തിരിച്ചടി; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇരുവർക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവിനുമെതിരെ കേസെടുക്കണമെന്ന് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് നിർദ്ദേശിച്ചത്.

നിയമവിരുദ്ധ നടപടി, പൊതുശല്യം, പൊതുവഴി തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമ വിരുദ്ധമായി സംഘം ചേരൽ, മോട്ടോർ വെഹിക്കിൾ ആക്ടിന്റെ സെക്ഷൻ 201 തുടങ്ങിയ വകുപ്പുകളും മേയർക്കെതിരെ ചുമത്താൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.