ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്ക് ഇ-പാസ്; ക്രമീകരണം തയ്യാർ

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് ക്രമീകരിച്ചു. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഇ-പാസിന് അപേക്ഷിക്കാം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു തുടങ്ങിയ വിവരങ്ങൾ അപേക്ഷകൻ വെബ്‌സൈറ്റിൽ നൽകണം.

മദ്രാസ് ഹൈക്കോടതി ഉത്തരവു പ്രകാരം മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. പുറത്തുനിന്ന് വരുന്നവർക്ക് ഈ ദിവസങ്ങളിൽ ഇ-പാസ് നിർബന്ധമാണ്. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളിൽ ഉൾകൊള്ളാവുന്നതിലും അധികം വാഹനങ്ങൾ ആണ് സർവീസ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നടപടി. പ്രതിദിനം 20000 ത്തിൽ അധികം വാഹനങ്ങൾ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്. ടൂറിസ്റ്റ് സീസണുകളിൽ പ്രതിദിനം ശരാശരി 11509 കാറുകൾ, 1341 വാനുകൾ, 637 ബസുകൾ, 6524 ഇരു ചക്ര വാഹനങ്ങൾ എന്നിവയാണ് നീലഗിരിയിൽ എത്തുന്നത് എന്നും ഹൈക്കോടതി അറിയിച്ചിരുന്നു.