മൊറാഴ ആയുര്‍വേദ റിസോര്‍ട്ട്: ഇപിക്കും ഭാര്യക്കും മകനുമുള്ളത് അന്‍പത് ലക്ഷം രൂപയുടെ നിക്ഷേപം മാത്രമെന്ന് സിപിഎം

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ ജയരാജന്റെ ഭാര്യക്കും മകനുമുള്ളത് അന്‍പത് ലക്ഷം രൂപയുടെ നിക്ഷേപമെന്ന് സിപിഎമ്മിന്റെ പ്രാഥമിക കണ്ടെത്തല്‍. ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇ പിയുടെ ഭാര്യയും മകനും മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രചരിക്കുന്നത് പോലെ വലിയ നിക്ഷേപം ഇവര്‍ക്ക് റിസോര്‍ട്ടുമായി ഇല്ല എന്നും മുപ്പത് കോടിയുടെ പദ്ധതിയില്‍ ഇവര്‍ക്ക് 50 ലക്ഷം രൂപ മാത്രമാണ് നിക്ഷേപമുള്ളതെന്നുമാണ് പ്രാഥമിക പരിശോധനയിലെ പാര്‍ട്ടിയുടെ കണ്ടെത്തല്‍.

അതേസമയം, കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്. കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത സ്വത്തുസമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമര്‍ശങ്ങള്‍ പി ജയരാജന്‍ തള്ളിയില്ല. ‘തെറ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താകും. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകും. സിപിഐഎം പ്രത്യേക തരം പാര്‍ട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. പ്രതിജ്ഞ ലംഘിച്ചാല്‍ പുറത്തുപോകേണ്ടിവരും’- പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.