സപ്ലൈക്കോയിൽ സാധനങ്ങളില്ല; അവശ്യ സാധനങ്ങൾക്കും നോൺ സബ്‌സിഡി സാധനങ്ങൾക്കും ക്ഷാമം

തിരുവനന്തപുരം: സബ്‌സിഡി നിരക്കിൽ നൽകുന്ന അവശ്യ സാധനങ്ങൾക്കും നോൺ സബ്‌സിഡി സാധനങ്ങൾക്കും സപ്ലൈക്കോയിൽ ക്ഷാമം. സ്വകാര്യ കമ്പനികൾക്ക് വൻ കുടിശിക നിലവിലുള്ളതിനാൽ കമ്പനികൾ നോൺ സബ്‌സിഡി സാധനങ്ങൾ സപ്ലൈകോയിൽ നിന്നു തിരിച്ചെടുക്കുകയാണ്.

സപ്ലൈകോ ഔട്ട് ലൈറ്റ് ഏതാണ്ട് കാലിയായ അവസ്ഥയാണ്. അരി, ഉഴുന്ന്, പരിപ്പ്, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ 13 ഇനത്തിലെ സാധനങ്ങൾ സർക്കാർ സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് റേഷൻ കാർഡിൽ നിശ്ചിത അളവിലാണ് പൊതുമാർക്കറ്റിലെ വിലയെക്കാൾ കുറച്ച് സപ്ലൈകോ നൽകുന്നത്.

സപ്ലൈകോയിൽ ഒരു സബ്‌സിഡി സാധനവും കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതുകൊണ്ട് സപ്ലൈകോയിൽ വ്യാപാരം പകുതിയായി. സബ്‌സിഡി സാധനങ്ങളുടെ വില വർധിച്ചതിനു ശേഷം ഈ മാസം ആദ്യം സാധനങ്ങൾ കുറഞ്ഞ തോതിലെങ്കിലും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ യഥാസമയം സാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കാത്തതിനാൽ അവശ്യ സാധനങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്.