പെരിയ അറസ്റ്റ്: സുപ്രീംകോടതി വരെയെത്തിയ സിപിഎമ്മിന്റെ പ്രതിരോധ ശ്രമം പാളിയെന്ന് കോണ്‍ഗ്രസ്

കാസര്‍ഗോഡ്: പെരിയ കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാന ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൂടുതലായി ഒന്നും കണ്ടെത്താനില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎമ്മിന്റെ അഞ്ച് പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തത്.

കേസില്‍ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകരെ എത്തിക്കുന്നതിനായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയത് ഒരു കോടിയോളം രൂപയാണ്. പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസായതിനാലാണ് സിപിഎമ്മും സര്‍ക്കാരും സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.ഇത് ഇപ്പോള്‍ വ്യക്തമായെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങള്‍ നല്‍കിയ അപേക്ഷ അവഗണിച്ചതിനു പുറമേ, കോടതിയില്‍ അവര്‍ നല്‍കിയ ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകരെ എത്തിക്കാന്‍ ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയതും. കൊലപാതകത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നതെന്നാണ് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.