Recent Posts

തിരുവനന്തപുരം: ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത്. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് നടപടി.

പെരിയറിൽ നേരിയ വർദ്ധനവ് മാത്രമാണ് ഇതിലൂടെ ഉണ്ടാകുക. മഴ ശക്തമായാൽ കൂടുതൽ തുറക്കേണ്ടി വരുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇടുക്കിയിൽ നിന്ന് വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാർപ്പിക്കും.

നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് മണിക്കൂറിൽ 0.993 ഘനയടി വെള്ളമാണ്. ഇപ്പോഴത്തെ നിരക്ക് പരിശോധിച്ചാൽ രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും.

k rajan

പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ മഴയിലൂടെ ജലനിരപ്പ് ഉയരുന്നത് ക്രമീകരിക്കുന്നതിനായി കക്കി-ആനത്തോട് ഡാം തുറന്നിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൃത്യമായ ഇടവേളകളില്‍ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതാണ് അഭികാമ്യം. അടുത്ത ശക്തമായ മഴയുടെ ആരംഭത്തിന് മുന്‍പ് ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. എന്‍ഡിആര്‍എഫ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗ് സംഘത്തെ കൂടി വിന്യസിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അപകട ഘട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയോ, പങ്കിടുകയോ ചെയ്യരുത്. റോഡ് തകരുന്നത് സംബന്ധിച്ചും ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും അവലോകന യോഗം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എഡിഎം അലക്‌സ് പി തോമസ്, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നാണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധിപേർ മരിക്കാനിടയായതിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം വ്യക്തമാക്കി ദലൈലാമ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുവെന്ന് ദലൈലാമ വ്യക്തമാക്കി. കേരളത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ദലൈലാമ പറഞ്ഞു.

അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

red alert

കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 986.33 മീറ്ററാണ്.

പമ്പ റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റര്‍, 983.5 മീറ്റര്‍, 984.5 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് ചേര്‍ന്നതിനാല്‍ ഒക്‌ടോബര്‍ 17ന് രാവിലെ നീല അലര്‍ട്ടും 17ന് വൈകിട്ട് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 18 തിങ്കള്‍ രാവിലെ 11 ന് റിസര്‍വോയറിന്റെ ജലനിരപ്പ് 984.50 മീറ്ററില്‍ എത്തിയിട്ടുള്ളതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

covid

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,92,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,082 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 83,184 കോവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂര്‍ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂര്‍ 611, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഭീകരര്‍ ലക്ഷ്യമാക്കിയതോടെ ഭീതിയില്‍ ജനങ്ങള്‍. ഞായറാഴ്ച ബിഹാറില്‍ നിന്നുള്ള രണ്ടു തൊഴിലാളികളെ ഭീകരര്‍ വെടിവച്ചു കൊന്നു.

കുല്‍ഗാം ജില്ലയിലെ വാന്‍പോഹിലാണ് രണ്ട് ബിഹാറി തൊഴിലാളികളെ ഭീകരര്‍ വെടിവച്ചു കൊന്നത്. ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ശനിയാഴ്ച ബിഹാറില്‍നിന്നുള്ള വഴിയോര കച്ചവടക്കാരനെയും യുപിയില്‍നിന്നുള്ള ഒരു മരപ്പണിക്കാരനെയും ഭീകരര്‍ കൊന്നിരുന്നു. ശ്രീനഗറില്‍ പാനിപുരി വിറ്റിരുന്ന അര്‍ബിന്ദ് കുമാര്‍ ഷാ എന്നയാളെ തൊട്ടടുത്തുനിന്നു വെടിവച്ചു വീഴ്ത്തുകയായിരുന്നു.

ഇതോടെ ഈ മാസം കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി. ഇതില്‍ അഞ്ച് പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ കശ്മീരില്‍നിന്നു തുരത്തിയോടിക്കുകയെന്ന് ലക്ഷ്യത്തോടെയാണു ഭീകരരുടെ നീക്കമെന്നാണു വിലയിരുത്തല്‍.

ദിവസങ്ങള്‍ക്കു മുമ്പ് പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട പ്രമുഖ വ്യവസായി മഖന്‍ ലാല്‍ ബിന്ദ്രു ഉള്‍പ്പെടെ നിരവധി പേരെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു. ഇതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിപ്രകാരം തൊഴില്‍ നേടി കശ്മീര്‍ താഴ്വരയിലേക്കു മടങ്ങിയെത്തിയ പണ്ഡിറ്റ് കുടുംബങ്ങള്‍ ഉള്‍പ്പെടെ വീണ്ടും ക്യാംപുകളിലേക്കു മടങ്ങുന്ന സ്ഥിതിയാണുള്ളത്. മേഖലയില്‍ അതിശക്തമായ തിരച്ചില്‍ ആരംഭിച്ചുവെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 ഭീകരരെ വകവരുത്തിയെന്നും ഐജി വിജയ്കുമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: കേരളത്തിന്റെ എതിര്‍പ്പു മറികടന്നു തമിഴ്നാട് നല്‍കിയ റൂള്‍ കര്‍വ് കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. വര്‍ഷത്തില്‍ 2 തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയില്‍ വെള്ളം സംഭരിക്കാന്‍ തമിഴ്നാടിന് അനുമതിയുണ്ടാകും.

പ്രളയം നിയന്ത്രിക്കാന്‍ ഡാമുകളില്‍ ഓരോ 10 ദിവസവും നിലനിര്‍ത്താന്‍ കഴിയുന്ന ജലനിരപ്പാണു റൂള്‍ കര്‍വ്. ഈ പരിധി കവിഞ്ഞാല്‍ ഡാം തുറക്കേണ്ടി വരും. ജൂണ്‍ 10നു 136 അടിയില്‍ തുടങ്ങി നവംബര്‍ 30നു 142 അടിയിലുമാണു റൂള്‍ കര്‍വ് നിശ്ചയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വേണ്ടി വിവിധ രാജ്യങ്ങളുടെ ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യ, ചൈന, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നവംബർ രണ്ടാം വാരത്തോടെയായിരിക്കും യോഗം നടക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യോഗത്തിൽ ആരെല്ലാം പങ്കെടുക്കുമെന്നസ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. യോഗത്തിൽ പങ്കെടുക്കാൻ താലിബാനെ ക്ഷണിക്കില്ലെന്നാണ് വിവരം. എന്നാൽ പാകിസ്താനെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചേക്കും. അതേസമയം ഒക്ടോബർ 20 ന് താലിബാനുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ താലിബാൻ പ്രതിനിധികളും പങ്കെടുക്കും. മോസ്‌കോയിൽ വെച്ച് അഫ്ഗാനുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് താലിബാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

veena

ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.. ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കു.മെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലയിലെ പൊതുസ്ഥിതി വിലയിരുത്തി. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവ അപകട നിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവയെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ ക്രമീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഈ മാസം 20 മുതല്‍ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതില്‍ 20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നിട്ടുണ്ട്. 979.9 മീറ്റര്‍ ജലനിരപ്പാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു. ഇപ്പോള്‍ അതിന് കുറവ് വന്നിട്ടുണ്ട്. വനമേഖലയില്‍ ശക്തമായ മഴയോ, ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് ഡാം ഇപ്പോള്‍ വളരെ ചെറിയ തോതില്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. 15 സെ.മി മാത്രമാകും ജലനിരപ്പ് ഉയരുക. കൃത്യമായ മുന്നറിയിപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ നല്കിയിരുന്നു. 94 ശതമാനം ജലനിരപ്പാണ് ഡാമില്‍ ഉണ്ടായിരുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

sabarimala

ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി.