Entertainment

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2: ദി റൂള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി തെലങ്കാനയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ നാര്‍ക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ പരിക്കേറ്റ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവര്‍ത്തകരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

നിര്‍ത്തിയിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലേക്ക് പുഷ്പ 2 യൂണിറ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വന്‍ ഗതാഗതക്കുരുക്കാണ് ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ഉണ്ടായത്. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

കേരളത്തില്‍ നിന്നും പതിനായിരക്കണക്കിന് യുവതികളെ ലവ് ജിഹാദ് നടത്തി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതായി പറയുന്ന വിവാദ ചിത്രമായ ദി കേരള സ്‌റ്റോറിക്കെതിരെ തുടക്കം മുതല്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു .

കൃത്യമായ വിവരങ്ങളില്ലാതെ 30,000ന് മുകളില്‍ സ്ത്രീകള്‍ തീവ്രവാദത്തിലേക്ക് പോയെന്ന ടാഗ്ലൈന്‍ തിരുത്തണമെന്ന സുപ്രീംകോടതിയുടെ ആവശ്യത്തെ തുടര്‍ന്ന് ഈ ഭാഗം വിവരണത്തില്‍ നീക്കിയാണ് ചിത്രം റിലീസിന് എത്തിയത്.

എന്നാല്‍, കേരളവും തമിഴ്നാടുമടക്കം ചുരുക്കം സംസ്ഥാനങ്ങളിലൊഴിച്ച് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. വിവിധ ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ മാസത്തില്‍ ചിത്രം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5ല്‍ റിലീസ് ചെയ്യും. തിയേറ്ററുകളില്‍ നിന്നും ചിത്രം 225 കോടി രൂപയാണ് കളക്ട് ചെയ്തത്. മെയ് അഞ്ചിനായിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്.

സണ്ണി ഡിയോള്‍ അമീഷ പട്ടേല്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച പ്രണയചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’ ജൂണ്‍ 9ന് റീറിലീസിനൊരുങ്ങുന്നു. താരങ്ങള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അമീഷയും സണ്ണിയും തിയറ്ററുകളില്‍ എത്തുന്നു. റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പുതിയ പതിപ്പിന്റെ ട്രയിലര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി. അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ചിത്രം 2001ലാണ് പുറത്തിറങ്ങിയത്.

1947 ല്‍ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. അമരീഷ് പുരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. അമൃത്സറില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ താരാ സിംഗും ലാഹോറിലെ മുസ്‌ലിം കുടുംബത്തില്‍ നിന്നുള്ള സക്കീനയും തമ്മിലുള്ള പ്രണയമാണ് ഗദര്‍: ഏക് പ്രേം കഥ പറഞ്ഞത്. ചിത്രം ബോക്‌സോഫീസില്‍ തരംഗമായി മാറിയിരുന്നു.

അബുദാബിയില്‍ ശനിയാഴ്ച നടന്ന 2023 ഐഐഎഫ്എ അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍.

സെയ്ഫ് അലി ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘വിക്രം വേദ’യില്‍ ആക്ഷന്‍ പാക്ക് പെര്‍ഫോമന്‍സ് കാഴ്ചവച്ചതിനാണ് ഹൃത്വിക്കിന് പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

മികച്ച നടനുള്ള ഐഐഎഫ്എ പുരസ്‌കാരം ഏറ്റുവാങ്ങി ഹൃത്വിക് സന്തോഷം പങ്കുവെച്ചു. വര്‍ഷങ്ങളായി ഞാന്‍ വേദയ്‌ക്കൊപ്പമാണ് ജീവിക്കുന്നത്. അത് ഇവിടെ അബുദാബിയില്‍ വച്ചാണ് ആരംഭിച്ചത്. ഇവിടെയാണ് വേദയായുള്ള എന്റെ ആദ്യ ഷോട്ട് ഞാന്‍ നല്‍കിയത്. ജീവിതം എന്നിലേക്ക് പൂര്‍ണമായി എത്തിയത് പോലെ തോന്നുന്നു. എനിക്കറിയാത്ത എന്റെ ഉള്ളിലെ ഭ്രാന്തിനെ ഇല്ലാതാക്കാന്‍ ‘വിക്രം വേദ’ എന്നെ സഹായിച്ചു. ആ ഭ്രാന്തിനെ കണ്ടെത്താന്‍ എന്നെ സഹായിച്ചതിനും ആ ഭ്രാന്തിനെ പിടിച്ചുനിര്‍ത്താനുള്ള ശക്തി നല്‍കിയതിനും പ്രപഞ്ചത്തിനും വേദയ്ക്കും നന്ദി എന്നാണ് താരം പറഞ്ഞത്.

സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് നടന്‍ ടിനി ടോമിന്റെ പരാമര്‍ശത്തെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് നടന്‍ സുരേഷ് ഗോപി.

പിണറായി വിജയന്‍ ഭരണത്തിന്റെ കാര്യക്ഷമത പരസ്യമാക്കാനുള്ള ഒറ്റയടിക്ക് സിനിമാ വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളില്‍ മയക്കുമരുന്ന് മാഫിയ ചെലുത്തുന്ന സ്വാധീനം കണ്ട് കണ്ണടച്ച് ഇരുട്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമാ ലൊക്കേഷനുകളില്‍ മയക്കുമരുന്ന് ദുരുപയോഗം വര്‍ദ്ധിക്കുന്നത് ഭയന്ന് മകനെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഭാര്യ നിരസിച്ചതായി അടുത്തിടെ ടിനി ടോം വെളിപ്പെടുത്തിയിരുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട് പല്ല് പൊട്ടിയ നടനെ കണ്ടതായി അദ്ദേഹം അവകാശപ്പെട്ടു. മയക്കുമരുന്ന് കൂടുതലുള്ളപ്പോള്‍ അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു, അദ്ദേഹം പറഞ്ഞു.

24 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 160 കോടി നേടിയ ജൂഡ് ആന്റണി ചിത്രം 2018 തിയേറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജൂണ്‍ ഏഴു മുതല്‍ ചിത്രം സോണി ലിവില്‍ ലഭ്യമാകും.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍കതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന മൗറീഷ്യസിലെ ഒരു തിയേറ്ററിന് ഐഎസ് ഭീഷണി. സിനിമ പ്രദര്‍ശിപ്പിക്കുമ്‌ബോള്‍ തിയേറ്ററില്‍ ബോംബ് വയ്ക്കുമെന്നും അത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി.

‘നിങ്ങള്‍ ഈ മോശം സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഞങ്ങള്‍ കുറച്ച് ബോംബുകള്‍ അവിടെ സ്ഥാപിക്കും അതോടെ തിയേറ്റര്‍ തകരും. നിങ്ങള്‍ക്ക് സിനിമ കാണണം, അല്ലേ? ഒരു നല്ല സിനിമ ഞങ്ങള്‍ നാളെ കാണിച്ചു തരാം. ഞങ്ങളുടെ വാക്കുകള്‍ ഓര്‍ത്തോളൂ’-ഇത്തരത്തിലാണ് ഭീഷണി.

ലോകമെമ്ബാടുമുള്ള ഇസ്ലാമിക മതമൗലികവാദികള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രോഷാകുലരാണ്. ഈ സാഹചര്യത്തിലാണ് മൗറീഷ്യസിലെ തിയേറ്ററിന് ഭീഷണിയുണ്ടായിരിക്കുന്നത്.

കൊച്ചി: കരള്‍ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍(48) അന്തരിച്ചു. നിരവധി ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം.

ഹരീഷിന് കരള്‍ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. അതിനാല്‍, നടനെ സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സഹപ്രവര്‍ത്തകര്‍ നേരത്തെ എത്തിയിരുന്നു. സഹായങ്ങള്‍ ലഭിച്ചുതുടങ്ങവെയാണ് നടന്റെ വിയോഗം. സംസ്‌കാരം നാളെ നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്‌ബോള്‍ വിജയഗാഥ തുടരുകയാണ്.

സിനിമ റിലീസ് ചെയ്ത് ഇതിനോടകം 150 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബോക്‌സോഫീസ് കളക്ഷനില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ചിത്രങ്ങളെ പിന്‍തള്ളി കൊണ്ടാണ് ജൂഡ് ആന്തണി ജോസഫിന്റെ ‘2018 Everyone Is A Hero’ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. മലയാള സിനിമ ഇന്റസ്ട്രിയില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രമിപ്പോള്‍.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018 Everyone Is A Hero’ മെയ് 5 നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.

ബോളിവുഡ് താരം രണ്‍ദീപ് ഹൂദ സംവിധാനം ചെയ്യുന്ന ചിത്രം സ്വതന്ത്ര്യ വീര്‍ സവര്‍ക്കറിന്റെ ടീസര്‍ പുറത്ത്. വി.ഡി സവര്‍ക്കറുടെ വേഷത്തില്‍ അഭിനയിക്കുന്നതും രണ്‍ദീപ് തന്നെയാണ്. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ടീസര്‍ അവതരിപ്പിച്ചത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ടീസര്‍.

സവര്‍ക്കറുടെ റോളില്‍ ബിഗ് സ്‌ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയ്യാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയിരിക്കുന്നത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പ്രധാന ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂദ, സന്ദീപ് സിംഗ്, സാം ഖാന്‍, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.