‘അയല്‍ക്കാരെ ചേര്‍ത്തു പിടിച്ച് ഇന്ത്യ’; ശ്രീലങ്കക്ക് സഹായങ്ങള്‍ നല്‍കുമെന്ന് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: കൊവിഡ് കാലഘട്ടത്തിലെ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഉറപ്പ് നല്‍കി. ശ്രീലങ്കന്‍ ധനകാര്യമന്ത്രി ബേസില്‍ രാജപക്സെയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണത്തിനും മരുന്നിനുമായി ഒരു ദശലക്ഷം ഡോളറിന്റെ വായ്പ നീട്ടി നല്‍കും. 50 കോടി രൂപയുടെ ഇന്ധനവും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും ഏറ്റവും അടുത്ത സുഹൃത്തായ ശ്രീലങ്കയും തമ്മില്‍ അടുത്ത സാമ്പത്തികബന്ധമാണുള്ളത്. വിദേശനാണ്യരംഗത്ത് ശ്രീലങ്ക നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹാംബാന്‍ട്ടോട്ട തുറമുഖ പദ്ധതി, ബെല്‍റ്റ് റോഡ് തുടങ്ങി ചൈനയുടെ പദ്ധതികള്‍ക്കായി ശ്രീലങ്ക വന്‍ വായ്പയെടുക്കുകയും ഇതിലൂടെ വന്‍ കടക്കെണിയിലാവുകയും ചെയ്തു.

അതേസമയം, ഇന്ത്യ കാലങ്ങളായി നല്‍കുന്ന സഹായങ്ങളില്‍ രാജപക്സെ നന്ദിയറിയിച്ചു. വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ നിക്ഷേപത്തെ ശ്രീലങ്ക സ്വാഗതം ചെയ്തു. ശ്രീലങ്കയുടെ ട്രിങ്കോമാലി ഓയില്‍ ഫാം സംയുക്തമായി ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഇരുമന്ത്രിമാരും ഉറപ്പുവരുത്തി. ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മാനുഷിക പരിഗണനയില്‍ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ശ്രീലങ്ക ഉറപ്പുനല്‍കി.