International (Page 152)

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഫുട്‌ബോളിന്ഠെ ആഗോള ഭരണസമിതിയായ ഫിഫ ഉപരോധം ഏര്‍പ്പെടുത്തി. ‘റഷ്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിക്കില്ല. ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണം. റഷ്യ എന്ന പേരില്‍ കളിക്കാനാകില്ല. റഷ്യന്‍ പതാകയും ദേശീയ ഗാനവും ഉപയോഗിക്കാനാകില്ല. പകരം റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ എന്ന പേരില്‍ വേണമെങ്കില്‍ കളത്തിലിറങ്ങാം.’- ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഫിഫയുടെ നിലപാടിന് പിന്നാലെ ഇംഗ്ലണ്ടും റഷ്യയുമായി കളിക്കില്ലെന്ന തീരുമാനത്തിലെത്തി. ഇതേ തീരുമാനവുമായി പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ റഷ്യക്കെതിരെ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 24 ന് മോസ്‌കോയില്‍ നടക്കേണ്ട യോഗ്യതാ മത്സരത്തില്‍ നിന്നാണ് പോളണ്ടിന്റെ പിന്‍മാറ്റം. പോളണ്ടിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ തീരുമാനത്തെ അവരുടെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വാഗതം ചെയ്തിരുന്നു. ‘അസോസിയേഷനെടുത്ത തീരുമാനമാണ് ശരി. യുക്രെയ്‌നെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്‌ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സാങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ റഷ്യയുടെ ഫുട്ബോള്‍ താരങ്ങള്‍ക്കും അവരുടെ ആരാധകര്‍ക്കും പങ്കോ അവരിതില്‍ ഉത്തരവാദികളോ അല്ലെന്ന് അറിയാം. പക്ഷെ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.’- റോബര്‍ട്ട് ലെവന്‍ഡോസ്‌കി ട്വീറ്റ് ചെയ്തു.

എന്നാല്‍, പോളണ്ടും സ്വീഡനും ആവശ്യപ്പെട്ടത് പോലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ഫിഫ പരിഗണിച്ചില്ല. നേരത്തെ, റഷ്യയെ 2022 ലോകകപ്പില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് നോയല്‍ ലെ ഗ്രെറ്റും രംഗത്തെത്തിയിരുന്നു.

കീവ്: റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ തങ്ങളുടെ നാട്ടില്‍ നിന്നും ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ പ്രതിരോധമന്ത്രി റെസ്‌നിക്കോവ് അടങ്ങുന്ന സംഘം ബെലാറൂസ് അതിര്‍ത്തിയില്‍ എത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉടനടി യുക്രൈന് അംഗത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, യുക്രൈനുമായി ധാരണയില്‍ എത്തണമെന്നാണ് താല്‍പര്യമെന്ന് ചര്‍ച്ചക്ക് മുന്നോടിയായി റഷ്യയും നിലപാട് വ്യക്തമാക്കി. പുടിന്‍ ആണവായുധ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചര്‍ച്ചകളും നടക്കുന്നത്.

പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും ബെലാറൂസ് നേതാവ് അലക്സാണ്ടര്‍ ലുകാഷെങ്കോയും തമ്മില്‍ ഫോണില്‍ സംസാരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. അതേസമയം, യുദ്ധപശ്ചാത്തലത്തില്‍ യുഎന്‍ പൊതുസഭയുടെ പ്രത്യേക അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. റഷ്യയുടെ ആക്രമണത്തിന്റെ ഗതിവേഗം ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് കുറഞ്ഞുവെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാല്‍, മേധാവിത്വം സ്ഥാപിച്ചെന്നാണ് റഷ്യയുടെ അവകാശവാദം.

എന്നാല്‍, തുടര്‍ച്ചയായ അഞ്ചാം ദിവസവും യുക്രൈന്‍ തലസ്ഥാനമായ കീവും മറ്റൊരു നഗരമായ ഖാര്‍കീവും റഷ്യയ്ക്ക് കീഴടക്കാന്‍ സാധിച്ചിട്ടില്ല. സ്വന്തം ജീവന്‍ രക്ഷിക്കാനും ഉടന്‍ യുക്രൈന്‍ വിട്ടുപോകാനും റഷ്യന്‍ സൈനികരോട് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഇതുവരെ ഏഴ് കുട്ടികളടക്കം 102 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ മരിച്ചതായാണ് യുഎന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോളണ്ടിലേക്കാണ് കൂടുതല്‍ പേരും അഭയാര്‍ത്ഥികളായി പോകുന്നത്. മറ്റുള്ളവര്‍ ഹംഗറി, റുമാനിയ, മോള്‍ഡോവ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലേക്കും.

മോസ്‌കോ: യുക്രൈന് മേൽ റഷ്യ ഉയർത്തിയ ആണവ ഭീഷണി യുക്രൈനെ ചർച്ചയ്ക്കു സന്നദ്ധമാക്കാനുള്ള സമ്മർദ്ദ തന്ത്രമാണെന്ന് പ്രതിരോധ വിദഗ്ദ്ധർ. റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചത് ഈ ഭീഷണി മൂലമാണെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. എന്നാൽ പുടിന്റെ മുന്നറിയിപ്പിനെ കേവലം സമ്മർദ തന്ത്രം എന്നു പൂർണമായും തള്ളിക്കളയാനാവില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. പ്രവചനങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതനായാണ് പുടിൻ പ്രവർത്തിക്കുന്നതെന്നാണ് ഇത്തരക്കാർ പറയുന്നത്.

റഷ്യ കൂട്ടിവച്ചിരിക്കുന്ന വലിയ ആണവായുധ ശേഖരമാണ് പുടിന്റെ ആണവ യുദ്ധ ഭീഷണി ലോകത്തിന്റെ ആശങ്ക വർധിപ്പിക്കാൻ കാരണം. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയിന്റിസ്റ്റിന്റെ കണക്ക് അനുസരിച്ച് റഷ്യയുടെ പക്കൽ 5977 ആണവായുധങ്ങളുണ്ട്. ലോകത്ത് മറ്റേതൊരു രാജ്യത്തും ഉള്ളതിനേക്കാൾ കൂടുതലാണിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 5428 ആണവായുധങ്ങളാണ് ഫെഡറേഷന്റെ കണക്കിൽ യുഎസിന്റെ കൈവശമുള്ളത്.

ചൈനയുടെ പക്കൽ 350ഉം ഫ്രാൻസിന്റെ കൈവശം 290 ഉം ആണവായുധങ്ങൾ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 225 ആയുധങ്ങളുമായി ബ്രിട്ടനാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. പാക്കിസ്താനിൽ 165 ആണവായുധങ്ങളും ഇന്ത്യയുടെ പക്കൽ 160 ആണവ ആയുധങ്ങളുമുണ്ടെന്നും കണക്കുകൾ പറയുന്നു. അതേസമയം യുക്രൈനിൽ സംഘർഷം തുടരുന്നതിനിടെ ബെലറൂസ് നിർണായകമായ ഭരണഘടന ഭേദഗതി വരുത്തി. ബെലറൂസ് ആണവ ആയുധങ്ങൾ സൂക്ഷിക്കാനുള്ള ഭരണഘടന ഭേദഗതി പാസാക്കിയത് മേഖലയിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്. യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ബെലറൂസിന്റെ നീക്കം.

കീവ്: യുക്രൈനിൽ നിന്ന് പൗരന്മാരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. പൗരൻമാർക്ക് നൽകിയ ജാഗ്രത നിർദേശത്തിലാണ് അമേരിക്കൻ എംബസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യുക്രൈനിലെ സാഹചര്യം പ്രവചനാതീതമാണെന്നും മുന്നറിയിപ്പില്ലാതെ റഷ്യ ആക്രമണങ്ങൾ നടത്തുകയാണെന്നും അമേരിക്ക പറയുന്നു. യുക്രൈനിൽ നിന്നും മടങ്ങി എത്തണമെന്ന് ആഗ്രഹിക്കുന്നവർ സ്വകാര്യ ട്രാൻസ്പോർട്ട് മാർഗങ്ങളെ ആശ്രയിക്കണമെന്നും ഇത് സ്വന്തം റിസ്‌കിലായിരിക്കണമെന്നും അമേരിക്കൻ എംബസി അറിയിച്ചു.

അതേസമയം, അതിർത്തി രാജ്യങ്ങളിലേക്ക് കടക്കാനുദ്ദേശിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അമേരിക്കൻ എംബസി വിശദമാക്കിയിട്ടുണ്ട്. അത്യാവശ്യം കയ്യിൽ കരുതേണ്ട രേഖകൾ മൊബൈൽ ഫോണിൽ മാത്രം സൂക്ഷിക്കരുതെന്നും ഇതിന്റെ പകർപ്പുകൾ കൈവശം വേണമെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. മൊബൈൽ ഫോണിന് അധിക ബാറ്ററിയും പവർബാങ്ക് പോലുള്ള സംവിധാനങ്ങളും കൈവശമുണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

യുക്രൈനിൽ പലസ്ഥലങ്ങളിലും റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ കഴിയുന്ന സ്ഥലങ്ങളിൽ സുരക്ഷിതരായി കഴിയുന്നതാണ് നല്ലതെന്നാണ് എംബസി അഭിപ്രായപ്പെടുന്നത്. അതിർത്തിയിൽ എത്തിയാൽ തന്നെ 30 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പോളണ്ട്, മോൾഡോവ അതിർത്തികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയുണ്ടെന്നും സമീപത്തെ ഹോട്ടലുകളെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞുവെന്നും അതിനാൽ ഹംഗറി, റൊമാനിയ, സ്ലൊവാക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കുന്നതാണ് നല്ലതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

ന്യൂയോർക്ക്: യുക്രൈൻ സംഘർഷത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്കും വ്ളാഡമിർ പുടിനുമെതിരെ നിലപാട് സ്വീകരിക്കാൻ ബൈഡൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താനായിരുന്നു ഇപ്പോൾ അമേരിക്കൻ പ്രസിഡന്റെങ്കിൽ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും യുക്രൈനിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്ളോറിഡയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബൈഡനെ വെറും ചെണ്ട പോലെ പുടിൻ കൊട്ടുന്നുവെന്നും ഇത് കാണാൻ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. റഷ്യയ്ക്ക് യുക്രൈനെ ആക്രമിക്കാനുള്ള അവസരം ഒരിക്കലും ഒരുക്കാൻ പാടില്ലായിരുന്നു. യുക്രൈൻ പ്രസിഡന്റ് വ്‌ലോഡിമിർ സെലൻസ്‌കിയെ ധീരനെന്ന് വിളിച്ച് അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പുടിനുമായി തനിക്ക് സൗഹൃദം ഉണ്ട്. അതിനാൽ തന്നെ ഇത്തരം ഒരു ആക്രമണം നടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ പ്രസ്താവനകളിൽ നിന്നും വിപരീതമായിട്ടായിരുന്നു ട്രംപിന്റെ പുതിയ അഭിപ്രായ പ്രകടനങ്ങൾ.

യുക്രൈന്റെ കിഴക്കൻ ഭാഗത്തെ രണ്ട് മേഖലകൾ സ്വതന്ത്ര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും അങ്ങോട്ട് സൈന്യത്തെ അയക്കുകയും ചെയ്ത പുടിന്റെ നടപടി പ്രതിഭാശാലിത്വമാണെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. യുക്രൈൻ സംഭവവികാസങ്ങൾ ടിവിയിലാണ് താൻ കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സമാധാന സേനയെയാണ് പുടിൻ യുക്രൈനിലേക്ക് അയച്ചതെന്നും ഇതൊരു കിടിലൻ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

മോസ്‌കോ: യുക്രൈനിൽ ആണവ ഭീഷണി മുഴക്കി റഷ്യ. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവപ്രതിരോധ സേന സജ്ജമാകണമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശം നൽകി. നാറ്റോസഖ്യം യുക്രൈനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാറ്റോയ്‌ക്കെതിരെ പുടിൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.

നാറ്റോയുടെ നിലപാടുകൾ പ്രകോപനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രൈനെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് റഷ്യ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്. റഷ്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ്. അതിനാൽ തന്നെ പുടിന്റെ നിർദ്ദേശം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചു. ഖാർകീവിൽ ഷെല്ലാക്രമണം ഉൾപ്പെടെയാണ് റഷ്യ നടത്തിയിട്ടുള്ളത്.

യുദ്ധത്തിൽ 4300 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. റഷ്യയുടെ 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്റ്ററുകളും യുക്രൈൻ സൈന്യം തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. കീവിലും ഹർകീവിലും റഷ്യ ഉഗ്രസ്ഫോടനങ്ങൾ നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

കീവ്: യുക്രൈനിൽ യുദ്ധം അഞ്ചാം ദിവസവും യുദ്ധം തുടരുന്നു. റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. ബെലറൂസിൽ വെച്ച് നടക്കുന്ന ചർച്ചയിൽ റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചർച്ചയാണ് നടക്കുന്നതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. അതേസമയം, ഇപ്പോൾ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി വ്യക്തമാക്കി. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂവെന്നും താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താലാണ് ചർച്ചയ്ക്ക് വഴങ്ങിയതെന്നും അദ്ദേഹം വിശദമാക്കി.

ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചർച്ച നടക്കുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാകും യോഗം ചേരുകയെന്നാണ് വിവരം. യുക്രൈനിലെ മാനുഷിക പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചാ വിഷയമാകും.

റഷ്യയിൽ നിന്ന് ലോക രാജ്യങ്ങൾ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രൈൻ അഭ്യർത്ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവർ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രൈൻ വ്യക്തമാക്കി.

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ആര്‍ടിയെയും മറ്റ് ചാനലുകളെയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തി. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല.

അസാധാരണമായ സാഹചര്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ ഈ പുതിയ നടപടി. യുറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ ഉപരോധമേര്‍പ്പെടുത്തിയ വിവിധ റഷ്യന്‍ ചാനലുകളെയും വിലക്കിയെന്ന് യൂട്യൂബ് വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളെയും അവരുടെ വെബ്‌സൈറ്റുകളില്‍ നിന്നും ആ്പ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നതും ഗൂഗിള്‍ വിലക്കിയിട്ടുണ്ട്.

2018 ഡിസംബര്‍ വരെ രണ്ട് വര്‍ഷം കൊണ്ട് 26ഓളം യൂട്യൂബ് ചാനലുകളില്‍ നിന്ന് 70 ലക്ഷം മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി മിഖൈലോ ഫെഡൊറോവ് ട്വിറ്റര്‍, ഗൂഗിള്‍, ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളോട് റഷ്യക്കുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിലക്കണമെന്ന് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

സോൾ: യുക്രൈൻ വിഷയത്തിൽ പ്രതികരണവുമായി ഉത്തരകൊറിയ. യുക്രൈനിലെ നിലവിലെ പ്രതിസന്ധിയുടെ കാരണം അമേരിക്ക ആണെന്നാണ് ഉത്തരകൊറിയയുടെ ആരോപണം. യുക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം യുഎസിന്റെ ആധിപത്യമനോഭാവവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ന്യായമായ ആവശ്യത്തെ അമേരിക്ക അവഗണിച്ചുവെന്നും നോർത് സ് സൊസൈറ്റി ഫോർ ഇന്റർനാഷണൽ പൊളിറ്റിക്സ് സ്റ്റഡി ഗവേഷകനായ റി ജി സോങ് വ്യക്തമാക്കി. സമാധാനത്തിന്റെയും അസ്ഥിരതയുടേയും പേരിൽ അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ യാതൊരു കാര്യവുമില്ലാതെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഉത്തര കൊറിയ ആരോപണം.

റഷ്യക്കെതിരായ വിമർശനങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഉത്തരകൊറിയ അമേരിക്കക്കെതിരെ വിമർശനം ഉന്നയിച്ചത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കാരണം യുക്രൈനില്‍ കുടുങ്ങിയ മലയാളികളില്‍ നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, കാര്‍ഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ യുക്രൈന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. അതിനാല്‍, യുക്രൈന്‍ ഭാഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.