ജീവിതത്തിന്റെ ഓരോ നിമിഷവും ജനങ്ങളെ സേവിക്കാനായി നീക്കിവെയ്ക്കും; പ്രധാനമന്ത്രി

ലഖ്നൗ: 2019-ൽ താൻ വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് തനിക്കുള്ള മുലായത്തിന്റെ ആശീർവാദമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സമാജ്‌വാദി പാർട്ടിയുടേയും കോൺഗ്രസിന്റേയും മുദ്രാവാക്യങ്ങൾ നുണകളാണ്. അവരുടെ ഉദ്ദേശങ്ങൾ നല്ലതല്ല. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അവരുടേയും മക്കളുടേയും ഭാവിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. കുടുംബത്തിന്റേയും വോട്ടുബാങ്കുളുടേയും ക്ഷേമത്തിനായാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയും യോഗിയും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായാണ് പ്രവർത്തിക്കുന്നത്. തങ്ങൾക്ക് കുട്ടികളില്ല. എസ്.പിയുടേയും കോൺഗ്രസിന്റേയും യുവരാജാക്കന്മാരുടെ നിലനിൽപ്പിന് പ്രീണനരാഷ്ട്രീയം അത്യന്താപേക്ഷിതമായി. യാതൊരു വിവേചനവുമില്ലാതെ മുസ്ലിങ്ങൾക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. കോൺഗ്രസും ഇന്ത്യ മുന്നണിയും അവരെ കരുക്കളാക്കുകയാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിഞ്ഞു. നിങ്ങളെ സേവിക്കാൻ തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും താൻ നീക്കിവെക്കും. തനിക്ക് സ്വന്തമായി കുടുംബമില്ല. നിങ്ങളാണ് തന്റെ കുടുംബവും പിന്തുടർച്ചക്കാരുമെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.