കനത്ത ചൂടിൽ വലയുകയാണോ; കൂടെ കൊണ്ടു നടക്കാൻ കഴിയുന്ന എസി അവതരിപ്പിച്ച് സോണി

പതിവില്ലാത്ത വിധം കൊടും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചൂട് കാരണം പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണിത്. കുടയില്ലാതെ ആർക്കും പുറത്തിറങ്ങാൻ കൂടി കഴിയുന്നില്ല. ഈ പ്രയാസം തിരിച്ചറിഞ്ഞ് ശരീരത്തിൽ ധരിക്കാനാവുന്ന ഒരു എയർ കണ്ടീഷണർ അവതരിപ്പിച്ചിരിക്കുകയാണ് സോണി കമ്പനി.

റിയോൺ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടി ഈ എസിക്കൊപ്പമുണ്ട്. ‘റിയോൺ പോക്കറ്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തെ ‘സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റ്’ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

ഏപ്രിൽ 23 നാണ് സോണി കമ്പനി ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.

തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും കാൽനടയായി പോകുമ്പോഴുമെല്ലാം ഇത് ഉപയോഗിക്കാം. ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് വിവരങ്ങൾ കഴുത്തിൽ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യുന്ന ഉപകരണമാണ് റിയോൺ പോക്കറ്റ് ടാഗ്.

ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കുന്ന ഉപകരണമാണിത്.