International (Page 150)

മോസ്‌കോ: നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. യുക്രൈന് ആയുധങ്ങൾ കൈമാറുന്നത് തുടരുന്ന സാഹചര്യത്തിൽ, നാറ്റോ സഖ്യവുമായി ഹിതകരമല്ലാത്തതൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പു പറയാനാകില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ ഉപവിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്‌കോയാണ് നാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത്.

ആയുധ വിതരണ പരിപാടികൾ സംബന്ധിച്ച് തങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ എല്ലാം വളരെ അപകടകരമാണ്. നാറ്റോയുമായി സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രൈനും റഷ്യയും തമ്മിലുള്ള പ്രശ്നത്തിൽ സൈനികപരമായി നേരിട്ട് നാറ്റോ ഇടപെടാത്തത് അവരിൽ കുറച്ച് വിവേകം അവശേഷിക്കുന്നു എന്നതു കൊണ്ടാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. യുക്രൈൻ സംഘർഷത്തിൽ നേരിട്ട് ഇടപെടാനില്ലെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നാറ്റോ സഖ്യരാജ്യങ്ങൾ യുക്രൈന് ആയുധങ്ങൾ കൈമാറുന്നുണ്ടെന്നാണ് റഷ്യയുടെ ആരോപണം.

മോസ്‌കോ: റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട ചർച്ചയാണ് ഇന്നത്തേക്ക് മാറ്റിയത്. പോളണ്ട്-ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക.

വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ധാരണ ചർച്ചയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് യുക്രൈന്റെ നിലപാട്. റഷ്യയുടെ സൈനിക പിന്മാറ്റമാണ് യുക്രൈൻ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.

യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയാനാണ് റഷ്യയുടെ പദ്ധതി. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ട ചർച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചർച്ചകൾ നടത്താനൊരുങ്ങുന്നത്. സാമാധാനം നിലനിർത്താനായി എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നാണ് ചർച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് വ്യക്തമാക്കിയിട്ടുള്ളത്. യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും ഇവർ നൽകിയിട്ടുണ്ട്.

ഖാർകീവ്: മധ്യ-പടിഞ്ഞാറൻ യുക്രൈനിലെ വിനിത്സിയയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അസുഖ ബാധിതനായാണ് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചത്. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദൻ ജിൻഡാൽ ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു ചന്ദൻ. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

മസ്തിഷ്‌കാഘാതത്തെത്തുടർന്നാണ് ചന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി അദേദേഹം കോമയിൽ കഴിയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ചന്ദനെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമായിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥീരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. ഖാർകീവിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡറാണ് കൊല്ലപ്പെട്ടത്.

ഖാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു കർണാടക ഹാവേരി ചാലഗേരി സ്വദേശിയായ നവീൻ. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നത്. നിരവധി പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിലവിൽ ഖാർകീവിലെ ഒരു ആശുപത്രിയിലുള്ള മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് നവീന്റെ മൃതദേഹം. സാഹചര്യം അനുകൂലമായാൽ മാത്രമേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.

അതേസമയം എത്രയും പെട്ടെന്ന് ഖാർകീവ് വിടണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രാദേശിക സമയം ആറ് മണിക്ക് മുമ്പ് ഖാർകീവ് വിടണമെന്നും പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് എംബസി നിർദ്ദേശിച്ചു. പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികൾ നടന്നെങ്കിലും പോകണമെന്നും നിർദ്ദേശമുണ്ട്.

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം ആയുധങ്ങള്‍ നല്‍കാനുള്ള യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ തീരുമാനം ആപത്തിലേക്ക് നയിച്ചെന്ന് സൂചന. സൈന്യത്തിന്റെ ശക്തി തികയാതെ വന്നതോടെ പൗരന്‍മാര്‍ക്കും, വിദേശികള്‍ക്കും അടക്കം താല്‍ര്യമുള്ളവര്‍ക്കെല്ലാം ആയുധം നല്‍കാന്‍ സെലന്‍സ്‌കി ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഉത്തരവിനെ തുടര്‍ന്ന് റഷ്യന്‍ സൈന്യം മാത്രമല്ല ഇപ്പോള്‍ യുക്രേനിയന്‍ പൗരന്‍മാര്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. യുക്രൈനില്‍ വിവിധ കേസുകളില്‍ അകപ്പെട്ട കുറ്റവാളികള്‍ക്കും സൈനിക നിലവാരത്തിലുള്ള ആയുധങ്ങള്‍ ലഭിച്ചിരിക്കുകയാണെന്ന് ഗോണ്‍സാലോ ലിറ എന്ന എഴുത്തുകാരന്‍ വെളിപ്പെടുത്തുന്നു. പല നഗരങ്ങളിലും കവര്‍ച്ചകളും ബലാത്സംഗങ്ങളുമടക്കമുള്ള പ്രവര്‍ത്തികള്‍ ഉണ്ടായതായും അദ്ദേഹം വിശദീകരിക്കുന്നു. സര്‍ക്കാര്‍ സൃഷ്ടിച്ച അരാജകത്വമാണ് ഇപ്പോള്‍ യുക്രൈനിലുള്ളത്. ക്രിമിനല്‍ സംഘങ്ങള്‍ അവരുടെ പുതിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നു. താമസിയാതെ അവര്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങും ഗോണ്‍സാലോ ലിറ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി കീവില്‍ നടന്ന വെടിവയ്പ്പില്‍ റഷ്യക്കാരുമായി ഒരു ബന്ധവുമില്ലെന്നും, ഈ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു റഷ്യന്‍ പട്ടാളം നിലയുറപ്പിച്ചിരുന്നതെന്നും ഒരു യുക്രേനിയന്‍ പൗരന്‍ ട്വീറ്റ് ചെയ്തു.

മോസ്‌കോ: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് അറിയിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് ഇക്കാര്യം അറിയിച്ചത്. യുക്രൈന്റെ കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ നേരത്തെ റഷ്യയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ റഷ്യൻ അംബാസിഡർ അനുകൂലമായി പ്രതികരണം നൽകിയെങ്കിലും രക്ഷാപ്രവർത്തനം എപ്പോൾ മുതൽ ആരംഭിക്കുമെന്ന് വ്യക്തമല്ല. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യയുടെ നിലപാട്.

ഖർഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇത് വിജയിച്ചാൽ യുക്രൈൻ രക്ഷാദൗത്യത്തിലെ നിർണായക പ്രതിസന്ധി ഇല്ലാതാകും. ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യ അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ചെക്‌പോയിന്റുകള്‍ കടക്കാന്‍ ഇന്ത്യന്‍ പതാകയാണ് സാഹയകമായതെന്ന് വിദ്യാര്‍ഥികള്‍. യുക്രൈനിലെ ഒഡേസയില്‍ നിന്ന് റൊമാനിയയില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ മാത്രമല്ല പാകിസ്താന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാക കൈയ്യിലേന്തി അതിര്‍ത്തി കടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ പതാക കൈയ്യിലുണ്ടായിരുന്നതു കൊണ്ട് വഴിയില്‍ ആക്രമണങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും യാത്രയിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ പതാക പ്രയോജനപ്പെട്ടതായും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

അതിര്‍ത്തികള്‍ കടക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഇന്ത്യന്‍ പതാക കൈയ്യില്‍ വെക്കണമെന്ന് യുക്രൈനിലെ പൗരന്മാര്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് വിദ്യാര്‍ഥികള്‍ പതാകയുമായി റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചത്.

എന്നാല്‍, കൈയില്‍ പതാക ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള കടകളില്‍ നിന്ന് കര്‍ട്ടനും സ്‌പ്രേ പെയിന്റും വാങ്ങി അവ ഉപയോഗിച്ച് പതാക ഉണ്ടാക്കുകയും തുടര്‍ന്ന് ഇതുമായി അതിര്‍ത്തി കടക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

ലണ്ടൻ: യുക്രൈൻ സംഘർഷം ആരംഭിച്ചതിന് ശേഷം പല രാജ്യങ്ങളും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ പലതും കടുത്ത ഇന്ധന പ്രതിസന്ധി നേരിടുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ പ്രകൃതി വാതകത്തിനും എണ്ണയ്ക്കും കൂടുതലായും ആശ്രയിക്കുന്നത് റഷ്യയെയാണ്. എന്നാൽ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണ് രാജ്യങ്ങൾ.

യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയാണ്. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. ബാൽടിക് കടൽ കടന്ന് വരുന്ന പൈപ്പ്‌ലൈന്റെ നീളം 1,222 കിലോമീറ്ററാണ്. ഇതിന്റെ നിർമ്മാണമെല്ലാം ഏകദേശം പൂർത്തിയായിരുന്നെങ്കിലും പദ്ധതിയ്ക്ക് തത്ക്കാലം അംഗീകാരം നൽകേണ്ടതില്ലെന്നാണ് ജർമ്മനിയുടെ തീരുമാനം. യുക്രൈൻ സംഘർഷത്തിന് പിന്നാലെയാണ് ജർമ്മനി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

യുക്രൈൻ പ്രതിസന്ധി തുടങ്ങിയ ശേഷം അറുപത് ശതമാനത്തോളം വർധനവാണ് പ്രകൃതിവാതക വിലയിൽ ഉണ്ടായത്. പ്രതിസന്ധികാലം കഴിഞ്ഞാലും റഷ്യക്കപ്പുറമുള്ള ഊർജ്ജ സാധ്യതകളെ പറ്റി യൂറോപ്പിന് ചിന്തിക്കേണ്ടതായി വരും. അതേസമയം, വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് യൂറോപ്പ് നീങ്ങുമെന്ന ആശങ്കക്കിടെ യൂറോപ്പ് ഇതിനുള്ള ബദൽ സാധ്യതകളും തേടുന്നുണ്ട്. ആഫ്രിക്കയാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇനിയുള്ള പ്രതീക്ഷ.

ലണ്ടൻ: റഷ്യയുമായി ബന്ധമുള്ള എല്ലാ കപ്പലുകൾക്കും നിരോധനം ഏർപ്പെടുത്തി ബ്രിട്ടീഷ് തുറമുഖം. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് ട്വിറ്ററിലൂടെയാണ് റഷ്യയുമായി ബന്ധപ്പെട്ട എല്ലാ കപ്പലുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി അറിയിച്ചത്. റഷ്യയുമായി ബന്ധമുള്ള കപ്പലുകൾക്ക് ബ്രിട്ടീഷ് തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് പൂർണ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് തങ്ങളെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഏഴ് റഷ്യൻ ബാങ്കുകൾക്ക് ദക്ഷിണ കൊറിയ വിലക്കേർപ്പെടുത്തി. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ നടപടി. Sberbank, VEB, PSB, VTB, Otkritie, Sovcom, ovikom എന്നിവയാണ് വിലക്കേർപ്പെടുത്തിയ ബാങ്കുകളെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യൂറോപ്യൻ യൂണിയൻ വിഷയത്തിൽ തുടർനടപടികൾ കൈക്കൊണ്ട ശേഷം സ്വിഫ്റ്റ് ഗ്ലോബൽ പേയ്മെന്റ് സിസ്റ്റത്തിൽ നിന്നും റഷ്യൻ ബാങ്കുകളെ ഉടനടി തടയുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ റഷ്യക്കെതിരെ കയറ്റുമതിക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഐടി, വ്യോമയാനം, ബഹിരാകാശം എന്നീ മേഖലകളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ എണ്ണ- വാതക നിർമാതാക്കളിലൊന്നായ എക്സോൺ, ആപ്പിൾ, ഫോർഡ്, ജനറൽ മോട്ടേഴ്സ് ഉൾപ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. യുഎസ് എയ്റോസ്പേസ് കമ്പനിയായ ബോയിങും റഷ്യൻ വിമാനക്കമ്പനികൾക്കുള്ള സേവനങ്ങൾക്കും താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തി.

വാഷിംഗ്ടണ്‍: റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക യുക്രൈനിനൊപ്പമാണെന്നും സാമ്പത്തിക സഹായം തുടരുമെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ല. റഷ്യയുടെ നുണകളെ സത്യം കൊണ്ട് നേരിട്ടു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിച്ച പുടിന്‍ ഉപരോധത്തോടെ ഒറ്റപ്പെട്ടു. ആക്രമണത്തിന് റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ബൈഡന്‍ അറിയിച്ചു.

യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കിമായി ഇന്നലെ ബൈഡന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ‘ഈ അക്രമിയെ എത്രയും വേഗം തടയണം’ എന്ന് സെലെന്‍സ്‌കി ബൈഡനോട് ആവശ്യപ്പെടുകയും എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബൈഡന്‍ സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

കീവ്: യൂറോപ്യൻ യൂണിയനിൽ തങ്ങളെയും ഉൾപ്പെടുത്തിയാൽ രാജ്യാന്തര സഖ്യം കൂടുതൽ കരുത്തുറ്റതാകുമെന്ന് വ്യക്തമാക്കി യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രൈന് യൂറോപ്യൻ യൂണിയന്റെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും ഇപ്പോൾ സഹായിച്ചില്ലെങ്കിൽ രാജ്യം എന്നന്നേക്കുമായി ഒറ്റപ്പെട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങൾ യുക്രൈനൊപ്പമാണ് എന്ന് തെളിയിക്കാനുള്ള സമയമായി. അതിന് സാധിച്ചാൽ മരണത്തെ തോൽപിക്കാൻ ജീവിതത്തിനും ഇരുട്ടിനെ പരാജയപ്പെടുത്താൻ വെളിച്ചത്തിനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയനിലെ മൂന്ന് രാജ്യങ്ങൾ യുക്രൈന് എഴുപതോളം യുദ്ധവിമാനങ്ങൾ നൽകാൻ തീരുമാനമെടുത്തയായ വിവരങ്ങളും പുറ്ത്തുവരുന്നുണ്ട്. മിഗ് 29, എസ് യു 25 തുടങ്ങിയ വിമാനങ്ങൾ നൽകാനാണ് ബൾഗേറിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്. ഇതിൽ ബൾഗേറിയ 16 മിഗ് 29 യുദ്ധവിമാനങ്ങളും 14 എസ് യു 25 യുദ്ധവിമാനങ്ങളും നൽകും. പോളണ്ട്, സ്ലൊവാക്യ എന്നിവ യഥാക്രമം 28ഉം 12 ഉം മിഗ്29 യുദ്ധവിമാനങ്ങളും നൽകും.

യുക്രൈന് ആയുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം നൽകാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. തങ്ങളിൽ ഒരാളായാണ് യുക്രെയിനെ കാണുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചു.