Patriotism

ന്യൂഡൽഹി: തോട്ടപ്പള്ളി കരിമണൽ ഖനനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. കെ.എം.എം.ആർ.എൽ, ഐ.ആർ.ഇ എന്നീ സ്ഥാപനങ്ങൾ തോട്ടപ്പള്ളി പൊഴിമുഖത്ത് നടത്തുന്ന ഖനനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുമാറാണ് ഹർജി നൽകിയത്. കരിമണൽ ഖനനം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചെങ്കിലും പൊഴിമുഖത്തെ ഖനനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് കോടതി നോട്ടീസ് അയച്ചത്.

അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ഹർജിക്കാരനായ സുരേഷ് കുമാറിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കേന്ദ്ര സർക്കാരിന്റെ അനുമതി തേടാതെയാണ് ഖനനം നടത്തുന്നത് എന്ന് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. സീനിയർ അഭിഭാഷകൻ വി ചിദംബരേഷാണ് കെ.എം.എം.ആർ. എൽന് വേണ്ടി ഹാജരായത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽ നീക്കമെന്ന് അദ്ദേഹം വാദിച്ചു. തടസ്സ ഹർജി നൽകിയ കെ.എം.എം.എല്ലിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷന് പുറമെ, അഭിഭാഷകൻ എ കാർത്തിക്കും ഹാജരായിരുന്നു.

തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് രാത്രിയോടെ ലഭ്യമാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.

കരട് പട്ടികയില്‍ രണ്ട് ഘട്ടമായി അപ്പീല്‍ സമര്‍പ്പിക്കാം. പഞ്ചായത്ത് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളില്‍ സഗരസഭാ സെക്രട്ടറിക്കുമാണ് നല്‍കേണ്ടത്. ആദ്യഘട്ട അപ്പീല്‍ ജൂണ്‍ 17നകം നല്‍കണം. ജൂണ്‍ 28 ന് ഈ പരാതികള്‍ തീര്‍പ്പാക്കും. രണ്ടാം ഘട്ടത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ജൂലൈ 8നകം അപ്പീല്‍ നല്‍കണം. ഈ അപ്പീലുകള്‍ ജൂലൈ 20നകം തീര്‍പ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: 73 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. ഡൽഹിയിലെ രാജ്പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും സാന്നിദ്ധ്യത്തിൽ റിപ്പബ്ലിക്ക് ദിന പരേഡ് നടന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. സൈനിക അഭ്യാസ പ്രകടനങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്ത് തെളിയിച്ചു കൊണ്ട് ആയുധങ്ങൾ വഹിച്ചുള്ള ടാങ്കറുകളും പരേഡിൽ പങ്കെടുത്തു.

കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ആഘോഷ ചടങ്ങുകൾ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥി ഉണ്ടായിരുന്നില്ല. 21 നിശ്ചലദൃശങ്ങളാണ് പരേഡിലുണ്ടായിരുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ മേധാവികളും ചടങ്ങിൽ പങ്കെടുത്തു. പത്തരയോടെയാണ് രാജ് പഥിൽ പരേഡ് ആരംഭിച്ചത്. 75 ആകാശയാനങ്ങൾ പങ്കെടുക്കുന്ന ‘ഇന്ത്യൻ എയർഫോഴ്‌സ് ഷോ ഡൗൺ’, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തെരഞ്ഞെടുത്ത 480 -ൽ പരം നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘വന്ദേഭാരതം’ നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമൻ സ്‌ക്രോളുകൾ അണിനിരക്കുന്ന ‘കലാ കുംഭ്’, എഴുപത്തഞ്ചു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗ്, സ്‌കൂൾ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന ‘വീർ ഗാഥ’ പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പൻ LED സ്‌ക്രീനുകൾ, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകൾ തുടങ്ങിയവയും ചടങ്ങിലുണ്ടായിരുന്നു.

അതേസമയം ഡൽഹിയിൽ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

ന്യൂഡൽഹി: 2021 ലെ നാവിക കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു. ഡൽഹിയിൽ ആരംഭിച്ച കമാൻഡേഴ്‌സ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർവ്വഹിച്ചു.

ഇന്ത്യൻ നാവികസേന വാങ്ങിയ 41 അന്തർവാഹിനികളിൽ 38 എണ്ണവും നിർമ്മിച്ചത് ഇന്ത്യൻ ഷിപ്പ്യാഡിൽ നിന്നാണെന്നത് അഭിമാനകരമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആത്മ നിർഭാർ ഭാരത് എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഇതുവരെ നേടിയ വിജയത്തിന്റെ വേഗത നിലനിർത്തേണ്ടത് പ്രധാനമാണെന്നും സർക്കാർ സ്വീകരിച്ച നടപടികൾ അതിന് കൂടുതൽ ശക്തി നൽകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ‘ആത്മ നിർഭാർ ഭാരത്’ എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പൽ നിർമ്മാണത്തിൽ സ്വദേശിവൽക്കരണം, അന്തർവാഹിനികളുടെ നിർമ്മാണം തുടങ്ങിയവയിൽ മുൻപന്തിയിലാണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ മഹാ സമുദ്രപാതയിലെ ഒരു പ്രധാന രാജ്യം എന്ന നിലയിൽ ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ നാവികസേനയുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാവികസേന ഫലപ്രദമായി നിർവഹിക്കുന്നതിൽ പ്രതിരോധ മന്ത്രി സന്തോഷം അറിയിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയംപര്യാപ്തമായിക്കഴിഞ്ഞെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി. മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇനി ഒറ്റയ്ക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് സാധിക്കും. മേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിആര്‍ഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെയും മറ്റു ശാസ്ത്രജ്ഞരുടെയും പങ്ക് സുപ്രധാനമായിരുന്നെന്നും സതീഷ് റെഡ്ഡി ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസ്സൈല്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (ഐജിഎംഡിപി) ഭാഗമായി പൃഥ്വി, ആകാശ്, ത്രിശൂല്‍, നാഗ് എന്നീ മിസ്സൈലുകള്‍ നാം വികസിപ്പിച്ചിട്ടുണ്ടെന്നും, രാജ്യം കൈവരിച്ച സാങ്കേതിക നേട്ടത്തിന്റെ ഉദാഹരണമായിരുന്നു അഗ്‌നി മിസൈല്‍. ഇതോടെ ശത്രുമിസൈലിനെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള മിസൈലുകള്‍ കൈവശമുള്ള ഏതാനും രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചെന്നും സതീഷ് റെഡ്ഡി അറിയിച്ചു. ഇന്ത്യയുടെ എ-സാറ്റ് (ആന്റി സാറ്റലൈറ്റ്) മിസൈല്‍ 2019 മാര്‍ച്ചില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതോടെ ഈ സാങ്കേതികത കൈവശമുള്ള യുഎസ്, റഷ്യ, ചൈന തുടങ്ങിയ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയില്‍ ഡ്രോണ്‍ അധിഷ്ഠിത ആയുധങ്ങള്‍ക്ക് പുതിയ കാലത്ത് സുപ്രധാന പങ്കാണുള്ളതെന്നും, ഈ മേഖലയിലും ഇന്ത്യ കാര്യമായ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ നമ്മുടെ യുവാക്കളായ ഗവേഷകര്‍ നിരവധി സങ്കേതങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സതീഷ് റെഡ്ഡി വ്യക്തമാക്കി.

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തുന്ന ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കാനുള്ള വന്‍ ഓപ്പറേഷനുമായി സൈന്യം കശ്മീരില്‍. കഴിഞ്ഞ രണ്ടു ദിവസമായി ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

2016 സെപ്റ്റംബര്‍ 16ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. ആയുധ ധാരികളായ ആറംഗസംഘമാണ് കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകറാന്‍ ശ്രമിച്ചത്. ഇവരുമായുള്ള വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും നിലവിലെ അവസ്ഥയെകുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമികുന്നത്.

ടോക്കിയോ: രവീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മ ദിനത്തില്‍ ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയത് ചരിത്ര നിയോഗം. ടോക്കിയോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം നേടിയ തലയെടുപ്പില്‍ നീരജ് ചോപ്ര നിന്നപ്പോള്‍ വേദിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ തൂലികയില്‍ വിരിഞ്ഞ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് ഇന്ത്യ നല്‍കുന്ന സ്മരണാഞ്ജലിയായി മാറിയത് ചരിത്ര നിയോഗം തന്നെ. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുന്നത്.

ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് ചോപ്ര 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നീരജ് നേടിയത്.

ജമ്മു: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയായ ബി എഫ് എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മിലുള്ള സെക്ടര്‍ കമാന്‍ഡര്‍ കൂടിക്കാഴ്ചയില്‍ ജമ്മുവിലെ ഡ്രോണ്‍ ആക്രമണങ്ങളില്‍ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചു. ഫെബ്രുവരിയില്‍ ഡിജിഎംഒകള്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി കാവല്‍ സേനകള്‍ തമ്മിലുള്ള ആദ്യ സെക്ടര്‍ കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗായിരുന്നു ഇത്.

കൂടിക്കാഴ്ചയില്‍ ഡ്രോണ്‍ ആക്രമണത്തിനാെപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്ന് തുരങ്കങ്ങള്‍ കുഴിക്കല്‍, അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട മറ്റുചില പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടി.നേരത്തേ ഡി ജി തലത്തിലുള്ള ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ഇരുപക്ഷവും തീരുമാനത്തിലെത്തുകയും ചെയ്തു. കഴിഞ്ഞമാസം അവസാനമാണ് ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തു.

ശ്രീനഗര്‍: ജമ്മുവിലെ മൂന്ന് പ്രദേശങ്ങളില്‍് വീണ്ടും ഡ്രോണ്‍ കണ്ടെത്തി. മിറാന്‍ സാഹിബ്,കലുചക്,കുഞ്ച്വാനി എന്നിവടങ്ങളിലാണ് ഇന്ന് രാവിലെ ഡ്രോണ്‍ പറക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പുലര്‍ച്ചെ 4.40 മുതല്‍ ഡ്രോണ്‍ കലുചക്കിന് മുകളിലൂടെ പറക്കുന്നത് കണ്ടെന്നും, 4.52 ന് കുഞ്ച്വാനി പ്രദേശത്ത് എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ സിഗ്‌നലിന് സമീപം മറ്റൊരു ഡ്രോണ്‍ കണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സൈനിക ക്യാമ്പുകള്‍ക്ക് സമീപമാണ് ഡ്രോണുകള്‍ കണ്ടത്. കനത്ത ജാഗ്രതയിലാണ് രാജ്യം. ഇന്നലെ സഞ്ചുവാന്‍ സൈനിക ക്യാമ്പിനു സമീപത്ത് ഉള്‍പ്പെടെ മൂന്നിടത്തായി ഡ്രോണുകള്‍ കണ്ടിരുന്നു. ഞായറാഴ്ച എയര്‍ഫോഴ്‌സ് സ്റ്റേഷന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിനെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂഡൽഹി: 2022 ൽ 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് വ്യോമസേന മേധാവി ആർകെഎസ് ബദൗരിയ. ദുണ്ഡിഗലിൽ നടന്ന എയർഫോഴ്സ് അക്കാദമിയുടെ സംയുകത ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ആണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തേണ്ട അന്തിമസമയം. കോവിഡ് സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് ചില കാലതാമസം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചില റഫാൽ യുദ്ധവിമാനങ്ങൾ പറഞ്ഞ സമയത്തേക്കാൾ നേരത്തെ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താൽ റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയിൽ ഭാഗമായി മാറ്റുന്ന പദ്ധതിയുടെ കാര്യത്തിൽ സമയബന്ധിതമായി മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി, 2022 ഏപ്രിൽ മാസത്തോടെ മുഴുവൻ റഫാൽ ജെറ്റുകളും എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ അറിയിച്ചിരുന്നു. 2016 സെപ്തംബറിലാണ് ഫ്രാൻസിൽ നിന്നും 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതാണ് കരാർ. കരാറിന്റെ ഭാഗമായി 18 റഫാൽ യുദ്ധവിമാനങ്ങളാണ് ഇതുവരെ രാജ്യത്തെത്തിയത്.

ഫ്രഞ്ച് വ്യോമയാന മേഖലയിലെ അതികായൻമാരായ ഡസോൾട്ട് ഏവിയേഷനാണ് ഇന്ത്യയ്ക്ക് റഫാൽ വിമാനങ്ങൾ നിർമ്മിച്ച് നൽകുന്നത്. രാത്രിയും പകലും ഒരുപോലെ ആക്രമണ ശേഷിയുണ്ടെന്നതാണ് റഫാൽ യുദ്ധവിമാനങ്ങളുടെ സവിശേഷത. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ കുതിക്കാനുള്ള ശേഷിയുും റഫാൽ വിമാനങ്ങൾക്കുണ്ട്.