വാക്‌സിൻ സ്വീകരിച്ച അമ്മമാരിൽ നിന്ന് മുലപ്പാൽ വഴി കുഞ്ഞുങ്ങൾക്കും ആന്റിബോഡികൾ ലഭിക്കും; കണ്ടെത്തലുമായി ഗവേഷകർ

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഗർഭിണികൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകളാണ് ഗവേഷകർ നടത്തിയത്. ഗർഭിണികൾ വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ഗവേഷകർ നടത്തിയിട്ടുണ്ട്.

കോവിഡ് വാക്‌സിൻ സ്വീകരിച്ച അമ്മമാരിൽ നിന്ന് മുലപ്പാൽ വഴി കുഞ്ഞുങ്ങൾക്കും ആന്റിബോഡികൾ ലഭിക്കുമെന്നും അതിനാൽ കുഞ്ഞുങ്ങൾക്ക് വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പുതിയ ഒരു പഠനങ്ങൾ വ്യക്തമാക്കുന്നത്. മസാച്ചുസെറ്റ്‌സ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. വാക്‌സിൻ എടുത്ത അമ്മമാരുടെ മുലപ്പാലിലും ഇവർ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ മലത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. ഒന്നര മാസം മുതൽ 23 മാസം വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത്തരത്തിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞത്. ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അമേരിക്കയിലുള്ള മുലയൂട്ടുന്ന 30 അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് വിദഗ്ധർ ഗവേഷണം നടത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസത്തിനിടെയാണ് ഇവർക്ക് കോവിഡ് വാക്‌സിൻ നൽകിയത്. എംആർഎൻഎ വാക്‌സിനാണ് ഗർഭിണികളിൽ കുത്തിവെച്ചത്. വാക്‌സിൻ എടുക്കുന്നതിന് മുൻപും ആദ്യ ഡോസ് എടുത്ത ശേഷം രണ്ടു മുതൽ മൂന്ന് ആഴ്ച്ചകൾക്ക് ശേഷവും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച്ച കഴിഞ്ഞുമുള്ള മുലപ്പാൽ സാംപിളുകളാണ് ഇവരിൽ നിന്ന് ശേഖരിച്ച് പഠനവിധേയമാക്കിയത്. ആദ്യ ഡോസിന് 19 ദിവസങ്ങൾക്ക് ശേഷവും രണ്ടാമത്തെ ഡോസിന് 21 ദിവസങ്ങൾക്ക് ശേഷവും ഇവരുടെ രക്ത സാംപിളുകൾ ശേഖരിച്ച് പഠന വിധേയമാക്കിയിരുന്നു. അമ്മമാർ രണ്ടാമത്തെ ഡോസ് എടുത്ത് 21 ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞുങ്ങളുടെ മലത്തിന്റെ സാംപിൾ ശേഖരിച്ചത്. മുലപ്പാലിലും കുഞ്ഞുങ്ങളുടെ മലത്തിലും വാക്‌സിൻ എടുത്ത ശേഷം IgG, IgA ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായെന്നും പഠനത്തിൽ പറയുന്നു.