സിപിഎമ്മിനകത്ത് നടക്കുന്ന ചർച്ചകൾ പാർട്ടിയെ ശക്തമാക്കുകയേയുള്ളൂ; പാർട്ടിയുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ചാൽ ചൂണ്ടിക്കാട്ടുമെന്ന് പി ജയരാജൻ

കാഞ്ഞങ്ങാട്: സിപിഎമ്മിനകത്ത് നടക്കുന്ന ചർച്ചകൾ പാർട്ടിയെ ശക്തമാക്കുകയേയുള്ളൂവെന്ന് സിപിഎം നേതാവ് പി ജയരാജൻ. പാർട്ടിയുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ചാൽ ചൂണ്ടിക്കാട്ടുകയും അത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. പാർട്ടിയിൽ ചർച്ച നടന്നാൽ അത് തകരുകയല്ല ചെയ്യുക. ഊതിക്കാച്ചിയ ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അഭിപ്രായപ്പെട്ടു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ ആരോപണം ഉയർത്തി സിപിഎമ്മിൽ കുഴപ്പമുണ്ടാകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇന്നലത്തേയും ഇന്നത്തേയും മാധ്യമ വാർത്തകൾ നോക്കിയാൽ നിങ്ങൾക്ക് അറിയാം. കേരളത്തിലെ സിപിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാൻ പോകുകയാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. സിപിഎം എന്ന പാർട്ടി പ്രത്യേക തരം പാർട്ടിയാണ്. അത് കോൺഗ്രസിനെയോ ബിജെപിയോ മുസ്ലിംലീഗിനെയോ പോലെയല്ല. ഓരോ അംഗവും ഈ പാർട്ടിയിലേക്ക് കടന്നുവരുന്ന അവസരത്തിൽ അവർ ഒപ്പിട്ട് നൽകുന്ന ഒരു പ്രതിജ്ഞയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിയുടേയും സമൂഹത്തിന്റേയും താത്പര്യങ്ങൾക്ക് വ്യക്തിതാത്പര്യം കീഴ്‌പ്പെടുത്തണമെന്നതാണ്. കൃത്യമായി അത് നടപ്പാക്കും. ഈ നാടിന്റെ താത്പര്യത്തിനും പാർട്ടിയുടെ താത്പര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാർട്ടി അംഗവും സ്വീകരിക്കേണ്ടത്. സ്വാഭാവികമായി സമൂഹത്തിൽ ഒട്ടേറെ ജീർണതയുണ്ട്. ആ ആശയങ്ങൾ സിപിഎമ്മിന്റെ ഒരു പ്രവർത്തകനെ ബാധിക്കുമ്പോൾ സ്വാഭാവികമായി അത് പാർട്ടി ചർച്ച ചെയ്യും. അങ്ങനെ ബാധിക്കാൻ പാടില്ല. സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണെന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു.