ഭാരത് ജോഡോ യാത്ര; ഉത്തർപ്രദേശിൽ യാത്രയുടെ ഭാഗമാകാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ക്ഷണം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളികളാകാൻ ഇതര പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ക്ഷണം. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആർഎൽഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവർക്കാണ് ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ കോൺഗ്രസിന്റെ ക്ഷണം ലഭിച്ചത്.

സമാജ്‌വാദി പാർട്ടി എംഎൽഎ ശിവ്പാൽ യാദവ്, ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര, എസ്ബിഎസ്പി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ തുടങ്ങിയ നേതാക്കളെയും കോൺഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യാത്ര ജനുവരി മൂന്നിനാണ് ഭാരത് ജോഡോ ഉത്തർപ്രദേശിൽ പ്രവേശിക്കുക. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്ര ഇപ്പോൾ താത്ക്കാലിക ഇടവേളയിലാണ്.

അതേസമയം, പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെയെല്ലാം യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചതായി കോൺഗ്രസ് വക്താവ് അശോക് സിങ് ല്യക്തമാക്കി. പ്രതിപക്ഷപാർട്ടികൾക്കെല്ലാം നിലവിലെ സർക്കാരിനെ കുറിച്ച് ഒരേ അഭിപ്രായമായതിനാലാണ് ഇവരെ കൂടി യാത്രയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകൾ ഉന്നയിക്കാൻ അനുമതിയില്ലാത്ത കാലത്ത്, ജനങ്ങളുടെ മനസ്സറിയാനുള്ള ഏകമാർഗം ഭാരത് ജോഡോ യാത്രയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.