International

ഇസ്ലാമബാദ്: ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ധന വില കുറച്ചുകൊണ്ടുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെയാണ് ഇമ്രാൻ ഖാൻ അഭിനന്ദിച്ചത്.

അമേരിക്കയുടെ സമ്മർദ്ദം വകവയ്ക്കാതെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായാണ് ഇന്ത്യൻ സർക്കാർ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങിയതെന്നന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡിന്റെ ഭാഗമായിരുന്നിട്ട് പോലും അമേരിക്കയുടെ സമ്മർദ്ദം സഹിക്കുകയും, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഇന്ത്യ കുറഞ്ഞ വിലയിൽ എണ്ണ വാങ്ങുകയും ചെയ്തുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം, നിലവിലെ പാക് സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് പാകിസ്താന്റെ സമ്പദ് വ്യവസ്ഥ ഇത്രത്തോളം വഷളായതെന്നാണ് ഇമ്രാൻ ആരോപിച്ചു. തന്റെ രാജ്യം ഇപ്പോൾ തലയില്ലാത്ത കോഴിയെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥയുമായി മൂക്കുകുത്തി താഴേയ്ക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്‌കോ: അമേരിക്കക്കെതിരെ നടപടി കടുപ്പിച്ച് റഷ്യ. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് റഷ്യ യാത്രാ വിലക്കേർപ്പെടുത്തി. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം.

അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനും നിരവധി പ്രമുഖ അമേരിക്കൻ-കനേഡിയൻ പൗരന്മാർക്കും നേരത്തെ റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ നടപടി.

യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ അമേരിക്ക കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കക്കെതിരെ റഷ്യയുടെ നീക്കം. വിലക്കേർപ്പെടുത്തിയ മുഴുവൻ ആളുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ടെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി ഇറാനും. അവശ്യസാധനങ്ങൾക്ക് നാലിരട്ടി വരെ വില വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്ത് ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇറാനിൽ മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. അതിനാൽ തന്നെ ഇവിടുന്ന് അധികം വിവരങ്ങളൊന്നും പുറത്തുവരാറില്ല. ഇറാനിലെ പ്രധാന നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. നഗരങ്ങളിലെ നിരവധി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടതായും വിവരമുണ്ട്. രാജ്യത്തെ സബ്‌സിഡികൾ ഒറ്റയടിക്ക് നിർത്തിയതാണ് നിലവിലെ വിലവർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിക്കെതിരെയും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും എതിരെ ജനരോക്ഷം ശക്തമാകുകയാണ്. പ്രതിഷേധം കനത്തത്തോടെ ഇറാനിലെ പ്രധാന നഗരങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ നിർത്തലാക്കി.

ന്യൂഡൽഹി: പാങ്‌ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച്, സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ ലഡാക്കിന് സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ചൈനയുടെ കൈവശമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിൽ ചൈന നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ വിശകലനം ചെയ്തു. തടാകത്തിന് കുറുകെ രണ്ടാമതൊരു പാലമാണ് നിർമ്മിക്കുന്നതെന്നും അല്ല, ആദ്യത്തെ പാലം വികസിപ്പിക്കുന്നതാണെന്നും ചില സൂചനകളുണ്ട്. ഇക്കാര്യം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം വിശദമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മാർച്ചിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ, ചൈനയുടെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. ചൈനയുമായി നയതന്ത്ര – സൈനിക തലത്തിൽ ചർച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ പരമ്പരാഗത ചികിത്സാ രീതികൾ നിർദേശിച്ച് സർക്കാർ. ചുക്കുകാപ്പി കുടിക്കുന്നത് അടക്കമുള്ള പാരമ്പര്യ ചികിത്സ രീതികൾ കൊണ്ട് കോവിഡ് വ്യാപനം തടയാനാണ് ഉത്തര കൊറിയൻ സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തര കൊറിയയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ വരെ ആളുകൾക്ക് ചികിത്സ സൗജന്യമാണ്.

2020-ൽ കോവിഡ് വ്യാപനം ആരംഭിച്ചതോടെ കിം ജോങ് ഉൻ ഉത്തരകൊറിയയുടെ അതിർത്തികൾ അടച്ചിട്ടു. കോവിഡ് പ്രതിരോധ കുത്തിവെപ്പടക്കമുള്ള വിദേശ ഏജൻസികളുടെ സഹായങ്ങൾ ഉത്തര കൊറിയ നിരസിക്കുകയും ചെയ്തിരുന്നു.

കോവിഡിനെതിരെ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടിരുന്നു. ഇത് വലിയ കടുത്ത ക്ഷാമത്തിലേക്കും രാജ്യത്തെ നയിച്ചിരുന്നു. അന്താരാഷ്ട്ര ഏജൻസികൾ വാക്‌സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കിം ജോങ് ഉൻ അനുവദിച്ചിരുന്നില്ല. അതിനാൽ തന്നെ കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

വാഷിംഗ്ടൺ: അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. അമേരിക്കയിലെ ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഭ്യർത്ഥിച്ചു.

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ തുടങ്ങിയവയാണ് കുരങ്ങുപ്പനിയുടെ രോഗലക്ഷണങ്ങൾ. മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങുകളും പ്രത്യക്ഷപ്പെടുന്നു. ശരീരത്തിൽ പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നത്. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

റിയാദ്: ഇന്ത്യൻ ഹാജിമാർക്ക് മക്ക, മദീന പുണ്യനഗരങ്ങളിൽ സൗകര്യങ്ങളൊരുക്കുന്നത് അന്തിമ ഘട്ടത്തിൽ. കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഹാജിമാരുടെ സൗകര്യങ്ങൾ വിലയിരുത്താനായി സൗദിയിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദീനയിൽ ഇന്ത്യൻ ഹാജിമാർക്കുള്ള താമസ സൗകര്യങ്ങൾ ഒരുക്കുന്നത് പൂർത്തിയായിട്ടുണ്ട്. മസ്ജിദുന്നബവിയുടെ തൊട്ടരികിലാണ് ഇപ്രാവശ്യം ഇന്ത്യൻ ഹാജിമാരുടെ താമസം. ഇതിനായി ഹോട്ടൽ മാനേജ്‌മെന്റുകളുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. ഇത്തവണത്തെ ഹജ്ജ് നടപടികൾ പൂർത്തിയാക്കാൻ വളരെ കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ നിന്നും ഹജ്ജ് കമ്മിറ്റിയും സൗദിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും അശ്രാന്ത പരിശ്രമം നടത്തി പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മക്കയിൽ ഹാജിമാർക്ക് സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യം കണക്കാക്കി മുഴുവൻ ഹാജിമാർക്കും അസീസിയയിലാണ് താമസസൗകര്യം ഒരുക്കുന്നത്. ഇവിടെ നിന്നും മസ്ജിദുൽ ഹറമിലേക്ക് കുറഞ്ഞ നിരക്കിൽ ബസ് സർവിസ് നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ നടക്കുന്നു. 79,362 ഹാജിമാരാണ് ഈ വർഷം ഇന്ത്യയിൽനിന്ന് എത്തുന്നത്. മെയ് 31 നായിരിക്കും ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എന്നാൽ ആദ്യ വിമാനം എവിടെ നിന്നാണെന്ന് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കനുവദിച്ച ഹജ്ജ് ക്വാട്ടയിൽ എന്തെങ്കിലും വർദ്ധനവ് സാധ്യമാണോയെന്ന് സൗദി അധികൃതരോട് ചോദിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 21 ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ 10 ആക്കി ചുരുക്കിയതുകൊണ്ടാണ് ഇപ്രാവശ്യം കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കാതിരുന്നത്. എന്നാൽ മലബാറിന്റെ തലസ്ഥാനമാണ് കോഴിക്കോടെന്നും കരിപ്പൂർ വിമാനത്താവളം അടുത്ത പ്രാവശ്യം ഹജ്ജ് എംബാർക്കേഷൻ പോയിൻറായി നിലനിർത്താനും വിമാനത്താവളത്തെ എല്ലാവിധത്തിലും സംരക്ഷിക്കാനും എല്ലാ ശ്രമങ്ങളും നടത്തും. കണ്ണൂർ വിമാനത്താവളവും ഹജ്ജ് എംബാർക്കേഷനായി തെരഞ്ഞെടുക്കണമെന്ന് ആവശ്യം വന്നിട്ടുണ്ടെന്നും കേരളത്തിൽനിന്നുള്ള ഹാജിമാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആവശ്യം പരിഗണിക്കുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: സൊമാലിയയിലെ അൽ അൽ -ഷബാബ് ഭീകരർക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കാൻ അമേരിക്ക. സൊമാലിയൻ ഭരണകൂടവും സൈന്യവും നടത്തുന്ന ചെറുത്തു നിൽപ്പിന് പിന്തുണ നൽകാനാണ് അമേരിക്ക സൈന്യത്തെ അയക്കുന്നത്.

ആദ്യഘട്ടമായി 500 പേരടങ്ങുന്ന സൈനിക നിരയെയായിരിക്കും സൊമാലിയയിലേക്ക് അയക്കുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭീകരർക്കെതിരെ സൊമാലിയയിൽ അമേരിക്ക സൈനികരെ അയക്കുന്നത്. ഏതു മേഖല കേന്ദ്രീകരിച്ചാണ് അമേരിക്കൻ സേന പ്രവർത്തിക്കുക എന്ന വിവരം ലഭ്യമായിട്ടില്ല.

ഡൊണാൾഡ് ട്രംപിന്റെ കാലത്ത് 700 പേരടങ്ങുന്ന സൈനിക വിഭാഗത്തെ സൊമാലിയയിൽ നിന്നും പിൻവലിച്ചിരുന്നു. ആഗോള തലത്തിലെ ഭീകരതയ്ക്കെതിരെ പോരാടുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യവും ദൗത്യവുമാണ്. ലോകത്തിലെ ഏതുമേഖലയിലും സൈന്യത്തെ എത്തിക്കാനുള്ള കഴിവ് അമേരിക്കയ്ക്ക് ഉണ്ട്.

കലിഫോര്‍ണിയ: ആകെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം 5 ശതമാനത്തില്‍ താഴെ എത്തിയെന്ന തെളിവ് കാണിക്കുന്നതു വരെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകില്ലെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സിഇഒ, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്നു തെളിയിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇക്കാര്യം തെളിയിക്കുന്നതുവരെ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് മസ്‌ക് അറിയിച്ചു.

കുറഞ്ഞത് 20 ശതമാനം അക്കൗണ്ടുകളും സ്പാം ആണെന്ന് മസ്‌ക് പറയുന്നു. സ്പാം, വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാത്തതിനെ തുടര്‍ന്ന്, ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നു മസ്‌ക് കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളര്‍) ട്വിറ്റര്‍ കമ്പനി പൂര്‍ണമായും ഏറ്റെടുക്കാന്‍ ഏപ്രിലിലാണ് മസ്‌ക് കരാറില്‍ ഒപ്പുവച്ചത്. ഏറ്റെടുക്കുന്നതോടെ ഓഹരി വിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) നല്‍കിയാണ് ഏറ്റെടുക്കല്‍.

കൊളംബോ : സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടി പുതിയ നീക്കവുമായി ശ്രീലങ്ക. വലിയ അളവിൽ നോട്ട് അച്ചടിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് പണം അച്ചടിക്കാൻ നിർബന്ധിതനാണെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട് കഴിഞ്ഞ വർഷം മുൻ ശ്രീലങ്കൻ സർക്കാർ വ്യാപകമായി പണം അച്ചടിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചതിൽ ഇതൊരു പ്രധാന കാരണമായി. എന്നാൽ രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കാരണമായ ഈ നയം തന്നെ തുടരാനാണ് പുതിയ പ്രധാനമന്ത്രിയുടേയും തീരുമാനം. മറ്റ് വഴികളില്ലാത്തതിനാലാണ് ഈ മാർഗം സ്വീകരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

1.2 ട്രില്യൺ രൂപയാണ് കഴിഞ്ഞ വർഷം ശ്രീലങ്കൻ സർക്കാർ അച്ചടിച്ചത്. 2022 ന്റെ ആദ്യ പാദത്തിൽ തന്നെ 588 ബില്യൺ രൂപ അച്ചടിച്ചു. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ ശ്രീലങ്കയുടെ പണ വിതരണം 42 ശതമാനമായാണ് വർദ്ധിച്ചത്. തെറ്റായ നയങ്ങളെ ആധുനിക നാണയ സിദ്ധാന്തം എന്ന് വിളിച്ചാണ് മുൻ സർക്കാർ ന്യായീകരിച്ചിരുന്നത്. ഇതിനായി നോട്ടടിക്കുന്ന പ്രിന്റിംഗ് പ്രസ്സുകൾ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. പണം കൂടുതലായി അച്ചടിക്കുന്നത് രാജ്യത്തെ സാമ്പത്തിക ഉത്പ്പാദനം വർദ്ധിപ്പിക്കുന്നില്ല എന്നാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഇറങ്ങുന്ന പണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇതോടെ കൈവശം കൂടുതൽ പണം ഉള്ളതിനാൽ ജനം കൂടുതൽ സാധനങ്ങൾ വാങ്ങാൻ താത്പര്യപ്പെടും. എന്നാൽ ഉത്പാദനത്തിൽ മാറ്റം ഉണ്ടാവാത്തതിനാൽ ഇത് ക്ഷാമത്തിലേക്കും, വിലക്കയറ്റത്തിലേക്കും നയിക്കുന്നു.