Politics (Page 236)

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളികളാകാൻ ഇതര പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ക്ഷണം. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആർഎൽഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവർക്കാണ് ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ കോൺഗ്രസിന്റെ ക്ഷണം ലഭിച്ചത്.

സമാജ്‌വാദി പാർട്ടി എംഎൽഎ ശിവ്പാൽ യാദവ്, ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര, എസ്ബിഎസ്പി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ തുടങ്ങിയ നേതാക്കളെയും കോൺഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യാത്ര ജനുവരി മൂന്നിനാണ് ഭാരത് ജോഡോ ഉത്തർപ്രദേശിൽ പ്രവേശിക്കുക. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്ര ഇപ്പോൾ താത്ക്കാലിക ഇടവേളയിലാണ്.

അതേസമയം, പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെയെല്ലാം യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചതായി കോൺഗ്രസ് വക്താവ് അശോക് സിങ് ല്യക്തമാക്കി. പ്രതിപക്ഷപാർട്ടികൾക്കെല്ലാം നിലവിലെ സർക്കാരിനെ കുറിച്ച് ഒരേ അഭിപ്രായമായതിനാലാണ് ഇവരെ കൂടി യാത്രയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകൾ ഉന്നയിക്കാൻ അനുമതിയില്ലാത്ത കാലത്ത്, ജനങ്ങളുടെ മനസ്സറിയാനുള്ള ഏകമാർഗം ഭാരത് ജോഡോ യാത്രയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം: ഇ.പി ജയരാജന്റെ പേരിലുള്ള വിവാദം സിപിഎമ്മിന്റെ ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ച് മറ്റ് ലീഗ് നേതാക്കള്‍ രംഗത്ത്. ജയരാജന്‍ വിഷയത്തില്‍ ഇടപെടില്ല എന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് ചൂണ്ടിക്കാട്ടി. പി.കെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്താനാണ് സാധ്യത.

അതിനിടെ, കേരളത്തിലെ വിവാദം പിബി അജണ്ടയില്‍ ഇല്ലെന്നും പിബിയില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ചയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഇ.പി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിരുന്നതിനാല്‍ കേരളത്തിലെ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാന്‍ സാധ്യതയില്ല.

അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകമാകും. ഇ.പി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഉടന്‍ രേഖാമൂലം പാര്‍ട്ടിക്ക് നല്‍കും.

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. മേഘാലയ, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം ആരംഭിച്ചിട്ടുള്ളത്.

2023 ൽ ഈ സംസ്ഥാനങ്ങളിലായിരിക്കും ആദ്യം തെരഞ്ഞെടുപ്പ് വടക്കുക. ഈ സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയോഗിച്ചതായി കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

മുകുൾ വാസ്‌നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ബെന്നി ബഹ്നാൻ എംപിയ്ക്കാണ് കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ എ ഐ സി സി നേതൃത്വം ചുമതല നൽകിയിരിക്കുന്നത്. മേഘാലയയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയാണ് ബെന്നി ബഹ്നാന് നൽകിയിട്ടുള്ളത്.

തൃശൂര്‍: ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും തന്നെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമെന്ന് കുറ്റപ്പെടുത്തി പതിപക്ഷ നേതാവ് വി.ഡി സതീശന്‍.

‘അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉള്‍പ്പെടെയാണ് പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായും എല്‍ഡിഎഫിന് ബന്ധമുണ്ട്. ഗുരുതര ആരോപണങ്ങളാണുയര്‍ന്നത്. ഈ സംഭവത്തിന് മധ്യമവര്‍ത്തകള്‍ക്കപ്പുറം കൂടുതല്‍ മാനങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമിതറിയാം. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?’- അദ്ദേഹം ചോദിച്ചു?

അതേസമയം, ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. ‘ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മാധ്യമങ്ങളെ കാണുന്ന എംവി ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. സിപിഎം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു. അഴിമതിയും കെടുകാര്യസ്തയും അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി’- ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍: വയനാട്ടിലെ റിസോര്‍ട്ട് ബന്ധത്തിന്റെ പേരില്‍ ഇപി ജയരാജനെതിരെ ആരോപണവുമായി എത്തിയ പി. ജയരാജന് തിരിച്ചടി. പി ജയരാജന്റെ ക്വട്ടേഷന്‍-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്ന തരത്തിലുള്ള പരാതികള്‍ വ്യാപകമായി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്‌ബോള്‍ ജയരാജന്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയത്.

അതേസമയം, ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും, താന്‍ ഈ ആരോപണമുന്നയിച്ചപ്പോള്‍ കമ്ബനിയുടെ ഡയറക്ടര്‍ബോര്‍ഡിലടക്കം നേരത്തെ മാറ്റം വരുത്തിയെന്നും ജയരാജന്‍ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പറഞ്ഞു. ‘സമകാലിക രാഷ്ട്രീയ സംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തരകടമയും’ എന്ന തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ആരോപണം. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയില്‍ ജയരാജന്‍ പറഞ്ഞു. എന്നാല്‍, ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ പാര്‍ട്ടി നേതൃത്വത്തിനാവില്ല. അതുകൊണ്ടാണ് കേട്ടയുടന്‍ ആരോപണം എഴുതി നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വ. ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചത്. ഇ.പി ജയരാജന്‍ നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമാണ്.

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരെ അന്വേഷണം വേണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍ അറിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും ഇ.പി ജയരാജനെതിരെ പിബി ഇപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

സംസ്ഥാന കമ്മിറ്റിയില്‍ ഇപി ജയരാജനെതിരെ ആരോപണം ഉയര്‍ന്നുവെന്ന് കേന്ദ്ര നേതാക്കളെ സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. ആക്ഷേപം എഴുതി കിട്ടുമ്പോള്‍ അന്വേഷിക്കാനും ധാരണയായിട്ടുണ്ട്. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

അതേസമയം, മൊറാഴ റിസോര്‍ട്ട് വിവാദത്തിലെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഉടന്‍ പാര്‍ട്ടിക്ക് രേഖാമൂലം നല്‍കും. പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവിനെതിരെ മറ്റൊരു മുതിര്‍ന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ കേന്ദ്ര നേതാക്കളും കാണുന്നുണ്ട്.

ചെന്നൈ: രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്ത്. തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപണ്ണയുടെ ‘മാമനിതര്‍ നെഹ്‌റു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനുമുപരി പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹം സംസാരിക്കുന്നത്. അതുകൊണ്ടാണ് ചിലര്‍ രാഹുലിനെ എതിര്‍ക്കുന്നത്. മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്‌റുവിനേയും മഹാത്മാഗാന്ധിയേയും പോലുള്ള നേതാക്കള്‍ രാജ്യത്തിനാവശ്യമാണ്. നെഹ്‌റു ഒരു യഥാര്‍ഥ ജനാധിപത്യവാദിയായിരുന്നു. അതുകൊണ്ടാണ് എല്ലാ ജനാധിപത്യശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ഉപരി ഇന്ത്യയുടെ ശബ്ദമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകള്‍ നെഹ്‌റുവിന്റെ യഥാര്‍ഥ മൂല്യം മനസ്സിലാക്കി തരുന്നു. ചില സമയം രാഹുല്‍ നെഹ്‌റുവിനെ പോലെയാണ് സംസാരിക്കുന്നത്. മഹാത്മാഗാന്ധിയുടേയും നെഹ്‌റുവിന്റെയും പിന്മുറക്കാരുടെ നിലപാടുകളില്‍ ഗോഡ്‌സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകും. ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കാഠ്മണ്ഡു: പുതിയ നേപ്പാൾ പ്രധാനമന്ത്രിയാകാൻ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ. രാഷ്ട്രപതി ബിന്ദു ദേവി ഭണ്ഡാരിയാണ് ധഹലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. പ്രചണ്ഡ എന്ന പേരിലാണ് ധഹൽ അറിയപ്പെടുന്നത്.

ഇത് മൂന്നാംതവണയാണ് മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണ പ്രചണ്ഡയ്ക്ക് ലഭിച്ചിരുന്നു.

തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിക്കാണ് പ്രചണ്ഡയുടെ സത്യപ്രതിജ്ഞ നടക്കുക.

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ ജയരാജന്റെ ഭാര്യക്കും മകനുമുള്ളത് അന്‍പത് ലക്ഷം രൂപയുടെ നിക്ഷേപമെന്ന് സിപിഎമ്മിന്റെ പ്രാഥമിക കണ്ടെത്തല്‍. ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇ പിയുടെ ഭാര്യയും മകനും മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രചരിക്കുന്നത് പോലെ വലിയ നിക്ഷേപം ഇവര്‍ക്ക് റിസോര്‍ട്ടുമായി ഇല്ല എന്നും മുപ്പത് കോടിയുടെ പദ്ധതിയില്‍ ഇവര്‍ക്ക് 50 ലക്ഷം രൂപ മാത്രമാണ് നിക്ഷേപമുള്ളതെന്നുമാണ് പ്രാഥമിക പരിശോധനയിലെ പാര്‍ട്ടിയുടെ കണ്ടെത്തല്‍.

അതേസമയം, കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്. കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത സ്വത്തുസമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമര്‍ശങ്ങള്‍ പി ജയരാജന്‍ തള്ളിയില്ല. ‘തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകും. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകും. സിപിഐഎം പ്രത്യേക തരം പാര്‍ട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. പ്രതിജ്ഞ ലംഘിച്ചാല്‍ പുറത്തുപോകേണ്ടിവരും’- പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

കാഞ്ഞങ്ങാട്: സിപിഎമ്മിനകത്ത് നടക്കുന്ന ചർച്ചകൾ പാർട്ടിയെ ശക്തമാക്കുകയേയുള്ളൂവെന്ന് സിപിഎം നേതാവ് പി ജയരാജൻ. പാർട്ടിയുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ചാൽ ചൂണ്ടിക്കാട്ടുകയും അത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. പാർട്ടിയിൽ ചർച്ച നടന്നാൽ അത് തകരുകയല്ല ചെയ്യുക. ഊതിക്കാച്ചിയ ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അഭിപ്രായപ്പെട്ടു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ ആരോപണം ഉയർത്തി സിപിഎമ്മിൽ കുഴപ്പമുണ്ടാകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇന്നലത്തേയും ഇന്നത്തേയും മാധ്യമ വാർത്തകൾ നോക്കിയാൽ നിങ്ങൾക്ക് അറിയാം. കേരളത്തിലെ സിപിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാൻ പോകുകയാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. സിപിഎം എന്ന പാർട്ടി പ്രത്യേക തരം പാർട്ടിയാണ്. അത് കോൺഗ്രസിനെയോ ബിജെപിയോ മുസ്ലിംലീഗിനെയോ പോലെയല്ല. ഓരോ അംഗവും ഈ പാർട്ടിയിലേക്ക് കടന്നുവരുന്ന അവസരത്തിൽ അവർ ഒപ്പിട്ട് നൽകുന്ന ഒരു പ്രതിജ്ഞയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിയുടേയും സമൂഹത്തിന്റേയും താത്പര്യങ്ങൾക്ക് വ്യക്തിതാത്പര്യം കീഴ്‌പ്പെടുത്തണമെന്നതാണ്. കൃത്യമായി അത് നടപ്പാക്കും. ഈ നാടിന്റെ താത്പര്യത്തിനും പാർട്ടിയുടെ താത്പര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാർട്ടി അംഗവും സ്വീകരിക്കേണ്ടത്. സ്വാഭാവികമായി സമൂഹത്തിൽ ഒട്ടേറെ ജീർണതയുണ്ട്. ആ ആശയങ്ങൾ സിപിഎമ്മിന്റെ ഒരു പ്രവർത്തകനെ ബാധിക്കുമ്പോൾ സ്വാഭാവികമായി അത് പാർട്ടി ചർച്ച ചെയ്യും. അങ്ങനെ ബാധിക്കാൻ പാടില്ല. സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണെന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു.