സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് അമേരിക്ക

മോസ്‌കോ: റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായി റിപ്പോർട്ട്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ പുതിയ നീക്കം. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചത്. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായാണ് റഷ്യ ഇത്തരമൊരു വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത്.

ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ റഷ്യ വ്യാജപ്രചാരണവും നടത്തുന്നുണ്ട്. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ റഷ്യൻ സൈനിക മേധാവികൾ വിലയിരുത്തുന്നുണ്ട്. നഗര യുദ്ധമുറകളിലും അട്ടിമറികളിലും പ്രത്യേക പരിശീലനം നേടിയ ഒരു വിഭാഗംസൈനികരായിരിക്കും അതിർത്തിയിലെ സൈന്യത്തിനു നേരെ വ്യാജ ആക്രമണം അഴിച്ചുവിടുക എന്നതിന്റെ തെളിവുകൾ അമേരിക്കയുടെ കൈവശമുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇതിനായി ഇതിനോടകം ഒരു സംഘത്തെ അമേരിക്ക തയ്യാറാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം തങ്ങൾ ഒരു പ്രകോപനത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്ത റഷ്യൻ വക്താവ് നിഷേധിച്ചു. തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രഹസ്യാന്വേഷണ റിപ്പോർട്ട് എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നാണ് റഷ്യ നൽകുന്ന വിശദീകരണം.