Automobile

ന്യൂഡല്‍ഹി: ഇനി വാഹന വിപണിയില്‍ ഇന്ത്യക്ക് തലയുയര്‍ത്തി നില്‍ക്കാം. വേള്‍ഡ് കാര്‍ അവാര്‍ഡിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയുടെ റെനോ കൈഗറും ഫോക്‌സ്വാഗണ്‍ തൈഗുണും. വാഹനവിപണിയെ ലക്ഷ്യമാക്കിയാണ് ഇവയുടെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കാനറിയില്ലെന്ന പാശ്യാത്യലോകത്തിന്റെ മുന്‍ധാരണകള്‍ക്കുള്ള മറുപടി കൂടിയാണ് ഈ നേട്ടം.

ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലേക്ക് കൈഗര്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, തൈഗുണ്‍ മെക്‌സിക്കോ പോലുള്ള ഏതാനും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഉടന്‍ കയറ്റുമതി ആരംഭിക്കുമെന്ന് ഫോക്‌സ്വാഗണ്‍ നേരത്തെ അറിയിച്ചിരുന്നു.

2022 വേള്‍ഡ് അര്‍ബന്‍ കാര്‍ വിഭാഗത്തിലാണ് കൈഗറും തൈഗുണും ഇടം നേടിയത്. ഫൈനല്‍ റൗണ്ടിലേക്ക് അഞ്ച് വാഹനങ്ങളാണ് യോഗ്യത നേടിയിരുന്നത്.

ജോലിയുടെ ഭാഗമായി ഓരോ സംസ്ഥാനം മാറുമ്പോഴും കാര്‍ റജിസ്‌ട്രേഷന്‍ മാറ്റുന്ന തലവേദനയില്‍ നിന്നും ഇനി ആശ്വാസം. വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന പുതിയ സംവിധാനം വഴി, വാഹന ഉടമയ്ക്ക് ഓഫീസുകള്‍ കയറി ഇറങ്ങിയുള്ള നൂലാമാലകള്‍ ലഘൂകരിക്കാനാകും. ഇത് പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ നടത്തുകയും ചെയ്യാം. ഇന്ന് (സെപ്റ്റംബര്‍ 15) മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുക.

1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 47-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട്, ബിഎച്ച് രജിസ്‌ട്രേഷന്‍ മാര്‍ക്ക് വഹിക്കുന്ന വാഹനങ്ങള്‍ പുതിയ സംസ്ഥാനത്തേക്ക് മാറ്റിയാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പ്രതിരോധസേനയിലെ ഉദ്യോഗസ്ഥര്‍ക്കും, നാല് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനി ജീവനക്കാര്‍ക്കും ഈ മാറ്റം വലിയ സഹായകരമാകുക. ഓരോ സംസ്ഥാനത്തിലെയും വാഹന നികുതി വ്യത്യസ്തമായതിനാല്‍ സ്ഥലംമാറ്റം ഉണ്ടാകുമ്പോള്‍ പുതിയ സംസ്ഥാനത്തു നികുതിയടച്ച് റജിസ്‌ട്രേഷന്‍ മാറ്റി പഴയ സംസ്ഥാനത്തു നിന്നത് റീഫണ്ടിനു അപേക്ഷിക്കണമായിരുന്നു. ഈ ഒരു വലിയ നൂലാമാലയാണ് ഭാരത് സീരിസ് റജിസ്‌ട്രേഷന്‍ വന്നതോടെ മാറുന്നത.

്ഈ സേവനം ലഭിക്കാന്‍ ഫോം 60 പൂരിപ്പിച്ച് ഓണ്‍ലൈനില്‍ സാധുവായ തൊഴില്‍ ഐഡി അല്ലെങ്കില്‍ തെളിവ് നല്‍കണം. സംസ്ഥാന അധികൃതര്‍ തെളിവ് പരിശോധിച്ച് ബിഎച്ച് രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യും.

ഒരു സാധാരണ BH നമ്പര്‍ ’21 BH XXXX AA’ എന്ന രീതിയിലാകും ലഭിക്കുക. ഇതില്‍ ആദ്യത്തെ രണ്ട് അക്കങ്ങള്‍ ആദ്യ രജിസ്‌ട്രേഷന്റെ വര്‍ഷമാണ്, BH ആണ് സീരീസ് കോഡ്, നാല് അക്കങ്ങള്‍ (XXXX) ക്രമരഹിതമായി സൃഷ്ടിക്കപ്പെടുന്നതാണ്. അതിനുശേഷം ഇംഗ്ലീഷ് അക്ഷരങ്ങളുടെ രണ്ട് അക്ഷരങ്ങള്‍ ഉണ്ടാകും.

ബിഎച്ച് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തേക്ക് റോഡ് നികുതി ഈടാക്കും. തുടര്‍ന്ന് രണ്ട് വര്‍ഷം കൂടുമ്പോള്‍ നികുതി അടച്ചാല്‍ മതി. ഉടമ 15 വര്‍ഷത്തെ റോഡ് നികുതിയുടെ മുഴുവന്‍ തുകയും മുന്‍കൂറായി അടയ്‌ക്കേണ്ടതില്ല. നികുതി മുന്‍കൂറായി അടച്ചിട്ടില്ലാത്തതിനാല്‍ സ്ഥലം മാറ്റത്തിന് മുമ്പോ ശേഷമോ റീഫണ്ട് നേടുകയും വേണ്ട. പതിനാലാം വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, മോട്ടോര്‍ വാഹന നികുതി പ്രതിവര്‍ഷം ഈടാക്കും. അത് ആ വാഹനത്തിന് മുമ്പ് ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.

ഇതില്‍ 10 ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ക്കു 8 ശതമാനം നികുതിയും, 10 ലക്ഷത്തിനു മുകളില്‍ ഉള്ളവക്ക് 10 ശതമാനം നികുതിയും, 20 ലക്ഷത്തിനു മുകളിലുള്ളവക്ക് 12 ശതമാനം നികുതിയുമാണ് അടക്കേണ്ടത്. ഡീസല്‍ വാഹനങ്ങള്‍ക്ക് 2 ശതമാനം കൂടുതലും, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് 2 ശതമാനം കുറവും നികുതിയാണ് അടക്കേണ്ടിവരുക.

ന്യൂഡല്‍ഹി: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. നികുതിയുമായി ബന്ധപ്പെട്ട ഇളവുകള്‍ പരിഗണിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ക്ഷണം.

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്ല നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍, പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 60 ശതമാനം മുതല്‍ 100 ശതമാനം വരെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ ഈടാക്കുന്നു, എഞ്ചിന്‍ വലുപ്പവും ചെലവും, ഇന്‍ഷുറന്‍സ് ചരക്ക് (സിഐഎഫ്) മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇത് ചുമത്തുന്നത്. കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ തീരുവ 40 ശതമാനം എന്ന നിലയില്‍ മാനദണ്ഡമാക്കണമെന്നാണ് സര്‍ക്കാരിനോട് ടെസ്ല ആവശ്യപ്പെട്ടിരുന്നത്.

ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ഇവി ഇക്കോസിസ്റ്റത്തിന്റെ വികസന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും, വില്‍പ്പന, സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കമ്പനി നേരിട്ട് നിക്ഷേപം നടത്തുമെന്നും കമ്പനി പ്രസ്താവിച്ചു. ആഗോള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള സംഭരണം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ട്. ടെസ്ലയുടെ ഈ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയില്‍ പ്രതികൂല സ്വാധീനം ചെലുത്തുകയില്ലെന്നും കമ്പനി വാദിക്കുന്നു.

എന്നാല്‍, ഒരു വാഹന നിര്‍മാണക്കമ്പനിക്കും സര്‍ക്കാര്‍ അത്തരം ഇളവുകള്‍ നല്‍കുന്നില്ലെന്നും, ടെസ്ലയ്ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇന്ത്യയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ച മറ്റ് കമ്പനികള്‍ക്ക് നല്ല സൂചന നല്‍കില്ലെന്നും ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കിയതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂഡല്‍ഹി: യുഎസ് വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തുന്നു. ഈ വര്‍ഷം അവസാനം ഗുജറാത്തിലെ സാനന്ദിലുള്ള നിര്‍മാണ യൂണിറ്റും, ചെന്നൈയിലെ യൂണിറ്റ് അടുത്തവര്‍ഷം പകുതിയോടെയും അടയ്ക്കും.

നിലവിലുള്ള സ്റ്റോക്ക് തീരുന്നതനുസരിച്ച് ഫിഗോ, ആസ്പയര്‍, ഫ്രീസ്‌റ്റൈല്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ എന്നീ മോഡലുകളുടെ വില്‍പന അവസാനിപ്പിക്കും. എന്നാല്‍, മസ്റ്റാങ് പോലെയുള്ള ഇറക്കുമതി വാഹനങ്ങളുടെ വില്‍പനയും തുടരും.

നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സര്‍വീസും വാറന്റി കവറേജും തുടരുമെന്നും, ജോലി നഷ്ടമാകുന്ന 4000 ജീവനക്കാരുടെ കാര്യത്തില്‍ യൂണിയനുകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നും ഫോഡ് ഇന്ത്യ അറിയിച്ചു.

ന്യൂഡല്‍ഹി: കോവിഡിനെ ചെറുക്കാന്‍ രാജ്യത്തിന് സഹായവുമായി പ്രമുഖ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോര്‍കോര്‍പ്പ്. ഡല്‍ഹിയിലെ ആശുപത്രികളിലൊന്നില്‍ കോവിഡ് 19 വാര്‍ഡ് ഒരുക്കി നല്‍കിയിരിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് 50 കിടക്കകളുള്ള കോവിഡ് വാര്‍ഡ് ഹീറോ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ആരോഗ്യകുടുംബക്ഷേമ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാത്രമല്ല, കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഹീറോ മോട്ടോര്‍കോര്‍പ്പ് പീപ്പിള്‍ ടു പീപ്പിള്‍ ഹെല്‍ത്ത് ഫൗണ്ടഷനുമായി പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി: അനുദിനം വില വര്‍ദ്ധിക്കുന്ന ഇന്ധനത്തിന് ബദലായി ഇലക്ട്രിക്ക് ചാര്‍ജിങ്ങ് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി കേന്ദ്രം. രാജ്യത്ത് 350 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്കായി 500 കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഫെയിം കക പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതുതായി 350 ഓളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയത്.

ഛത്തീസ്ഗഡ് (48), ഡല്‍ഹി (94), ജയ്പൂര്‍ (49), ബംഗളൂരു (45), റാഞ്ചി (29), ലഖ്നൗ (1), ഗോവ (17), ഹൈദരാബാദ് (50), ആഗ്ര (10), ഷിംല (7) എന്നീ നഗരങ്ങളിലാണ് പദ്ധതിക്ക് കീഴില്‍ പുതുതായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ക്രിഷന്‍ പാല്‍ ഗുര്‍ജാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഫെയിം ഇന്ത്യ സ്‌കീമിന്റെ ഒന്നാം ഘട്ടത്തില്‍ രാജ്യത്തുടനീളം 520 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി 43.4 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ 68 നഗരങ്ങളിലായി 2,877 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിന് 500 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും ക്രിഷന്‍ പാല്‍ വ്യക്തമാക്കി.

നേരത്തെ, ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടുതല്‍ സബ്സിഡികളും മറ്റും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

solar ferry

തിരുവനന്തപുരം: കേരള ജലഗതാഗത വകുപ്പിന്റെ ആദിത്യക്ക് അന്തര്‍ദേശീയ ബഹുമതി. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ ഫെറിയാണ് ആദ്യത്യ. അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്താവ് ട്രോവ് ബഹുമതിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവാര്‍ഡിനായി ഏഷ്യയില്‍ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ. സോളാര്‍ ഫെറി വൈക്കം മുതല്‍ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സര്‍വീസ് നടത്തുന്നത്. 3 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കി.മീ. സര്‍വീസ് നല്‍കിയത് 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍. തത്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.