Crime

കൊല്ലം: ഉത്രവധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കുമെന്നും കൊല്ലം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി സൂരജിനെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.

ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജ് നൽകിയ മറുപടി. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് ആവശ്യപ്പെട്ടത്. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് പറയാനാവില്ലെന്നും ഉത്രയുടേത് ഒരു കൊലപാതകമല്ലെന്നുമാണ് സൂരജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

കൊച്ചി: കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം മുന്‍പ് വാങ്ങിയ ബോട്ടാണ് 59 ശ്രീലങ്കന്‍ തമിഴരുമായി മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു യുഎസ് സേന പിടികൂടിയത്.

തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാംപുകളില്‍നിന്ന് ഒളിച്ചോടിയവരായിരുന്നു ബോട്ടില്‍. കഴിഞ്ഞ മാസം 22നു കുളച്ചലില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായിരുന്നു. ഈ ബോട്ടാണ് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം പിടിയിലായത്.

ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണ് ഇതെന്നു സ്ഥിരീകരിച്ചു. ബോട്ട് പിന്നീട് മാലദ്വീപ് നാവികസേനയ്ക്കു കൈമാറി. മാലദ്വീപാണു കഴിഞ്ഞ ദിവസം വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചത്. ധുരയിലെയും തിരുച്ചിറപ്പള്ളിയിലെയും അഭയാര്‍ഥി ക്യാപുകളില്‍നിന്നു കണാതായ 59 പേരാണ് പിടിയിലായതെന്നു തമിഴ്‌നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു.

കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരി ആറുമാസം മുന്‍പ് രാമേശ്വരത്തെ ബന്ധുവിനെന്നു പറഞ്ഞാണ് നീണ്ടകര സ്വദേശി ഷെറീഫില്‍നിന്നു ബോട്ട് വാങ്ങിയത്. കേരളത്തിനു പുറത്തേക്കു ബോട്ട് വില്‍ക്കുന്നതിനു നിയമപരമായ തടസ്സമുള്ളതിനാല്‍ ഈശ്വരിയെ ഇടനില നിര്‍ത്തിയതാണെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട് ക്യൂബ്രാഞ്ചും അന്വേഷണം തുടങ്ങി.

മോസ്‌കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്പ്പിനിടെ കെട്ടിടത്തിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇങ്ങനെയും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെല്‍മറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പതിനെട്ടുകാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും സ്ഥലത്തെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വരികയാണെന്നും റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

തിരുവനന്തപുരം: ട്രെയിനിൽ വൻ കവർച്ച. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിലാണ് കവർച്ച നടന്നത്. പണവും സ്വർണ്ണവും മൊബൈലും ഉൾപ്പെടെയുള്ള വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്. നിസാമുദീൻ-തിരുവനന്തപുരം എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കൗസല്യ, വിജയലക്ഷ്മി, മകൾ ഐശ്വര്യ എന്നിവരാണ് കവർച്ചക്കിരയായത്. തമിഴ്‌നാട് സ്വദേശികളാണ് ഇവർ.

വിജയലക്ഷ്മിയുടെ പക്കൽ ഉണ്ടായിരുന്ന 10 പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയപ്പോഴാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയിൽ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം മാത്രമെ വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകിയോ സ്‌പ്രേ ഉപയോഗിച്ചോ സ്ത്രീകളെ ബോധരഹിതരാക്കിയതിന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പുറത്തു നിന്ന ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: മാനസയെ കൊലപ്പെടുത്താനായി പ്രതി രാഖിൽ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ്. മാനസയെ നിരന്തരം നിരീക്ഷിച്ച ശേഷം ആസൂത്രണം ചെയ്താണ് രാഖിൽ കൊലപാതകം നടത്തിയത്. 7.62 എംഎം പിസ്റ്റളാണ് കൊലപാതകം നടത്താനായി രാഖിൽ ഉപയോഗിച്ചത്. ഇത് എവിടെ നിന്നാണ് രാഖിൽ സംഘടിപ്പിച്ചതെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മംഗലാപുരം ഭാഗത്ത് നിന്നാണോ കണ്ണൂരിൽ നിന്നും തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കേരളത്തിൽ നിന്നാണ് തോക്ക് വാങ്ങിയതെങ്കിൽ 60000 രൂപ മുതൽ 70000 രൂപ വരെ ചെലവായിക്കാണുമെന്നുമെന്നാണ് പോലീസിന്റെ നിഗമനം. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലൊക്കെ 30000 മുതൽ 40000 രൂപ വരെയാണ് ഇത്തരം പിസ്റ്റലുകളുടെ വിലയെന്ന് കേരള പോലീസിലെ ആയുധ വിദഗ്ദ്ധൻ ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാൻ ഇത്തരം പിസ്റ്റളുകൾക്ക് കഴിയും. ഒറ്റ സെക്കന്റ് വ്യത്യാസത്തിൽ ഫയർ ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത. ലൈസൻസോടെ ഇത്തരം പിസ്റ്റൾ വാങ്ങാൻ 80000 രൂപ വരെയാണ് നൽകേണ്ടത്. ജമ്മുവിൽ നിന്ന് പിരിഞ്ഞുവരുമ്പോൾ സൈനികർ ഇത്തരം തോക്കുകൾ ലൈസൻസോടെ വാങ്ങുന്നത് ഈ വിലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

രാഖിൽ എവിടെ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് കണ്ടെത്താനായി ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.

വെള്ളിയാഴ്ച്ചയാണ് മെഡിക്കൽ വിദ്യാർത്ഥിനിയായി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ എന്ന യുവാവ് ജീവനൊടുക്കിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രാഖിൽ മാനസയുടെ താമസ സ്ഥലത്തെത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ പോലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയി. എന്നാൽ ഇതിനിടെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടുവെന്നും മുറി തുറന്ന് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടതെന്നും ഇവർ വ്യക്തമാക്കി.

കോതമംഗലം: നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്താനായി യുവാവ് എത്തിയത് കണ്ണൂരിൽ നിന്നാണെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് മെഡിക്കൽ വിദ്യാർത്ഥിനിയായി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ എന്ന യുവാവ് ജീവനൊടുക്കിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രാഖിൽ മാനസയുടെ താമസ സ്ഥലത്തെത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ പോലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയി. എന്നാൽ ഇതിനിടെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടുവെന്നും മുറി തുറന്ന് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടതെന്നും ഇവർ വ്യക്തമാക്കി.

കണ്ണൂര്‍: മലയാളി മനഃസാക്ഷിയെ ഞെട്ടിച്ച സ്യൂട്ട്കേസ് കൊലപാതത്തിന് ഇന്ന് 25 വയസ്.1996 ജൂലൈ 11 നായിരുന്നു സംഭവം. കേസിലെ പ്രതി ഡോ. ഓമന ഇപ്പോഴും കാണാമറയത്താണ്.പയ്യന്നൂരിലെ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂര്‍ ചേടമ്പത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകള്‍. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭര്‍ത്താവ്. സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനൊപ്പം ഊട്ടിയിലെത്തിയ ഓമന വിശ്രമമുറിയില്‍ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു.

മുരളീധരനെ ലോഡ്ജിലെ മുറിയില്‍ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. പിന്നീട് അവ രണ്ട് സ്യൂട്ട്കേസുകളിലായി നിറച്ച്, ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിലേക്കും യാത്രചെയ്യവേ ദിണ്ഡിക്കലില്‍വച്ചാണു പിടിയിലാകുന്നത്. സ്യൂട്ട്കെയ്സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ടാക്സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്നാട് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.എന്നാല്‍ 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ മുങ്ങുകയായിരുന്നു. സുകുമാരക്കുറുപ്പിനെപ്പോലെ കാണാമറയത്താണവര്‍. ഈ സംഭവം പിന്നീട് സ്യൂട്ട്കേസ് കൊലപാതകം എന്നാണ് അറിയപ്പെട്ടത്. ഓമന ഇപ്പോഴും മലേഷ്യയില്‍ ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.

തിരുവനന്തപുരം: സ്ത്രീധനപീഡനപരാതികള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിച്ചു. പത്തനംതിട്ട എസ് പി ആര്‍ നിശാന്തിനിക്കാണ് പുതിയ ചുമതല. പരാതികള്‍ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത ഇന്ന് പ്രവര്‍ത്തനം തുടങ്ങും. വെബ്‌സൈറ്റിലൂടെയും 9497996992 എന്ന നമ്പറിലുമാണ് പരാതികള്‍ അറിയിക്കേണ്ടത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ നല്‍കാം. നമ്പരുകള്‍- 9497900999, 9497900286.ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹമെന്നും വിവാഹത്തെ വ്യാപാര കരാറായി തരം താഴ്ത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, കൊല്ലത്ത് മരിച്ച വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍കുമാറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കിരണിന്റെ മൊബൈല്‍ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ കിരണിനെ കഴിഞ്ഞദിവസം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിസ്മയ മരിക്കുന്നതിന്റെ തലേന്ന് കിരണിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലം: കൊല്ലത്ത് വിസ്മയ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടി. മോട്ടോര്‍വാഹന വകുപ്പില്‍ എഎംവിഐ ആയ കിരണിനെ സസ്‌പെന്‍ഡ് ചെയ്യു. നിലവില്‍ പൊലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കിരണിനെതിരെ നടപടി സ്വീകരിക്കാത്ത മോട്ടോര്‍ വാഹന വകുപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ കുരുക്കിലാക്കി പോലീസ് റിപ്പോർട്ട്. കണ്ടെടുത്ത പണം ബിജെപിയുടേത് തന്നെയാണെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പണം തങ്ങളുടേതല്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഇത് ഹവാല പണമാണെന്നും കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. പണം തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ധർമരാജന്റെ ഹർജിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പണം വന്നത് കർണാടകത്തിൽ നിന്നാണെന്നും ബി.ജെ.പിയുടെ നേതാക്കൾ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച ഹവാല പണമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ ജില്ലാ ട്രഷറർക്ക് നൽകാനാണ് ഈ പണം കൊണ്ടു വന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധർമരാജൻ ഹവാലപ്പണം കൊണ്ടു വന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

രണ്ട് ലക്ഷം രൂപ വരെ കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതിയുള്ളത്. എന്നാൽ ധർമ്മരാജന്റെ ഡ്രൈവർ സന്ദീപിന്റെ കൈവശം ഉണ്ടായിരുന്നത് മൂന്നരക്കോടി രൂപയായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന ഒന്നും തന്നെ ധർമരാജൻ കാണിച്ചിട്ടില്ല. ഈ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചാൽ തന്നെ അത് പുനഃപരിശോധിക്കണമെന്നും പോലീസ് പറയുന്നു.