Latest News

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കാൻ ഇനി റാപ്പിഡ് റിപ്പയർ ടീം. സർവീസിനിടയിൽ ബസ് വഴിയിലായാൽ ഡിപ്പോകളിൽ നിന്നുള്ള വർക് ഷോപ് വാനുകൾ എത്തി തകരാർ പരിഹരിക്കുന്നതാണ് നിലവിലെ രീതി. ആ കാലതാമസം ഇതോടെ ഒഴിവാകും. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയും. റാപ്പിഡ് റിപ്പയർ ടീമിനായി നാല് വീലുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്.

ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്‌പെയർപാർട്‌സും കരുതിയിരിക്കും. അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. റാപ്പിഡ് റിപ്പയർ ടീമിന് ആവശ്യമായുള്ള വാഹനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

കോട്ടയം: സൗജന്യമായി നൽകിയ എടിഎം കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. സർവീസ് പെൻഷൻകാരും കോട്ടയം കാരപ്പുഴ സ്വദേശികളുമായ വി.കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാർ.

കോട്ടയം പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ.ടി.എം കാർഡുകൾ നൽകിയത്. ഇവ സൗജന്യമാണെന്ന ഉറപ്പുംനൽകിയിരുന്നു. പരാതിക്കാർ എ.ടി.എം കാർഡുകൾ സജീവമാക്കിയില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡുകളുടെ വാർഷിക മെയിന്റെനൻസ് ചാർജായി 147 രൂപ വീതം ഈടാക്കി. തുടർന്നു പരാതിക്കാർ കാർഡു തിരികെ നൽകി ഈടാക്കിയ തുക മടക്കിനൽകണമെന്നാവശ്യമുന്നയിച്ചെങ്കിലും നൽകാനാവില്ലെന്നു തപാൽ വകുപ്പ് വ്യക്തമാക്കി. തുടർന്നാണു പരാതിക്കാർ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

മുൻകൂട്ടി പറയാതിരുന്ന മെയിന്റനൻസ് ചാർജ്ജ് ഈടാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷൻ ഒമ്പതുശതമാനം പലിശ നിരക്കിൽ സർവീസ് ചാർജ് തിരികെ നൽകാൻ ഉത്തരവിട്ടു. കൂടാതെ നഷ്ടപരിഹാരമായി 5000 രൂപയും കോടതിചെലവായി 2000 രൂപയും എതിർകക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതർ നല്കണമെന്ന് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

കൊച്ചി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അമല പോൾ. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്ന് അമലാ പോൾ വ്യക്തമാക്കി. സിനിമ പ്രമോഷന്റെ ഭാഗമായി കോളജിലെ ഒരു പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താരത്തിനെതിരെ വിമർശനവുമായി കാസയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ താൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് താൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്ന് താരം അഭിപ്രായപ്പെട്ടു.

അതിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. താൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ തന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോൾ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അതുതന്നെയാണ് തനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, തനിക്ക് ഇഷ്ടമുള്ളതാണ് താൻ ധരിച്ചതെന്നും അമലാ പോൾ വിശദമാക്കി.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വർഷം മുതൽ പത്തു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്‌നങ്ങളുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണ്. ഇത് ഒരു രോഗലക്ഷണമായി വേണം കാണാൻ. ഇതിനുള്ള ചികിത്സ കൂട്ടായി നൽകുന്നതിനാണ് എല്ലാവരെയും ചേർത്ത് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവും അദാലത്തിൽ പങ്കെടുത്തു. തൃശൂർ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ കഴിഞ്ഞ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്‌കൂൾ ടീച്ചർമാരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ മന്ത്രി വി. ശിവൻ കുട്ടി സ്ഥാപനത്തിന്റെ കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന് കൈമാറി. 2012 ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെ തുടർന്നാണ് അതിനു ശേഷം നടത്തിയ നിയമനങ്ങൾ അംഗീകരിക്കാൻ കഴിയാതിരുന്നത്. മന്ത്രി പി.രാജീവിന്റെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി പ്രശ്‌നത്തിൽ ഇടപെടുകയും കഴിഞ്ഞ ആറുമാസത്തോളമായി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. അംഗീകരിക്കപ്പെടാതിരുന്ന സ്വർണ റാഫേൽ എന്ന അധ്യാപികയുടെ നിയമനം പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവായതോടെയാണ് ഇത്രയധികം പേരുടെ നിയമനങ്ങളും അംഗീകരിക്കപ്പെട്ടത്.

വർഷങ്ങളായി നിയമന അംഗീകാരവുമായി ബന്ധപ്പെട്ട തടസങ്ങളെ തുടർന്ന് ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന അധ്യാപകരുടെ ജീവിതത്തിൽ വിദ്യാഭ്യാസ മന്ത്രി ഒരു വെളിച്ചമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിരവധി സർക്കാരുകൾ മാറി വന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.

സർക്കാർ ഏറ്റെടുത്ത എയ്ഡഡ് സ്‌കൂളുകളുടെ ഏറ്റെടുക്കൽ ഉത്തരവും വർഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ കൈമാറി. മുളവുകാട് ഗവ. എൽപി സ്‌കൂൾ, തൃപ്പൂണിത്തുറ പെരുമ്പിള്ളി ഗവ. യുപി സ്‌കൂൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. വിവിധ സ്‌കൂളുകളിൽ നിയമന ഉത്തരവ് ലഭിക്കാതിരുന്ന കെ.ജെ. ഡിജോ, സിസ്റ്റർ ലാലി, റിനി ജോസഫ്, സ്മിതേഷ് ഗോപിനാഥ്, സുനിത, പി. ധന്യാമോൾ, ജിസ്മ ബിസ് ബാബു, ആൽഫ്രഡ് ബേബിച്ചൻ, ഐറിൻ ജോർജ്, ജിഷി എന്നിവർ നിയമന ഉത്തരവ് ഏറ്റുവാങ്ങി. പത്ത് വർഷമായി ലീവിൽ പോയതിനെ തുടർന്ന് മരവിച്ച പി എഫ് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുന്നതുമായി അഞ്ച് വർഷമായി കെട്ടിക്കിടന്ന മുവാറ്റുപുഴ ഗവ. ടി ടി ഐ യിലെ പി.എസ്. ഷിയാസിന്റെ പ്രശ്‌നത്തിനുള്ള പരിഹാരവും വേദിയിൽ മന്ത്രി വിതരണം ചെയ്തു.

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ആണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി ), എച്ച് എസ് പ്രണോയ് ( ബാഡ്മിന്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്‌സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക.

കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിന്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമാണെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന സർക്കുലറാണിതെന്ന് അദ്ദേഹം അറിയിച്ചു.

നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. മന്ത്രിയെന്ന നിലയിൽ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കുലർ പുറത്തിറക്കിയത് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണറാണ്.

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

തിരുവനന്തപുരം: ജൂലൈ 27ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ 607 സെന്ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.

607 സെന്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്ലൈൻ – 0471-2463799 എന്ന നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്‌സാപ്പ് – 9497722205 ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) 2021 മുതൽ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികൾക്ക് നൽകുന്നതും ഇന്ത്യയിൽ തന്നെ ആദ്യമായി നമ്മുടെ സംസ്ഥാനത്തിലാണ്. ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതൽ തിരഞ്ഞെടുത്ത രോഗികളിൽ നമ്മൾ നൽകി വരുന്നുണ്ട്. കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും വിലകൂടിയ മരുന്ന് നൽകുവാൻ തീരുമാനിച്ചിട്ടുള്ളത്.

കുട്ടികൾ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയിൽ 2 തവണ വീതമുള്ള ആശുപത്രി സന്ദർശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂൾ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും സാധിക്കുന്നതുമാണ്.

കേരളത്തിൽ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻകാലങ്ങളിൽ മെഡിക്കൽ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ൽ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചതും ഈ സർക്കാരിന്റെ കാലത്താണ്. എണ്ണത്തിൽ കുറവാണെങ്കിലും ഹീമോഫിലിയ പോലെയുള്ള അപൂർവ രോഗം ബാധിച്ചവരേയും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ എക്കാലവും സ്വീകരിച്ചു വരുന്നത്.

തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ ഏതു ചെറിയ തുകയും ഇ-പോസ് സംവിധാനത്തിലൂടെ അടക്കാനും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനം നടപ്പിലാക്കാനും രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വകുപ്പ് തല അവലോകന യോഗത്തിലാണ് തീരുമാനമായത്. വകുപ്പിന്റെ ഈ വർഷത്തെ പദ്ധതികളും 100 ദിന പരിപാടികളും യോഗത്തിൽ വിലയിരുത്തി. ആഗസ്റ്റ് ഒന്നു മുതൽ രജിസ്‌ട്രേഷൻ നടപടികൾക്ക് സമ്പൂർണ ഇ-സ്റ്റാമ്പിംഗ്, കണ്ണൂർ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരപകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം, നിർമ്മാണം പൂർത്തിയാക്കിയ ഉുദമ, ചിറയിൻകീഴ്, മാള, മലയിൻകീഴ്, പുളിങ്കുന്ന്, വർക്കല എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനം എന്നിവ 100 ദിന പരിപാടികളുടെ ഭാഗമായി നടക്കും.

കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാത്തവ അടിയന്തിരമായി മാറ്റാൻ മന്ത്രി കർശന നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ രജിസ്‌ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്, വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രമോദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ന്യൂഡൽഹി: കേരളാ നിയമസഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഗവർണർക്ക് സുപ്രീംകോടതി നോട്ടീസ്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. പശ്ചിമ ബംഗാൾ ഗവർണർക്കും സമാനമായ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്.

നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയിൽ കേരളം വാദിക്കുന്നത്. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ.