പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണം; ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമർശനവുമായി മാത്യൂ കുഴൽനാടൻ

തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ. പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്സ് പാർട്ടി. അതിനു വേണ്ടി നേതാക്കളെക്കാളും ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവർത്തകരാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ വെയിലും മഴയും കൊണ്ടും, തെരുവിൽ പോലീസിന്റെ അടി വാങ്ങിയും ഈ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം. താൻ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികൾ ഈ പാർട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളിൽ പത്ര മാദ്ധ്യമങ്ങളിൽ വന്ന ചില വാർത്തകൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.