ജനവിരുദ്ധ പദ്ധതി; കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരം നടത്താനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരം നടത്താനൊരുങ്ങി യുഡിഎഫ്. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമരം നടത്താനാണ് യുഡിഎഫ് പദ്ധതിയിടുന്നത്. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.

കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചിരുന്നത്. പദ്ധതിയെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ടും സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ നീക്കം.

അതേസമയം യുഡിഎഫിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുകയാണ്. യുഡിഎഫ് യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്നത്.

കെപിസിസി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ടെന്നും ഹൈക്കമാൻഡ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങൾ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറൽ സെക്രട്ടറിമാർക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നൽകിയതെന്നുമാണ് ആരോപണങ്ങൾ.