Devotional

പത്തനംതിട്ട: ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. കളീയ്ക്കല്‍ മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. കുറവക്കോട് ഇല്ലം ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. വരുന്ന ഒരു വര്‍ഷക്കാലം ഇരുവരും പുറപ്പെടാശാന്തിമാരായി ശബരിമലയിലുണ്ടാകും.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ പരമേശ്വരന്‍ നമ്പൂതിരി രണ്ട് വര്‍ഷം മുന്‍പ് പമ്പാ ഗണപതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് കുറവക്കാട് ഇല്ലം ശംഭു നമ്പൂതിരി. നാലാം ഊഴത്തിലാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി ഇരുവര്‍ക്കും നറുക്കു വീണത്.

പ്രതികൂല കാലാവസ്ഥമൂലം ശബരിമലയിലെത്താന്‍ കഴിയാത്ത തീര്‍ത്ഥാടകര്‍ക്കായി വീണ്ടും അവസരം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. പ്രതികൂല കാലാവസ്ഥ ശബരിമല മുന്നൊരുക്കങ്ങളെ ബാധിക്കുമെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

നിര്‍മാല്യം, പതിവ് പൂജകള്‍ എന്നിവര്‍ക്കും ഉഷ പൂജയ്ക്കും ശേഷം രാവിലെ 8 മണിയോടെ നടന്ന ചടങ്ങിലാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വര്‍മ്മ, നിരഞ്ജന്‍ വര്‍മ്മ എന്നിവരെയാണ് നറുക്കെടുപ്പിനായി നിയോഗിച്ചത്.

pinarayi

അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി കുരുന്നുകളെ എഴുത്തിനിരുത്തിയ. ചിത്രങ്ങൾ മുഖ്യമന്ത്രി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നത്. ഇന്ന് വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണു അറിവിൻ്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. ഇന്ന് നേഹ, നിയ, കനി, ഫിദൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിൻ്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാം. എല്ലാവർക്കും മഹാനവമി – വിജയദശമി ആശംസകൾ നേരുന്നു.

krishna

ഇന്ന് വിദ്യാരംഭം. ആയിരകണക്കിന് കുരുന്നുകൾ വീടുകളിലും, ക്ഷേത്രങ്ങളിലും ,സാംസ്ക്കാരിക സ്ഥാപനങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു..സംസ്ഥാനത്തെ പ്രധാന സരസ്വതി ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭചടങ്ങുകള്‍ പുലര്‍ച്ചെ 5.30 നുതന്നെ ആരംഭിച്ചിരുന്നു.

തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം.,ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം,,എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്.ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു..

കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയത്.കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു

sabarimala

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം. പമ്പാ സ്‌നാനത്തിനും അനുമതിയുണ്ട്. നെയ്യഭിഷേകം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി നടത്താനും വെര്‍ച്വല്‍ ക്യൂ തുടരാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

നേരത്തെ, സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന നിലയ്ക്ക് ശബരിമല തീര്‍ത്ഥാടന കാലയളവില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെ വരുമാനം നിലയ്ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

തീര്‍ത്ഥാടന കാലയളവില്‍ ആദ്യദിവസങ്ങളില്‍ 25,000 ഭക്തരെ വരെ പ്രവേശിപ്പിക്കാം. പമ്പാ സ്‌നാനവും നടത്താം. കഴിഞ്ഞ വര്‍ഷം പമ്പാ സ്‌നാനത്തിന് അനുമതിയുണ്ടായിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവേശനം നടത്തുക. രണ്ട് ഡോസ് വാക്‌സിനെടുത്തവരോ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ആണ് പ്രവേശനാനുമതി. വെര്‍ച്വര്‍ ക്യൂ തുടരാനും എണ്ണം കൂട്ടാനും തീരുമാനമായി. ശബരിമലയിലെ ശുചീകരണ തൊഴിലാളികളുടെ ശമ്പളവും കൂട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തിരുവനന്തപുരം: കേരളീയര്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിലൂടെയാണ് ആശംസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.

കൊച്ചി: സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാന്‍ സിനഡ് യോഗം തീരുമാനിച്ചു. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം. എല്ലാ രൂപതകളിലും ഡിസംബര്‍ മുതല്‍ പുതിയ ആരാധനാക്രമം നടപ്പാക്കാനാണ് തീരുമാനം. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നടക്കം ഉയര്‍ന്ന എതിര്‍പ്പുകള്‍ തള്ളിയാണ് സിനഡിന്റെ പുതിയ തീരുമാനം.

കുര്‍ബാന ഏകീകരിക്കണമെന്ന മാര്‍പ്പാപ്പയുടെ ഉത്തരവ് എല്ലാ രൂപതകളും നടപ്പാക്കണമെന്നും സിനഡ് അറിയിച്ചു. സഭാ ഐക്യത്തിന് ആരാധനാക്രമം ഏകീകരണം ആവശ്യമെന്നാണ് വിലയിരുത്തല്‍. ആരാധനാ ഏകീകരണ തീരുമാനത്തെ എതിര്‍ക്കുന്ന വൈദികരെ അനുനയിപ്പിക്കാന്‍ രൂപതാ അധ്യക്ഷന്മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ഉത്തരവ് നടപ്പാക്കാതെയിരുന്നാല്‍ വൈദികന്മാര്‍ നടപടി നേരിടേണ്ടി വരും.

1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവില്‍ പറയുന്നത്. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കിയിട്ടുണ്ട്.സിറോ മലബാര്‍ സഭയില്‍ ആരാധനക്രമം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായും ചങ്ങനാശേരി അതിരൂപത അള്‍ത്താരയ്ക്ക് അഭിമുഖമായുമാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.

ജിദ്ദ: ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചതായി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി മക്കയിലും മദീനയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.ആദ്യഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ നിര്‍വഹിക്കാനുള്ള അനുമതി നല്‍കും. ഹജ്ജ് തീര്‍ത്ഥാടനടത്തിന് മുന്നോടിയായി ജൂലൈ 11നായിരുന്നു ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിയത്. ഹറമിലും മുറ്റങ്ങളിലുമായി അണുനശീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ പുലര്‍ച്ചെ മുതലാണ് ഉംറ തീര്‍ത്ഥാടകര്‍ ഹറമിലെത്തി തുടങ്ങിയത്. നിലവില്‍ സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് അനുമതി നല്‍കുന്നത്.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആഗസ്ത് 10 മുതല്‍ ഉംറ തീര്‍ഥാടനത്തിന് അനുമതി നല്‍കുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിലവില്‍ രണ്ട് ഡോസ് വാക്സിനെടുത്ത് തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ ഹറമിലേക്ക് പ്രവേശനം അനുവദിക്കൂ. മദീനയിലെ മസ്ജിദുനബവിയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്.

തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തില്‍ ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കും. ഈ സാങ്കേതിക വിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ ക്ഷേത്രമാണിത്. ഡ്രോണുകളെ കണ്ടെത്തല്‍, ജാമിങ്, പ്രതിനടപടി സംവിധാനം എന്നിവയുള്‍പ്പെടുന്ന ഡി.ആര്‍.ഡി.ഒയുടെ ഒരു സംവിധാനത്തിന് 25 കോടി രൂപയാണ് വില. ഡി.ആര്‍.ഡി.ഒ അധികൃതര്‍ ഉടന്‍ ക്ഷേത്രം സന്ദര്‍ശിക്കും.

ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാല് കിലോമീറ്റര്‍ പരിധിയില്‍ വരെയുള്ള ഡ്രോണുകളെ ഈ സംവിധാനത്തിന് കണ്ടെത്താനും അതിന്റെ ലൊക്കേറ്റിങ് സിസ്റ്റത്തെ നിര്‍വീര്യമാക്കാനും സാധിക്കും.

മസ്‌കത്ത്: ബലി പെരുന്നാളിനോടനുബന്ധിച്ച് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഒമാന്‍ സര്‍ക്കാര്‍. ബലി പെരുന്നാള്‍ ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് നേരത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്. സുപ്രിംകോടതി നിര്‍ദ്ദേശം കൂടി അനുസരിച്ച് 24 ശനിയാഴ്ച പുലര്‍ച്ചെ വരെ ലോക്ഡൗണ്‍ നീട്ടി. വാണിജ്യസ്ഥാപനങ്ങള്‍ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ അടഞ്ഞ് കിടക്കും.

യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍, വൈകീട്ട് അഞ്ചു മുതല്‍ രാവിലെ നാലു വരെയുള്ള രാത്രികാല പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക.പെരുന്നാള്‍ ദിവസമായ 20 നും, 21,22 നും സമ്പൂര്‍ണ അടച്ചിടലേര്‍പ്പെടുത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. വിശ്വാസികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങൾ തുറക്കാത്തത്. ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനം വർധിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളും പള്ളികളും എപ്പോൾ തുറക്കുമെന്ന് പറയാൻ കഴിയില്ല.. രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ഇളവ് അനുവദിക്കും. ഭക്തരെ തടയുക സർക്കാരിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യം ഉന്നയിക്കുകയാണ്. മലങ്കര ഓർത്തഡോക്സ് സഭ, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.