Highlights

തിരുവനന്തപുരം: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും. നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

0-5 വയസ്സിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ : സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442. സംശയങ്ങൾക്ക് : uidhelpdesk@kerala.gov.in എന്ന മെയിൽ ഐ.ഡി യിലേക്ക് മെയിൽ അയക്കുകയും ചെയ്യാം.

ആലപ്പുഴ: പേവിഷബാധ അതീവ മാരക രോഗമായതിനാൽ അതിനെതിരെ പ്രതിരോധവും ജാഗ്രതയും പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായ പേവിഷബാധയുടെ പ്രധാന രോഗവാഹികൾ നായകളാണ്. തെരുവുനായകളിൽ നിന്നു മാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷബാധയുണ്ടാകാം. പൂച്ച, കുറുക്കൻ, അണ്ണാൻ, വവ്വാൽ തുടങ്ങിയവയും രോഗവാഹകരിൽ പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷുമ്നനാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു.

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന, തരിപ്പ് എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. അതിനു ശേഷം വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം പ്രത്യക്ഷമാകും. തൊണ്ടയിലെ പേശികൾക്കുണ്ടാകുന്ന അനിയന്ത്രിതമായ സങ്കോചം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ രണ്ട് മുതൽ മൂന്ന് മാസം വരെ എടുത്തേക്കാം. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് ഒരാഴ്ച മുതൽ ഒരു വർഷം വരെയാകാം

പ്രഥമ ശുശ്രൂഷ പ്രധാനം

സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിട്ട് നന്നായി കഴുകുക. പൈപ്പിൽ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളിൽ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാൽ 70 ശതമാനം അണുക്കളും ഇല്ലാതാകുന്നു. കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ പോലെയുള്ള മറ്റുപദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത്. കഴുകി വൃത്തിയാക്കിയ ശേഷം ബീറ്റാഡിൻ ലോഷൻ, അയഡിൻ സൊലൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം. മുറിവ് അമർത്തി കഴുകുകയോ കെട്ടി വയ്ക്കുകയോ ചെയ്യരുത്.

പ്രതിരോധം

രോഗവാഹകരായ വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് രോഗ പ്രതിരോധത്തിൽ പ്രധാനമാണ്. വളർത്തു മൃഗങ്ങൾക്ക് മൂന്ന് മാസം പ്രായമായാൽ ആദ്യ കുത്തിവെപ്പ് എടുക്കാം പിന്നീട് ഓരോ വർഷ ഇടവേളയിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ കടിയോ മാന്തലോ, പോറലോ ഏറ്റാൽ കുത്തിവെപ്പ് എടുക്കേണ്ടത് അനിവാര്യമാണ്.

പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി.) ആണ് നൽകുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവെപ്പ് എടുക്കേണ്ടത്. ഐ.ഡി.ആർ.വി. എല്ലാ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും . താലൂക്ക് , ജനറൽ, ജില്ലാ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവെപ്പ് നൽകാറുണ്ട്. കടിയേറ്റ് എത്രയും വേഗം അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഇമ്മ്യൂണോ ഗ്ളോബുലിൻ എടുക്കണം. ഇമ്മ്യൂണോ ഗ്ളോബുലിൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴയിലും, ജനറൽ ആശുപത്രി ആലപ്പുഴയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ലഭ്യമാണ്. യഥാസമയം കുത്തിവെപ്പ് എടുത്താൽ പേവിഷ ബാധ മൂലമുള്ള മരണം തടയാം. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായും എടുക്കണം. ആദ്യ മൂന്ന് ഡോസുകൾ സമ്പർക്കം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിയാൽ മാത്രമേ പൂർണ പ്രതിരോധശേഷി കൈവരികയുള്ളു.

പൂർണമായ വാക്സിൻ ഷെഡ്യൂൾ എടുത്ത ആളുകൾക്ക് വാക്സിൻ ഷെഡ്യൂൾ പൂർത്തിയായി മൂന്ന് മാസത്തിനുളളിലാണ് സമ്പർക്കം ഉണ്ടാകുന്നതെങ്കിൽ വാക്സിൻ വീണ്ടും എടുക്കേണ്ടതില്ല. മൂന്ന് മാസം കഴിഞ്ഞാണ് എങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുക്കണം. വാക്സിൻ ഷെഡ്യൂൾ പൂർത്തീകരിച്ചവർക്ക് പിന്നീട് ഇമ്മ്യൂണോ ഗ്ളോബുലിൻ എടുക്കേണ്ട ആവശ്യമില്ല. ഹൈറിസ്‌ക് വിഭാഗത്തിൽപെട്ടവർ അതായത് പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. ആദ്യ പ്രതിരോധ കുത്തിവെപ്പിന് ശേഷം ഏഴാം ദിവസവും ഇരുപത്തിയെട്ടാം ദിവസവും കുത്തിവെപ്പ് എടുക്കേണ്ടതാണ്.

എത്ര വിശ്വസ്തരായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി നിസാരമായി കാണരുത്. നായ്ക്കൾ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താൽ കടിക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങൾ ഭക്ഷണം കഴിക്കുക, കൂടിനുള്ളിൽ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുക എന്നീ സന്ദർഭങ്ങളിൽ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളിൽ നിന്നും സുരക്ഷിതമായഅകലം പാലിക്കുക. വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

പൂച്ചകളിൽ നിന്നും മറ്റും കുട്ടികൾക്ക് മാന്തൽ ഏൽക്കാറുണ്ട്. പൂച്ചകളിൽ നിന്നും മുഖത്തൊക്കെ മാന്തൽ ഏൽക്കുന്നത് വളരെ അപകടകരമാണ്. പൂച്ചയുടെ ഒരു പ്രത്യകത അത് വായിലെ ഉമിനീർ ഉപയോഗിച്ച് നക്കിയാണ് ദേഹം വൃത്തിയാക്കുന്നത് ‘ എന്നു മാത്രമല്ല അതിനാൽ അതിന്റെ കൈകളിലും മറ്റും വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടാവുകയും മാന്തലോ പോറലോ കടിക്കുകയോ വഴി രോഗ ബാധയുണ്ടാവുകയും ചെയ്യാം. ആയതിനാൽ കുട്ടികളെ ഇതിനെ കുറിച്ചു പറഞ്ഞു മനസ്സിലാക്കുകയും രക്ഷിതാക്കളോട് വിവരങ്ങൾ ഉടൻ പറയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. ഇക്കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണം. മൃഗങ്ങളെ പരിപാലിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതും മാന്തലോ പോറലോ മുറിവോ ഉണ്ടായാൽ ഉടൻ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതും, ഉടൻ തന്നെ ഡോക്ടറെ കണ്ട് കാറ്റഗറി നിർണ്ണയിച്ച ശേഷം കുത്തിവെയ്പ്പ് എടുക്കണം. കുത്തിവെപ്പ് എടുക്കുമ്പോൾ ലഭിക്കുന്ന രേഖകളോ വാക്സിൻ കാർഡോ സൂക്ഷിച്ചു വയ്ക്കണം.

വീട്ടിൽ വളർത്തുന്ന നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെ വാക്സിൻ നൽകിയിട്ടില്ലയെങ്കിൽ പൊതുജനാരോഗ്യനിയമം 2023 പ്രകാരം 2000 രൂപ വരെ പിഴ ഈടാക്കുന്ന കുറ്റകൃത്യമാണെന്ന്് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വീണ്ടും നേട്ടവുമായി ഇന്ത്യ. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം-IIവിന്റെ പരീക്ഷണ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു. ഒഡീഷ തീരത്ത് വച്ചാണ് മിസൈൽ പരീക്ഷണം യാഥാർത്ഥ്യമായത്. സുഖോയ്-30MK-I യുദ്ധവിമാനത്തിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയത്.

രുദ്രം-2 ന്റെ എല്ലാ പരീക്ഷണ വിക്ഷേപണങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. രുദ്രം ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ്. ശത്രുവിന്റെ റഡാർ കണ്ടെത്തി തകർക്കുമെന്നതാണ് രുദ്രത്തിന്റെ പ്രത്യേകത. ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നട്ടെല്ലായ Su-30MK-I മുഖേന നാല് വർഷം മുൻപ് രുദ്രം മിസൈലിന്റെ mark-1 പതിപ്പ് വികസിപ്പിക്കുകയും പരീക്ഷണ വിക്ഷേപണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് രുദ്രം-II. 100 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണിത്. റഷ്യയുടെ ആന്റി-റേഡിയേഷൻ മിസൈലായ Kh-31 ആണ് നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നത്. ഇനിമുതൽ രുദ്രം മിസൈലുകൾക്ക് Kh-31നുള്ള മികച്ച ബദലാകാൻ സാധിക്കും.

രുദ്രം IIന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യ ആത്മനിർഭരമാകാൻ സുപ്രധാന പങ്കുവഹിക്കുന്ന ഡിആർഡിഒയേയും ഇന്ത്യൻ വ്യോമസേനയേയും അദ്ദേഹം പ്രശംസിച്ചു.

ദുബായ്: ഇനി ദുബായിൽ നിന്ന് എയർ ടാക്സിയിൽ അബുദാബിയിലേക്ക് പറക്കാം. അതും വെറും 10 മിനിറ്റ് കൊണ്ട്. 2026 ലാണ് എയർ ടാക്സി സേവനം യുഎഇയിൽ ആരംഭിക്കുന്നത്. ഇതിന്റെ ടിക്കറ്റ് നിരക്കുകളെ കുറിച്ചുള്ള വിവരങ്ങൾ ആണ് അധികൃതർ പങ്കുവെച്ചിരിക്കുന്നത്. 800 ദിർഹം മുതൽ 1500 ദിർഹം വരെ ആയിരിക്കും ഇതിന്റെ ടിക്കറ്റ് നിരക്ക്.

എയർ ടാക്സി സേവന ദാതാക്കൾ ആയ ആർച്ചർ ഏവിയേഷനാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ഒന്നര വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാകും. ദൂരം അനുസരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുന്നത്.

ദുബായ്ക്കുള്ളിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിന് ഏകദേശം 300 മുതൽ 350 ദിർഹം വരെ ആയിരിക്കും നിരക്ക്. ദുബായിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ആണ് യാത്രയെങ്കിൽ നിരക്ക് 800 ദിർഹത്തിനും മുകളിൽ വരും. കാറുകളിൽ ഒന്നര മണിക്കൂർ എടുക്കുന്ന ദൂരം എയർ ടാക്സിയിൽ 10- 15 മിനിറ്റ് കൊണ്ട് പിന്നിടാൻ കഴിയും.

അടുത്ത വർഷത്തോടെ എയർ ടാക്സിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2026 ഓടെ സേവനം എല്ലാ പ്രധാന എമിറേറ്റുകളിലേക്കും ആരംഭിക്കും. സേവനത്തിന് ആവശ്യമായ എയർക്രാഫ്റ്റുകൾ അബുദാബിയിൽ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. 500 മുതൽ 3000 മീറ്റർ ഉയരത്തിൽ ആയിരിക്കും എയർ ടാക്സി പറക്കുന്നത്. ഒരു എയർ ടാക്സിയിൽ നാലുപേർക്ക് സഞ്ചരിക്കാൻ കഴിയും.

എയർ ടാക്സിയുടെ റൂട്ട് തീരുമാനിക്കുന്നത് വ്യോമയാന വകുപ്പിന്റെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും.

തിരുവനന്തപുരം: മെയ് 22 വരെ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാലിദ്വീപ്, കൊമോറിയൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മെയ് 19 മുതൽ 23 വരെ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്19 -22 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും, മെയ് 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതിശക്തമായ മഴയ്ക്കും, സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

അതേസമയം, മെയ് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ന്യൂഡൽഹി: ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് പുതിയ അതിവേഗ ഫെറി സർവ്വീസ് ആരംഭിക്കുന്നു. ഇതിന്റെ ട്രയൽ റൺ പൂർത്തിയാക്കി. 160 യാത്രക്കാരെ വഹിച്ചാണ് സർവ്വീസ് ട്രയൽ റൺ നടത്തിയത്. വെറും ഏഴ് മണിക്കൂറിനുള്ളിലാണ് ‘പരളി’ എന്ന് പേരിട്ടിരിക്കുന്ന ഈ അതിവേഗ ഫെറി ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെത്തിയത്.

നേരത്തെ ഇതേ പാതയിൽ യാത്ര പൂർത്തിയാക്കാൻ 13 മണിക്കൂർ വേണ്ടി വന്നിരുന്നു. എന്നാൽ പുതിയ ഫെറി വന്നതോടെ യാത്രാസമയം പകുതിയോളമായി ചുരുങ്ങിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഏതാനും ട്രയൽ റണ്ണുകൾക്ക് ശേഷം മംഗലാപുരം-ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സർവീസ് ആരംഭിക്കാനാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലന്റ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ നീക്കം.

ലക്ഷദ്വീപിൽ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ഹെൽത്ത് ടൂറിസം എന്നിവ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ ഫെറി സർവീസ്.

തിരുവനന്തപുരം: കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാൽ താൽക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ചു ചേർത്ത കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

സംസ്ഥാനത്ത് നീണ്ടുനിൽക്കുന്ന ഉഷ്ണ തരംഗത്തെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവും, അതിനെ തുടർന്നുണ്ടായിരിക്കുന്ന പ്രതിസന്ധികളും, പരിഹാരമാർഗ്ഗകളും വൈദ്യുതി വകുപ്പ് മന്ത്രി ഇന്നലെ കെഎസ്ഇബിയിലെ വിവിധ ഓഫീസർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുകയും അടിയന്തരമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉദ്യോഗസ്ഥലത്തിൽ നിർദ്ദേശങ്ങൾ നൽകുകയും ഉണ്ടായി. അതിനെ തുടർന്ന് ഇന്ന് പ്രസരണ വിതരണ മേഖലയിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയുണ്ടായി. ചർച്ചയിൽ ശ്രീ ജ്യോതിലാൽ ഐഎഎസ്, ഊർജ്ജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ഡോ. രാജൻ എൻ ഖോബ്രാഗഡെ ഐഎഎസ്, സിഎംഡി കെഎസ്ഇബിഎൽ, കെ എസ് ഇ ബിയിലെ ഡയറക്റ്റർമാർ തുടങ്ങിയവരും പങ്കെടുത്തു.

വിവിധ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ നൽകിയ വിവരം അനുസരിച്ച് സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി കൊണ്ടാണ് കെഎസ്ഇബിയുടെ ആഹ്വാനത്തോട് പ്രതികരിച്ചത്. യോഗത്തിൽ ട്രാൻസ്‌ഫോർമർ, ട്രാൻസ്‌ഫോർമർ ഓയിൽ, വൈദ്യുതി മീറ്റർ എന്നിവയുടെയും മറ്റ് സാധനസാമഗ്രികളുടെയും ലഭ്യതയെക്കുറിച്ചും ചർച്ച ചെയ്തു.

കെഎസ്ഇബി ട്രാൻസ്‌ഫോർമർ വാങ്ങാനായി ഓർഡർ നൽകിയ കെൽ -ൽ നിന്നും ട്രാൻസ്‌ഫോർമർ ലഭ്യമാകാത്തതിനെ തുടർന്ന് മറ്റ് സ്ഥാപനങ്ങളിൽ നിന്നും അടിയന്തിരമായി ലഭ്യമാക്കിയിട്ടുണ്ട്. കേടായ മീറ്ററുകൾ മാറ്റുന്നതിനുള്ള മീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബിയിലെ ഡയറക്ടർമാർ ഉറപ്പ് നൽകി. അടിയന്തര ആവശ്യങ്ങൾക്കായി പ്രാദേശിക തലത്തിൽ സാധനസാമഗ്രികൾ വാങ്ങുന്നതിന് വരുത്തിയിരുന്ന നിയന്ത്രണം മാറ്റിയതായി സിഎംഡി, കെ എസ് ഇ ബി എൽ കഴിഞ്ഞദിവസം ഉത്തരവിറക്കിയതായി അറിയിച്ചു

ഇത്തവണത്തെ വേനൽക്കാലത്ത് വോൾട്ടേജ് പ്രശ്‌നങ്ങളും തുടർച്ചയായ വൈദ്യുതി മുടക്കവും ഉണ്ടായ മേഖലകളിൽ ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള പ്രവർത്തികൾ ഏറ്റെടുക്കണമെന്ന് യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. പ്രസരണ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തി പുരോഗമിക്കുന്ന വിവിധ സബ്‌സ്റ്റേഷനുകൾ പൂർത്തിയാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേടായ ട്രാൻസ്‌ഫോർമറുകൾ റിപ്പയർ ചെയ്യുന്നതിന് കെഎസ്ഇബിയുടെ 5 ടി എം ആർ യൂണിറ്റുകളിൽ കൂടുതൽ ഷിഫ്റ്റുകൾ ഏർപ്പെടുത്തിക്കൊണ്ട് ട്രാൻസ്‌ഫോർമറുകൾ വേഗത്തിൽ റിപ്പയർ ചെയ്യുന്നതിനുള്ള നിർദ്ദേശവും യോഗത്തിൽ നൽകിയിട്ടുണ്ട്. ഇത് കൂടാതെ കണ്ട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്തേണ്ടതാണെന്നും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

കെ എസ് ഇ ബിയുടെ ഫീൽഡ് ഓഫീസുകളിൽ നിന്നും നടത്തിയ ഇടപെടലുകൾക്ക് മികച്ച പ്രതികരണം ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതിനാൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന താൽക്കാലികമായ വൈദ്യുതി പ്രതിസന്ധി പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

തിരുവനന്തപുരം: അരളി പൂവ് മരണകാരണമെന്ന് തെളിഞ്ഞാൽ പൂജാകർമ്മങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. എന്നാൽ, ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

അതേസമയം, ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്നു യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചിരുന്നു. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് സൂര്യമരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പേഴാണ് സൂര്യ കുഴഞ്ഞുവീണ് മരിച്ചത്. അയൽവാസികളോട് യാത്ര പറയാനെത്തിയപ്പോൾ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.

ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. ലണ്ടനിൽ ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് അയൽവീട്ടിലേക്ക് യാത്ര പറയാൻ പോയിരുന്നു. ഇതിനിടെയാണ് ഫോണിൽ സംസാരിക്കവെ മുറ്റത്ത് പൂചെടിയിൽ വളർത്തുന്ന അരുളിയുടെ ഇലയും പൂവും നുള്ളി സൂര്യ വായിലിട്ട് ചവച്ചത്. തുടർന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ വഴിനീളെ ഛർദ്ദിച്ചു. ഇമിഗ്രേഷൻ ചെക്കിംഗിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

electricity

തിരുവനന്തപുരം : കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു.

ലോ‍ഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കും. കടുത്ത ചൂടില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. അതിനാൽ വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പീക്ക് ടൈമിൽ 5000ത്തിലേറെ മെഗാ വൈദ്യുതിയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉപയോഗിക്കുന്നത്.

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ:

-പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

-ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.

-ധാരാളമായി വെള്ളം കുടിക്കുക.

-അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

-കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.

-നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.

-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

-കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.

-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.