International (Page 151)

മോസ്‌കോ: പസഫിക് ദ്വീപ സമുദ്രമായ ടോംഗോയില്‍ സമുദ്രത്തിനടിയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വെള്ളിയാഴ്ച ആദ്യ സ്‌ഫോടനമുണ്ടാവുകയും, ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.

അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: കൊവിഡ് കാലഘട്ടത്തിലെ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഉറപ്പ് നല്‍കി. ശ്രീലങ്കന്‍ ധനകാര്യമന്ത്രി ബേസില്‍ രാജപക്സെയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണത്തിനും മരുന്നിനുമായി ഒരു ദശലക്ഷം ഡോളറിന്റെ വായ്പ നീട്ടി നല്‍കും. 50 കോടി രൂപയുടെ ഇന്ധനവും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും ഏറ്റവും അടുത്ത സുഹൃത്തായ ശ്രീലങ്കയും തമ്മില്‍ അടുത്ത സാമ്പത്തികബന്ധമാണുള്ളത്. വിദേശനാണ്യരംഗത്ത് ശ്രീലങ്ക നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹാംബാന്‍ട്ടോട്ട തുറമുഖ പദ്ധതി, ബെല്‍റ്റ് റോഡ് തുടങ്ങി ചൈനയുടെ പദ്ധതികള്‍ക്കായി ശ്രീലങ്ക വന്‍ വായ്പയെടുക്കുകയും ഇതിലൂടെ വന്‍ കടക്കെണിയിലാവുകയും ചെയ്തു.

അതേസമയം, ഇന്ത്യ കാലങ്ങളായി നല്‍കുന്ന സഹായങ്ങളില്‍ രാജപക്സെ നന്ദിയറിയിച്ചു. വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ നിക്ഷേപത്തെ ശ്രീലങ്ക സ്വാഗതം ചെയ്തു. ശ്രീലങ്കയുടെ ട്രിങ്കോമാലി ഓയില്‍ ഫാം സംയുക്തമായി ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഇരുമന്ത്രിമാരും ഉറപ്പുവരുത്തി. ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മാനുഷിക പരിഗണനയില്‍ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ശ്രീലങ്ക ഉറപ്പുനല്‍കി.

മോസ്‌കോ: റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായി റിപ്പോർട്ട്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ പുതിയ നീക്കം. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചത്. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായാണ് റഷ്യ ഇത്തരമൊരു വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത്.

ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ റഷ്യ വ്യാജപ്രചാരണവും നടത്തുന്നുണ്ട്. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ റഷ്യൻ സൈനിക മേധാവികൾ വിലയിരുത്തുന്നുണ്ട്. നഗര യുദ്ധമുറകളിലും അട്ടിമറികളിലും പ്രത്യേക പരിശീലനം നേടിയ ഒരു വിഭാഗംസൈനികരായിരിക്കും അതിർത്തിയിലെ സൈന്യത്തിനു നേരെ വ്യാജ ആക്രമണം അഴിച്ചുവിടുക എന്നതിന്റെ തെളിവുകൾ അമേരിക്കയുടെ കൈവശമുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇതിനായി ഇതിനോടകം ഒരു സംഘത്തെ അമേരിക്ക തയ്യാറാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം തങ്ങൾ ഒരു പ്രകോപനത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്ത റഷ്യൻ വക്താവ് നിഷേധിച്ചു. തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രഹസ്യാന്വേഷണ റിപ്പോർട്ട് എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നാണ് റഷ്യ നൽകുന്ന വിശദീകരണം.

ആദ്യത്തെ അഞ്ച് മിനിറ്റിലാണ് കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നതെന്ന് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ അയാള്‍ കൊവിഡ് രോഗിയായേക്കാം.

എന്നാല്‍, കൊവിഡ് രോഗിയുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള ശേഷി 10% മാത്രമായിരിക്കുമെന്നും, വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ കൊവിഡ് ബാധ കുറക്കാന്‍ സഹായകമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വ്യാപനത്തിന്റെ പ്രധാനമായും നടക്കുന്നത് രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജോനാഥ് റീഡ് പറയുന്നു.

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്തു. ബക്കിംങ്ഹാം കൊട്ടാരമാണ് ലൈംഗിക പീഡന ആരോപണം നേരിടുന്ന ആൻഡ്രൂവിന്റെ രാജകീയ പദവികളും സൈനിക പദവികളും നീക്കം ചെയ്തത്. എലിസബത്ത് രാജ്ഞിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ലൈംഗിക പീഡനക്കേസിൽ ആൻഡ്രൂ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബ്രിട്ടീഷ് രാജകുടുംബം ആൻ്രൂവിന്റെ രാജകീയ പദവികൾ നീക്കം ചെയ്തത്. കൊട്ടാരത്തിന്റെ പേരിലുള്ള ഒരു പദവിയും ആൻഡ്രൂവിന് ഉണ്ടായിരിക്കില്ലെന്നും ഒരു സാധാരണ വ്യക്തിയെപ്പോലെ അദ്ദേഹം വിചാരണ നടപടികൾ നേരിടണമെന്നും രാജകുടുംബം അറിയിച്ച. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയും അറിവോടെയുമാണ് ആൻഡ്രൂവിൽ നിന്ന് രാജകീയ – സൈനിക പദവികൾ തിരിച്ചുവാങ്ങിയതെന്ന് ബക്കിംങ്ഹാം കൊട്ടാരം വ്യക്തമാക്കി.

അതേസമയം ലൈംഗിക പീഡന ആരോപണം നിയമവിധേയമായി തന്നെ നേരിടുമെന്ന് ആൻഡ്രൂവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വെർജീയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനെതിരെ കോടതി വിധിയുണ്ടായത്. പതിനേഴാം വയസിലാണ് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നായിരുന്നു വെർജീനയുടെ വെളിപ്പെടുത്തൽ. അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രിഎപ്‌സൈറ്റന്റെ നിർദേശത്തെ തുടർന്ന് രാജകുമാരനായി തന്നെ എത്തിച്ച് നൽകിയിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.

വിർജീനിയ നൽകിയ കേസിനെതിരെ ആൻഡ്രൂ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടായത്. വിർജീനിയയ്ക്ക് കേസുമായി മുന്നോട്ട് പോകാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഗർഭിണികൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകളാണ് ഗവേഷകർ നടത്തിയത്. ഗർഭിണികൾ വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ഗവേഷകർ നടത്തിയിട്ടുണ്ട്.

കോവിഡ് വാക്‌സിൻ സ്വീകരിച്ച അമ്മമാരിൽ നിന്ന് മുലപ്പാൽ വഴി കുഞ്ഞുങ്ങൾക്കും ആന്റിബോഡികൾ ലഭിക്കുമെന്നും അതിനാൽ കുഞ്ഞുങ്ങൾക്ക് വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പുതിയ ഒരു പഠനങ്ങൾ വ്യക്തമാക്കുന്നത്. മസാച്ചുസെറ്റ്‌സ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. വാക്‌സിൻ എടുത്ത അമ്മമാരുടെ മുലപ്പാലിലും ഇവർ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ മലത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. ഒന്നര മാസം മുതൽ 23 മാസം വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത്തരത്തിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞത്. ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അമേരിക്കയിലുള്ള മുലയൂട്ടുന്ന 30 അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് വിദഗ്ധർ ഗവേഷണം നടത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസത്തിനിടെയാണ് ഇവർക്ക് കോവിഡ് വാക്‌സിൻ നൽകിയത്. എംആർഎൻഎ വാക്‌സിനാണ് ഗർഭിണികളിൽ കുത്തിവെച്ചത്. വാക്‌സിൻ എടുക്കുന്നതിന് മുൻപും ആദ്യ ഡോസ് എടുത്ത ശേഷം രണ്ടു മുതൽ മൂന്ന് ആഴ്ച്ചകൾക്ക് ശേഷവും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച്ച കഴിഞ്ഞുമുള്ള മുലപ്പാൽ സാംപിളുകളാണ് ഇവരിൽ നിന്ന് ശേഖരിച്ച് പഠനവിധേയമാക്കിയത്. ആദ്യ ഡോസിന് 19 ദിവസങ്ങൾക്ക് ശേഷവും രണ്ടാമത്തെ ഡോസിന് 21 ദിവസങ്ങൾക്ക് ശേഷവും ഇവരുടെ രക്ത സാംപിളുകൾ ശേഖരിച്ച് പഠന വിധേയമാക്കിയിരുന്നു. അമ്മമാർ രണ്ടാമത്തെ ഡോസ് എടുത്ത് 21 ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞുങ്ങളുടെ മലത്തിന്റെ സാംപിൾ ശേഖരിച്ചത്. മുലപ്പാലിലും കുഞ്ഞുങ്ങളുടെ മലത്തിലും വാക്‌സിൻ എടുത്ത ശേഷം IgG, IgA ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായെന്നും പഠനത്തിൽ പറയുന്നു.

ലണ്ടന്‍: കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്ന് യൂറോപ്യന്‍ ആരോഗ്യ വിദഗ്ദര്‍. ഒമിക്രോണ്‍ വകഭേദം വന്നതോടെ കൊവിഡ്, പാന്‍ഡമിക്ക് എന്നത് എന്‍ഡമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതാണ് കാണുന്നതെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാന്‍ ലോകം പഠിക്കുകയാണ് വേണ്ടതെന്നും ആംസ്റ്റര്‍ഡാമിലെ വാക്‌സിന്‍ സ്ട്രാറ്റജി തലവന്‍ മാര്‍ക്കോ കാവലറി പറഞ്ഞു.

ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് വെറുതെയാണെന്നും പ്രകൃതിദത്തമായി തന്നെ രോഗപ്രതിരോധശേഷി കൈവരിക്കാന്‍ പലര്‍ക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി വ്യക്തമാക്കി. ഇതിന്റെ അവസാനം എന്നാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അധികം താമസിയാതെ ലോകം അവിടെ എത്തിച്ചേരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യൂറോപ്പില്‍ ഒമിക്രോണിന് നിരന്തരമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയാല്‍ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബാള്‍ട്ടിമോര്‍: മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ച് ചരിത്ര നേട്ടവുമായി അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍. 57കാരനായ ഹൃദ്രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്. എന്നാല്‍, ശസ്ത്രക്രിയ പൂര്‍ണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയില്‍ പിറകിലായിരുന്ന ഡേവിഡ് എന്ന രോഗി, പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ശസ്ത്രക്രിയ തെളിയിച്ചതായി മേരിലാന്റിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്. ഇത്തരം കാര്യങ്ങളില്‍ ഗേഷണം നടക്കുന്നുണ്ടെങ്കിലും ഇതുപോലൊരു നേട്ടം ചരിത്രത്തിലാദ്യമാണ്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും പൂര്‍ണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടനെ ഈ അവയവങ്ങള്‍ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങള്‍ക്ക് കാരണമായിരുന്നത്.

ബാങ്കോക്ക്: മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂകിയെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും അനധികൃതമായി വാക്കിടോക്കികള്‍ ഇറക്കുമതി ചെയ്തതിനും നാലുവര്‍ഷംകൂടി സൈനിക കോടതി ശിക്ഷ വിധിച്ചു.

കഴിഞ്ഞ മാസം വേറെ രണ്ടു കേസുകളിലായി സൂകിക്ക് നാലുവര്‍ഷം തടവ് വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇത് രണ്ടുവര്‍ഷമാക്കുകയായിരുന്നു. 2021 ഫെബ്രുവരിയില്‍ സൂകി ഭരണം അട്ടിമറിച്ച സൈന്യം ഇവര്‍ക്കെതിരെ നൂറുവര്‍ഷംവരെ തടവ് ലഭിച്ചേക്കാവുന്ന 12 കേസാണ് ചുമത്തിയത്.

ജീവിതകാലം മുഴുവന്‍ ജയിലിലടച്ച് സൂകി രാഷ്ട്രീയത്തില്‍ തിരിച്ചെത്തുന്നത് ഇല്ലാതാക്കാനും, സൈനിക അട്ടിമറിക്ക് നിയമസാധുത നല്‍കാനുമാണ് സൈന്യത്തിന്റെ ശ്രമിമെന്നാണ് സൂകി അനുകൂലികള്‍ വ്യക്തമാക്കുന്നത്.

സൈപ്രസ്: ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ആശങ്ക വിതച്ചിരിക്കെ
മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ പുതിയ കൊവിഡ് വകഭേദമായ ഡെല്‍റ്റാക്രോണ്‍ കണ്ടെത്തി. ഡെല്‍റ്റ-ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്നതാണ് ഡെല്‍റ്റാക്രോണ്‍. ഇതുവരെ 25 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര്‍ ആശുപത്രിയിലും മറ്റുളളവരെ ക്വാറന്റൈനിലുമാണ്.

‘രാജ്യത്ത് ഇപ്പോള്‍ ഒമിക്രോണ്‍, ഡെല്‍റ്റാ വകഭേദങ്ങളുണ്ട്. പുതിയ വകഭേദം ഇവരണ്ടും ചേര്‍ന്നതും ഇവയുടെ രണ്ടിന്റെയും സ്വഭാവം കാണിക്കുന്നതുമാണ്. ഡെല്‍റ്റാ ജീനുകളില്‍ ഒമിക്രോണിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതാണിത്.’-സൈപ്രസ് സര്‍വകലാശാലയിലെ ബയോടെക്നോളജി-മോളികുലാര്‍ വൈറോളജി ലാബിന്റെ തലവനും സര്‍വകലാശാല ബയോളജിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറുമായ ലിയോണ്ടിയോസ് കോസ്ട്രികിസ് പറഞ്ഞു.

പുതിയ വകഭേദത്തിന് രോഗികളിലെ ആപേക്ഷിക ആവൃത്തി വളരെ കൂടുതലാണ്. കൂടുതല്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടോയെന്നും ഇത് ഏറെനാള്‍ നിലനില്‍ക്കുമോ എന്നെല്ലാം ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണ്.