അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ടോംഗോയില്‍ സുനാമി; തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ്

മോസ്‌കോ: പസഫിക് ദ്വീപ സമുദ്രമായ ടോംഗോയില്‍ സമുദ്രത്തിനടിയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വെള്ളിയാഴ്ച ആദ്യ സ്‌ഫോടനമുണ്ടാവുകയും, ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.

അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു.