പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുടിച്ചു; ചരിത്രമെഴുതി ഡോക്ടര്‍മാര്‍!

ബാള്‍ട്ടിമോര്‍: മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ച് ചരിത്ര നേട്ടവുമായി അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍. 57കാരനായ ഹൃദ്രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്. എന്നാല്‍, ശസ്ത്രക്രിയ പൂര്‍ണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയില്‍ പിറകിലായിരുന്ന ഡേവിഡ് എന്ന രോഗി, പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ശസ്ത്രക്രിയ തെളിയിച്ചതായി മേരിലാന്റിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്. ഇത്തരം കാര്യങ്ങളില്‍ ഗേഷണം നടക്കുന്നുണ്ടെങ്കിലും ഇതുപോലൊരു നേട്ടം ചരിത്രത്തിലാദ്യമാണ്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും പൂര്‍ണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടനെ ഈ അവയവങ്ങള്‍ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങള്‍ക്ക് കാരണമായിരുന്നത്.