പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല; സിപിഎം ഏരിയാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വിമർശനം

പത്തനംതിട്ട: സിപിഎം ഏരിയാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വിമർശനം. സത്യപ്രതിജ്ഞ മുതൽ മന്ത്രിയുടെ പ്രവർത്തന ശൈലി വരെ വിമർശന വിധേയമായെന്നാണ് വിവരം. ഏരിയാ കമ്മറ്റി അംഗം എ.ജി. ഉണ്ണികൃഷ്ണന് നേരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

നഗരസഭയിലെ ഒരു കൗൺസിലർ ആണ് വീണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ വീണാ ജോർജിന് മാത്രമായി ഇളവ് അനുവദിച്ച സാഹചര്യം മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും മന്ത്രി അകന്നു പോയി. ജില്ലാ നേതാക്കൾ വിളിച്ചാൽ പോലും മന്ത്രി ഫോൺ എടുക്കുന്നില്ല. മന്ത്രി എവിടെയാണ് ഉള്ളതെന്ന് അറിയാൻ മറ്റു പാർട്ടിക്കാരെ വിളിക്കേണ്ട ഗതികേടാണുള്ളത് തുടങ്ങി നിരവധി ആരോപണങ്ങളാണ് വീണാ ജോർജിന് എതിരെയുള്ളത്.

ജില്ലാ നേതാക്കളുടെ മിസ്ഡ് കാൾ കണ്ടാൽ പോലും വീണാ ജോർജ് തിരിച്ചു വിളിക്കാറില്ല. നഗരസഭയിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സ്വന്തം പാർട്ടിക്കാരനായ നഗരസഭാധ്യക്ഷന് പ്രതിനിധ്യം ലഭിക്കുന്നില്ലെന്നും ജില്ലാ ആസ്ഥാനത്ത് സിപിഎം നേതാക്കളിൽ നിന്ന് അകന്ന് സിപിഐക്കാരുമായിട്ടാണ് മന്ത്രിക്ക് കൂട്ടെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എംഎൽഎയാണ് വീണയെന്ന കാര്യം മറക്കരുതെന്നും ഏരിയാ കമ്മറ്റിയംഗമായതിനാൽ വീണയും സമ്മേളന പ്രതിനിധിയാണെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.