Business

ന്യൂഡൽഹി: ബിസിനസ് രംഗവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചാണ് ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പറയുന്നത്. സ്‌ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഹിൻഡൻബർഗ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.

ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് ഹിൻഡൻബർഗ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ഹിൻഡൻബർഗി റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസ് ഓഹരിവിപണിയിൽ വലിയ ഇടിവാണ് നേരിട്ടത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്. അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മുംബൈ: ഹ്രസ്വകാല അഡീഷണൽ സർവലൈൻസ് മെഷറിൽ (എഎസ്എം) നിന്ന് അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിനെ ഒഴിവാക്കി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കിയത്. മാർച്ച് 8 ബുധനാഴ്ച മുതൽ അദാനി എന്റർപ്രൈസ്, ഈ ഫ്രെയിം വർക്കിൽ നിന്ന് ഒഴിവാകും. ശക്തമായ വില്പനസമ്മർദ്ദം നേരിട്ടതിനെ തുടർന്നാണ് ഒരു മാസം മുൻപ് മൂന്ന് അദാനി ഓഹരികളെ എഎസ്എമ്മിൽ ഉൾപ്പെടുത്തിയിരുന്നത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഓഹരികൾ നേരിട്ടത് വലിയ വില്പന സമ്മർദ്ദമായിരുന്നു. ലിസ്റ്റ് ചെയ്ത എല്ലാ അദാനി ഓഹരികൾക്കും കൂടി 50% ൽ അധികം വിപണി മൂല്യം നഷ്ടമായി. പിന്നീട് ഫെബ്രുവരി 3ന്, അദാനി എന്റർപ്രൈസസ്, അംബുജ സിമന്റ്‌സ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ എന്നീ ഓഹരികളെ സർവൈലൻസ് ഫ്രെയിംവർക്കിൽ ഉൾപ്പെടുത്തി. അംബുജ സിമന്റ്‌സ്, അദാനി പോർട്‌സ് എന്നിവയെ ഫെബ്രുവരിയിൽ തന്നെ ഈ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ അദാനി എന്റർപ്രൈസസ് ഈ ഫ്രെയിംവർക്കിൽ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച അദാനി എന്റർപ്രൈസസിന്റെ ഓഹരിവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 66 ശതമാനം കഴിഞ്ഞ 5 വ്യാപാര സെഷനുകളിലായി അദാനി എന്റർപ്രൈസസ് ഉയർന്നിരുന്നു. തുടർന്നാണ് സർവൈലൻസ് ഫ്രെയിംവർക്കിൽ നിന്ന് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കുന്നത്.

ഓഹരികളുടെ അസ്വാഭാവികമായ മൂവ്‌മെന്റിൽ നിന്നും റീടെയിൽ നിക്ഷേപകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് എഎസ്എം ഫ്രെയിംവർക്ക് നിലവിൽ വന്നത്. വിലയിൽ ഉണ്ടാവുന്ന അസ്വാഭാവികമായ വ്യതിയാനം, വോളിയത്തിലുണ്ടാവുന്ന വലിയ വ്യത്യാസങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കമ്പനികൾ എഎസ്എം ഫ്രെയിം വർക്കിൽ ഉൾപ്പെടാം. ഒരു ഓഹരി എഎസ്എമ്മിൽ ഉൾപ്പെട്ടാൽ, അത് നിക്ഷേപകർക്കുള്ള ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഓഹരിയിൽ അസ്വാഭാവികമായ ചലനങ്ങൾ ഉണ്ടാവുന്നു എന്നതിന്റെയും അനാവശ്യമായ ഊഹക്കച്ചവടങ്ങൾ ഒഴിവാക്കാൻ ചില നിയന്ത്രണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണിത്.

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കയിൽ ബൈഡൻ ഭരണകൂടം നടപടിയെടുക്കാൻ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. ഇതിനെ തുടർന്ന് ഇന്ത്യയിലും ഇന്ധനവില കുറയാൻ സാദ്ധ്യതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ ആറുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് ആറു ഡോളറിലേറെ കുറവുണ്ടായി. 108 ഡോളറിലാണ് ക്രൂഡ് വില എത്തി നിൽക്കുന്നത്. 123 ഡോളറായിരുന്നു ജൂൺ എട്ടിന് ഒരു ബാരൽ എണ്ണയുടെ വില. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നും ലഭിക്കുന്ന ലാഭത്തില്‍ നിന്നും മാത്രമാണ് സര്‍ക്കാര്‍ നികുതി ഈടാക്കുകയെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് നിയമവിധേയമാക്കാനോ നിരോധിക്കാനോ നിലവില്‍ ഉദ്ദേശിക്കുന്നില്ല. നിരോധിക്കണോ വേണ്ടയോ എന്നത് പിന്നീട് ആലോചനകള്‍ നടത്തിയതിന് ശേഷം തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

‘ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍- 2021’ നേരത്തെ ശീതകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അത് നടപ്പായിരുന്നില്ല. വിഷയം പരിഗണനയില്‍ ഇരിക്കവെയാണ് ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ബജറ്റില്‍ അവതരിപ്പിച്ചത്. അതേസമയം, ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കുന്ന പട്ടികയില്‍ ബില്ലിനെ പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിയമ വിധേയമാക്കുന്ന വിഷയത്തില്‍ ആര്‍ബിഐക്ക് കടുത്ത എതിര്‍പ്പുകളാണുള്ളത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ആര്‍ബിഐ നേരത്തെ നല്‍കിയിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, സ്വകാര്യ ക്രിപ്റ്റോ ആസ്തികള്‍ 30 ശതമാനം ഫ്‌ലാറ്റ് നിരക്കില്‍ വില്‍ക്കുന്നതിന്റെ ലാഭത്തിന് നികുതി ചുമത്തുകയായിരുന്നു. എന്നാല്‍, ഈ ആസ്തികളുടെ വില്‍പനയില്‍ നിന്നുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തില്‍ നിന്ന് നികത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു.

ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം സ്ഥാനത്താണ് സക്കര്‍ബെര്‍ഗ്. ടെസ്ല, സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഫ്രഞ്ച് വ്യവസായി ബെര്‍നാള്‍ഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

നീണ്ട ഏഴു മണിക്കൂര്‍ നേരത്തെ സേവന തടസത്തിനുശേഷമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ക്ഷമ അറിയിച്ചു

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും സേവനം താത്ക്കാലികമായി പണിമുടക്കിയത്. വാട്ട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലായത്.

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഉയര്‍ന്ന തുക നല്‍കി ടാറ്റ ഏറ്റെടുക്കും. ടെന്‍ഡറില്‍ കൂടുതല്‍ തുക ഉയര്‍ത്തിയിരിക്കുന്നത് ടാറ്റയാണെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്.

എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയിരുന്നു. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്‌സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറി.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും. 1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. 2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും, വിസ്താരയും.

2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്നു മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. കൈമാറ്റം സംബന്ധിച്ച് അമിത് ഷാ അധ്യക്ഷനായ സമിതി തീരുമാനമെടുക്കും.

ചൈനീസ് കമ്പനികളുടെ ഫോണുകള്‍ ഉപേക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വേനിയയിലെ സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ ഷവോമി ഫോണുകള്‍ക്കെതിരെ ജര്‍മനിയും രംഗത്ത്.

ജര്‍മനിയുടെ സൈബര്‍ സുരക്ഷാ വിഭാഗമായ ബി.എസ്.ഐയും ഷവോമി ഫോണുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലിത്വാനിയയിലെ സംഭവങ്ങള്‍ കാരണമാണ് ജര്‍മനിയും ചൈനീസ് കമ്പനിയുടെ ഫോണുകള്‍ വിശദമായി പരിശോധിക്കാനുള്ള നീക്കവുമായി എത്തിയത്. ജര്‍മനിയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇതു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

എന്നാല്‍, ലിത്വാനിയയുടെ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി തങ്ങളുടെ ഫോണുകള്‍ പുറമേ നിന്നുള്ള വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാനുള്ള നീക്കത്തിലാണ് ഷവോമി.

യൂറോപ്പിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരായി ഷവോമി മാറിയിരുന്നു. ആഗോളതലത്തില്‍ സാംസങ്ങിനെയും ഷവോമിക്ക് മറികടക്കാനായിരുന്നു. എന്നാല്‍, ജര്‍മനിയുടെ നടപടിയില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോഴിക്കോട്: സ്വര്‍ണ നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ചരക്കുസേവന നികുതി വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്ത് വന്‍ തോതില്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടു പുറത്തു വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വെട്ടിപ്പ് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇതോടെയാണു സ്വര്‍ണത്തിലെ നികുതിവെട്ടിപ്പു തടയാന്‍ ഇന്റലിജന്‍സ് വിഭാഗം വീണ്ടും സജീവമായത്.

നികുതി വെട്ടിക്കുന്നവരെ കണ്ടെത്താന്‍ ശാസ്ത്രീയ വഴി തേടുകയാണ് ഇന്റലിജന്‍സ് വിഭാഗം. അനലിറ്റിക്‌സ് പോര്‍ട്ടലിന്റെ സഹായത്തോടെ ഡാറ്റ അനാലിസിസ് നടത്തി സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയാണു ചെയ്യുന്നത്. ജിഎസ്ടി റിട്ടേണ്‍, ഹാള്‍മാര്‍ക്കിങ് സ്ഥാപനങ്ങള്‍, കടകളിലേക്കു സ്വര്‍ണം എത്തിക്കുന്ന സപ്ലൈ ചെയിന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ശേഖരിക്കുന്ന വിവരങ്ങള്‍ അനാലിസിസ് നടത്തി ഓരോ സ്ഥാപനത്തിനും ഏകദേശം എത്ര വിറ്റുവരവുണ്ടെന്നു നിജപ്പെടുത്തുന്നുണ്ട്.

നിശ്ചയിച്ച ബെഞ്ച് മാര്‍ക്കിനേക്കാള്‍ ഏറെ കുറഞ്ഞ രീതിയില്‍ വ്യാപാരം കാണിക്കുന്ന കടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കാണ് ഇന്റലിജന്‍സ് വിഭാഗം തയാറെടുക്കുന്നത്. ഡാറ്റാ അനാലിസിസ് വഴി ലഭിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡിലേക്കു കൈമാറി മിന്നല്‍ പരിശോധനകള്‍ നടത്തും.

മാത്രമല്ല, സംശയാസ്പദമായ സ്വര്‍ണ്ണക്കടകള്‍ക്കു മുന്‍പിലും ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കു മുന്‍പിലും രഹസ്യ നിരീക്ഷണത്തിന് ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും പരിശോധനകള്‍ കര്‍ശനമാക്കുകയാണ്.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് നൂറ്റമ്പതോളം കേസാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 കോടിയോളം രൂപ പിഴയായും ഈടാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: രണ്ടാഴ്ചക്കുള്ളില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഒക്‌ടോബര്‍ 14 മുതല്‍ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനായിരിക്കും. നിലവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരില്‍ പകുതിയോളം പേര് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കീഴിലുള്ള മറ്റു വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറ്റും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച കരാറില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിററി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു. കരാര്‍ പ്രകാരം ആറ് മാസത്തിനകം വിമാനത്താവളം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമ നടപടിയും കോവിഡ് വ്യാപനവുമാണ് ഏറ്റെടുക്കല്‍ വൈകാന്‍ കാരണമായത്.

സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഇവരെ മൂന്ന് വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പ് ഡപ്യൂട്ടേഷനില്‍ ഏറ്റെടുക്കും. 60 ശതമാനം ജീവനക്കാരെ മാത്രം നിലനിര്‍ത്തും. ബാക്കിയുള്ള ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും.

അതേസമയം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്.

ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ പുറത്താക്കി. ആമസോണിന്റെ വെബ്സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാന്‍ഡുകളെ നിരോധിച്ചതായി ദി വേര്‍ജ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ബോധപൂര്‍വ്വവും ആവര്‍ത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാന്‍ഡുകളെ പുറത്താക്കിയതെന്ന് ആമസോണ്‍ അറിയിച്ചു. വ്യാജ റിവ്യൂകള്‍ നല്‍കി കംപ്യൂട്ടര്‍ ആക്സസറികള്‍ അടക്കം പല ഉപകരണങ്ങളും വിജയകരമായി വിറ്റുവന്ന ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്.

വ്യാജ റിവ്യൂകള്‍ വഴി കമ്പനികള്‍ ഉപഭോക്താക്കളെ കബളിപ്പിച്ചതിനെ തുടര്‍ന്നു പല കമ്പനികളെയും ആമസോണ്‍ ഒഴിവാക്കിയിട്ടുണ്ട്.