗ്രസിനെ തള്ളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയെയും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്സ്പ്രസ് വേയുടെ പേരിലായിരുന്നു വിമർശനം. തന്റെ പാർട്ടി ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുകയാണ്. സമാജ് വാദി പാർട്ടിക്ക് 22 മാസത്തിനുള്ളിൽ എക്സ്പ്രസ് വേ നിർമ്മിക്കാൻ കഴിയുമെങ്കിൽ, അതേ ജോലി ചെയ്യാൻ ബിജെപി 4.5 വർഷം എടുത്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവല്ല: സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തി നാട്ടിൽ കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവല്ലയിലെ വനിതാ നേതാവ് സിപിഎം പ്രാദേശിക നേതാവിനെതിരെ ഉയർത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംതിട്ട ജില്ലയിലുള്ള സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളും അന്വേഷിക്കണം. തിരുവല്ലയിലെ കൊലപാതകത്തിൽ ബിജെപിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണ്. എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് ബിജെപി പ്രവർത്തകർ സംഘം ചേർന്നു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തി എന്ന എഫ്‌ഐആർ നൽകിയത്. സിപിഎം പറയുന്നത് പോലെയാണ് പൊലീസ് പ്രവർത്തിക്കുന്നതെങ്കിൽ അത് അനുവദിച്ചു തരാൻ ബിജെപി ഒരുക്കമല്ല. രാജ്യത്ത് പൊലീസിനും മുകളിൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയും ഉണ്ട്. സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവർത്തിക്കുന്നതിന് കേരള ഡിജിപി ഉത്തരവാദിത്വപ്പെട്ടവർക്ക് മുമ്പിൽ മറുപടി നൽകേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.

സന്ദീപ് വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ബിജെപിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണ് എന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വോളന്റിയർ യൂണിഫോമിൽ സിപിഎം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ ബിജെപിയാണോയെന്നും അദ്ദേഹം ചോദിച്ചു. സജീവ സിപിഎം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി ബിജെപി പ്രവർത്തകനാണോ? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ ബിജെപിയാണോ? ഇവരെല്ലാം സിപിഎം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബിജെപിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും. എകെജി സെന്ററിൽ നിന്നും എഴുതിയ ഭോഷ്‌ക്ക് എഫ്‌ഐആർ ആണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും, ദുഃഖകരവുമാണെന്ന് കെ കെ രമ. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവൻ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടിയാണെന്ന് കെ കെ രമ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ കെ രമയുടെ പ്രതികരണം.

സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്. കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിന്റെ മുന്നിലേക്കാണ് നരാധമൻമാർ വീണ്ടും വീണ്ടും വാളെടുക്കുന്നതെന്ന് രമ വിമർശിച്ചു.

കൊലപാതകികളെ സംരക്ഷിക്കുകയും, അവർ മഹാന്മാരാണെന്ന ബോധം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാൽ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങൾ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തിൽ ആ കുടുംബത്തിനും,സുഹൃത്തുക്കൾക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കെ കെ രമ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തെ ദുർബലപ്പെടുത്തുന്നത് കേരള സർക്കാരാണ്. ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് ഒപ്പമാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നാണ് തങ്ങളുടെ നിലപാട്. എന്നാൽ വിഷയത്തിൽ അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്ക് അനുമതി നൽകിയത് തമിഴ്‌നാടിന് സഹായകരമായ നിലപാടാണ്. മന്ത്രിമാരെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും ഓഫീസും ഈ തീരുമാനം എടുത്തത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു.

വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നത്. സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ല. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്‌നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അണക്കെട്ട് തകർന്നാൽ അഞ്ചു ജില്ലകളിലുള്ള ആളുകൾ അറബി കടലിൽ ഒഴുകി നടക്കും എന്നാണ് 10 വർഷങ്ങൾക്ക് മുൻപ് വി എസ് അച്യുതാനന്ദൻ പറഞ്ഞത്. അന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഒരറ്റത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് ഒരു ചോദ്യം 10 വർഷം കഴിഞ്ഞപ്പോൾ ഈ ഡാം ശക്തിപ്പെട്ടോവെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസർക്കാർ കള്ളം പറയുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ കൈവശമില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.

പഞ്ചാബിൽ മരണപ്പെട്ട 400 ലേറെ കർഷകരെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. സമരഭൂമിയിൽ ജീവൻ വെടിഞ്ഞതിന് പഞ്ചാബ് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയ കർഷകരുടെ വിവരങ്ങളാണ് അദ്ദേഹം പുറത്തു വിട്ടത്. മറ്റു സംസ്ഥാനങ്ങളിൽ മരണപ്പെട്ട 200 ലേറെ കർഷകരുടെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സമരഭൂമിയിൽ ജീവൻ നഷ്ടമായ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറല്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ തങ്ങളുടെ കൈവശമില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ വിവരങ്ങൾ ലഭ്യമായിട്ടും അവ കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നതാണ് സമരണപ്പെട്ട കർഷകരുടെ കുടുംബങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമം കൊണ്ടുവന്നതിലെ തെറ്റ് ഏറ്റുപറഞ്ഞ് പ്രധാനമന്ത്രി തന്നെ നേരത്തെ പരസ്യമായി ജനങ്ങളോട് മാപ്പുപറഞ്ഞതാണ്. മരണപ്പെട്ട കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പിന്നെ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.