Politics (Page 431)

kodiyeri

തിരുവനന്തപുരം: ഹലാല്‍ വിവാദം സമൂഹത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള നീക്കമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഹലാല്‍ വിഷയത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ ഒരു വ്യക്തമായ നിലപാടില്ല. പല തരത്തിലുള്ള പ്രചരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.

എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിന്റെ മന്ത്രി ആവശ്യവും കോടിയേരി ബാലകൃഷ്ണന്‍ തള്ളി. ഓരോ പാര്‍ട്ടികള്‍ക്കും അവകാശവാദങ്ങള്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. ജനതാ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവരുടെ നടപടി അച്ചടക്ക ലംഘനമെന്ന് കോഴിക്കോട്ട് ചേര്‍ന്ന എല്‍ജെഡി ഭാരവാഹി യോഗം വിലയിരുത്തി. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളെന്ന അവകാശവുമായി ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രന്‍ പിളളയും ഇടതുമുന്നണി നേതാക്കളെ കണ്ട സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നിരുന്നു. എന്നാല്‍, കടുത്ത നടപടി ഉടന്‍ വേണ്ടെന്ന നിലപാടാണ് വിമതരെ ഒരു ഘട്ടത്തില്‍ പിന്തുണച്ച കെ പി േേമാഹനനും വര്‍ഗ്ഗീസ് ജോര്‍ജ്ജും സ്വീകരിച്ചത്. തുടര്‍ന്നാണ് ഇവരുള്‍പ്പെടെ ഒന്‍പത് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ശ്രേയാംസ് കുമാര്‍ പ്രസിഡന്റ് പദം ഒഴിയണമെന്ന ആവശ്യം യോഗം തളളുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വാഗ്ദാന പെരുമഴയുമായി ആം ആദ്മി പാർട്ടി. ഉത്തരാഖണ്ഡിൽ പാർട്ടി അധികാരത്തിലെത്തിയാൽ സൗജന്യ തീർത്ഥാടന പദ്ധതി കൊണ്ടുവരുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുമത വിശ്വാസികൾക്ക് സൗജന്യ അയോധ്യ യാത്രയും മുസ്ലിം മതസ്ഥർക്ക് സൗജന്യ അജ്മീർ യാത്രയും സിഖ് വിശ്വാസികൾക്ക് സൗജന്യ കർതാർപുർ സാഹിബ് യാത്രയും ചെയ്യാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന വാഗ്ദാനം.

ഹരിദ്വാറിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെജ്രിവാൾ ജനങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഡൽഹിയിൽ മുതിർന്ന പൗരന്മാർക്ക് ഹരിദ്വാർ, ഋഷികേശ് ഉൾപ്പടെ 12 പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടന പദ്ധതി കൊണ്ടുവന്ന കാര്യം അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി. അയോധ്യയിലെ രാംലല്ല സന്ദർശിച്ചപ്പോഴാണ് അയോധ്യയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആശയം തോന്നിയതെന്നും ഡിസംബർ മൂന്നിന് സൗജന്യ അയോധ്യ യാത്രക്കായുള്ള ട്രെയിൻ പുറപ്പെടുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

ഉത്തരാഖണ്ഡിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ സമാനമായ പദ്ധതി നടപ്പിലാക്കമെന്നാണ് അദ്ദേഹം ഉറപ്പു നൽകുന്നത്. എല്ലാ മതസ്ഥരും തീർത്ഥാടന പദ്ധതിയുടെ ഭാഗമാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്കൊപ്പം സൗജന്യ തീർഥാടനവും പാർട്ടി ജനങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഇതാണ് പാർട്ടിയുടെ സാധാരണക്കാർക്ക് നേരെയുള്ള കരുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന രാജ്യത്തെ ആദ്യത്തെ പാർട്ടിയാണ് ആംആദ്മി. ഡൽഹി ജനത ഒരവസരം തന്നപ്പോൾ തങ്ങൾ ഡൽഹിയെ അപ്പാടെ മാറ്റിയെന്നും ഉത്തരാഖണ്ഡിൽ ഒരവസരമാണ് ഞങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. സുധാകരന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താനുള്ളതാണെന്ന് എ.കെ ബാലന്‍ കുറ്റപ്പെടുത്തി.

തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നത് നിരവധി തവണ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണതലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണെന്നും ബാലന്‍ പറഞ്ഞു.

പുതിയ ഡാം പണിയുന്നത് വരെ സമരം നടത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ അവിടെ ഒരു കല്ലിടാന്‍ പോലും കഴിയില്ല. കേന്ദ്രത്തിനെതിരായ ജനവികാരത്തെ എല്‍.ഡി.എഫിനെതിരാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് എന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ ജനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷക നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കുംവരെ കർഷകർ സമരം തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊള്ളവാക്കുകളിൽ നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങൾ പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ തയ്യാറായിട്ടില്ലെന്നും കർഷക സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കിസാൻ മോർച്ച അറിയിച്ചിരിക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചർച്ച ചെയ്യാനായി ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ വിശാല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക, സമരക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക എന്നീ ആവശ്യങ്ങളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാനും കർഷകർ തീരുമാനിച്ചു.

തിരുവനന്തപുരം: ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാല്‍ എന്നും പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാല്‍ ബോര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്നും സുധീര്‍ പറഞ്ഞു.

‘സമീപകാലത്ത് എവിടെയെങ്കിലും ഹലാല്‍ ബോര്‍ഡുകള്‍ കണ്ടിട്ടുണ്ടോ? പൊടുന്നനെയാണ് എല്ലാ പ്രധാന സ്ഥലങ്ങളിലും ഹലാല്‍ ബോര്‍ഡുകള്‍ കാണാന്‍ കഴിഞ്ഞത്. ഇതിന് കാരണം തീവ്രവാദികള്‍ മതത്തെ കൂട്ടുപിടിക്കുന്നതാണ്. മത പണ്ഡിതന്മാര്‍ ഇത് തിരുത്താന്‍ തയ്യാറാകണം’- സുധീര്‍ ആവശ്യപ്പെട്ടു. ‘ഇസ്ലാമിക പണ്ഡിതന്‍മാര്‍ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നല്‍കി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണെന്നും’ അദ്ദേഹം ആരോപിച്ചു.

ഇത്തരത്തിലുള്ള തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് ആരോഗ്യപരമായ പ്രശ്നവും ഹലാലില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ വിശ്വാസത്തിലേക്കുള്ള കടന്നു കയറ്റവുമാണ്. ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെങ്കില്‍ ബന്ധപ്പെട്ട പണ്ഡിതന്‍മാര്‍ അത് തിരുത്തുവാന്‍ തയ്യാറാകണം. ഹലാലിനെ കുറിച്ച് പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂ. അത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. പാര്‍ട്ടിയുടെ ഭാരവാഹികള്‍ വ്യക്തിപരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അത് പാര്‍ട്ടി നിലപാടുമായി ചേര്‍ന്ന് പോകുന്നതാവണം. അല്ലാത്ത പക്ഷം അത് പാര്‍ട്ടി പരിശോധിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണ്. പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്നും സുധീര്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പണം ലഭിച്ച പാർട്ടി സിപിഎം. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ലഭിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്താണ് കോൺഗ്രസുള്ളത്. 39 കോടി രൂപയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. ബിജെപിയ്ക്ക് എട്ടു കോടി രൂപ സംഭാവനയായി ലഭിച്ചു. മുഹമ്മദിന് റിയാസിന് വേണ്ടിയാണ് സിപിഎം കൂടുതൽ പണം ചെലവഴിച്ചത്. 22 ലക്ഷം രൂപയാണ് റിയാസിന് വേണ്ടി സിപിഎം ചെലവഴിച്ചത്. ഷാഫി പറമ്പിലിനും വിടി ബൽറാമിനും വേണ്ടിയായിരുന്നു കോൺഗ്രസ് ഏറ്റവും അധികം തുക ചെലവഴിച്ചത്.

പരസ്യത്തിന് വേണ്ടി മാത്രം സിപിഎം 17 കോടി രൂപ ചെലവഴിച്ചു. സ്ഥാനാർഥികൾക്കായി 4.21 കോടി നൽകി. പോസ്റ്ററുകൾക്ക് മാത്രമായി 89 ലക്ഷം ചെലവാക്കി. ആർ ബിന്ദുവിന് വേണ്ടി 20 ലക്ഷവും വീണ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസ് 16 ലക്ഷം രൂപയും ചെലവഴിച്ചു.

അതേസമയം കോൺഗ്രസ് 23 കോടി പ്രചാരണത്തിനും 11 കോടി സ്ഥാനാർഥികൾക്ക് വേണ്ടിയും ചെലവഴിച്ചു. സ്ഥാനാർഥികളിൽ കോൺഗ്രസ് കൂടുതൽ പണം ചെലവഴിച്ചത് പാലക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ഷാഫി പറമ്പിലിന് വേണ്ടിയാണ്. 23 ലക്ഷമാണ് ഇവിടെ കോൺഗ്രസ് ചിലവഴിച്ചത്. വിടി ബൽറാമിന് വേണ്ടി 18.5 ലക്ഷം രൂപ ചെലവഴിച്ചു. ബിജെപി എ ക്ലാസ് മണ്ഡലങ്ങൾക്കായി 15 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച കെ സുരേന്ദ്രന് 40 ലക്ഷം രൂപ ബിജെപി നൽകി. സ്ഥാനാർഥികൾക്കായി ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രയ്ക്കും ഹെലികോപ്ടർ യാത്രയ്ക്കുമായി രണ്ടേമുക്കാൽ കോടി രൂപയും ബിജെപി ചെലവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികൾക്കായി 43 ലക്ഷവും യോഗി ആദിത്യനാഥിനായി 25 ലക്ഷം രൂപയും ബിജെപി ചെലവിട്ടു.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകളിലുൾപ്പെടെയുണ്ടായ തോൽവിയിൽ അച്ചടക്ക നടപടിയുമായി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയാണെന്നാണ് മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ട്. കോഴിക്കോട് സൗത്തിലും അഴീക്കോടും ഏകോപനത്തിലെ പിഴവും വിഭാഗീയതയും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബർ 27 ചേരുന്ന ഉന്നതാധികാര സമിതിയിലാണ് സംഘടനാ നടപടി പ്രഖ്യാപിക്കുന്നത്.

നാല് സിറ്റിംഗ് സീറ്റുകളിലുൾപ്പെടെ 12 നിയമസഭ മണ്ഡലങ്ങളിലെ തോൽവിയെകുറിച്ച് പഠിച്ച ശേഷമാണ് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സൗത്തിൽ ഏകോപനക്കുറവുണ്ടായതും ഒരു വിഭാഗം പ്രവർത്തകർ പ്രവർത്തിക്കാത്തതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മണ്ഡലം കമ്മിറ്റി പിരിച്ചുവിടാൻ ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. കുറ്റ്യാടിയിലും വിഭാഗീയതയുണ്ടായി റിപ്പോർട്ടിൽ പറയുന്നു. പാറയ്ക്കൽ അബ്ദുളള 333 വോട്ടുകൾക്കാണ് കുറ്റ്യാടിയിൽ പരാജയപ്പെട്ടത്. വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെ നടപടി വേണമെന്നും ശുപാർശയുണ്ട്.

അഴീക്കോട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സംവിധാനം തന്നെ പാളിയെന്നും തെരഞ്ഞെടുപ്പിന് തൊട്ടുപിറകെ മണ്ഡലത്തിന്റെ ചുമതല വഹിച്ച കോൺഗ്രസ് നേതാവ് എൻസിപിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മത്സരിച്ച താനൂരിലും സ്ഥിതി സമാനമായിരുന്നു. ഇവിടെ ബിജെപി വോട്ടുകൾ ഇടതുമുന്നണിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവമ്പാടിയിൽ ക്രിസ്ത്യൻ വോട്ടുകൾ ക്രോഡീകരിക്കാൻ പ്രവർത്തകർക്കായില്ല. വി കെ ഇബ്രാഹം കുഞ്ഞിന്റെ മകൻ മത്സരിച്ച കളമശ്ശേരിയിൽ ഒരുവിഭാഗം നേതാക്കൾ പ്രചാരണത്തിൽ നിന്നുവിട്ടു നിന്നത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.

ജയ്പൂർ: രാജസ്ഥാനിൽ അശോക് ഗെലോട്ട് മന്ത്രിസഭയിലെ മൂന്ന് മുതിർന്ന മന്ത്രിമാർ സ്ഥാനം രാജിവെച്ചു. പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഫോർമുലയുടെ ഭാഗമായാണ് നടപടി. സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇത് നിരസിച്ച ഹൈക്കമാൻഡ് സച്ചിൻ പൈലറ്റ് അനുഭാവികളെ ഉൾപ്പെടുത്തി മന്ത്രിസഭാ പുനഃസംഘടന നടത്താമെന്ന് സമ്മതിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് മൂന്നു മന്ത്രിമാർ രാജിവെച്ചത്. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കൽ ആരോഗ്യ മന്ത്രി ഡോ.രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. മന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്നറിയിച്ച് നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.

രാജിവെച്ച മൂന്ന് മന്ത്രിമാർക്കും ഇതിനോടകം പാർട്ടി ചുമതലകൾ നൽകിയിട്ടുണ്ട്. ഗോവിന്ദ് സിംഗ് ദൊസ്താര നിലവിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശർമയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോൺഗ്രസ് ഹൈക്കമാൻഡ് നൽകി കഴിഞ്ഞു. കോൺഗ്രസിനുള്ളിൽ കലാപം ശക്തമാകുമെന്ന് വ്യക്തമായതോടെയാണ് സച്ചിന്റെ നിർദേശം അനുസരിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

പാലക്കാട്: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകകേസ് അന്വേഷിക്കുന്നതിൽ പോലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാരൻ ഇതുസംബന്ധിച്ച് അറിയിച്ചിട്ടും ദേശീയപാതയിൽ വാഹനപരിശോധന നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും സിസിടിവികൾ ഉണ്ടായിട്ടും അവ പരിശോധിക്കുന്നതിൽ വീഴ്ച്ച പറ്റിയെന്നും സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞാണ് വാഹനത്തിന്റെ ഫോട്ടോ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വധഭീഷണിയുണ്ടായിട്ടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. മുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ നിരീക്ഷിക്കാനോ അവരെ സംബന്ധിച്ച് അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല. സർക്കാർ അനാസ്ഥയാണ് ഇതിന് കാരണമെന്നും സിപിഎമ്മിന്റെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ പിടികൂടുന്നതിൽ പോലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കിൽ അമ്മമാരെ ഉൾപ്പെടെ അണിനിരത്തി സംസ്ഥാനവ്യാപകമായി ജനകീയ പ്രക്ഷോഭം നടത്തുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കണ്ണൂർ: കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രാജ്യത്തെ കർഷകർക്കു മുന്നിൽ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ സമര ഭൂമിയിൽ നിന്ന് നരേന്ദ്ര മോദിയുടെ പതനം ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരുകയാണ്. കർഷകരെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ അജണ്ടയാണ് ജനാധിപത്യ ശക്തികൾ പൊളിച്ചടുക്കിയതെന്നും പാർലമെന്റിനകത്തും പുറത്തും കർഷകർക്കൊപ്പം നിന്ന് കോൺഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പിൻവാങ്ങലുമാണിത്. കർഷകരുടെ കരുത്തുറ്റ സമരത്തിന് മുന്നിൽ മുട്ട് മടക്കേണ്ടിവന്ന ഏകാധിപതിയാണ് മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധിയൻ മൂല്യങ്ങൾ ഉൾക്കൊണ്ട് സമാധാനപൂർവം നടത്തിയ സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ ഭരണകൂടം പലതവണ ശ്രമിച്ചുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കർഷകരുടെ പോരാട്ടത്തിന് സമാനതകളില്ലാത്ത വീര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തകരും സജ്ജരാകണം. മോദി സർക്കാരിന്റെയും പിണറായി സർക്കാരിന്റെയും കഴിഞ്ഞ കാല ജനവിരുദ്ധ നടപടികൾ ജനങ്ങളിലെത്തിക്കുവാൻ പ്രാദേശികമായി പൊതുയോഗങ്ങൾ സംഘടിപ്പിച്ചും ജനകീയ പ്രശ്നങ്ങളിൽഇടപെട്ട് ജനവിശ്വാസം ആർജ്ജിക്കണം ഇതിനായിരിക്കണം പ്രവർത്തകർ പ്രാമുഖ്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.