പി. ജയരാജന്റെ ക്വട്ടേഷന്‍-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണം; പാര്‍ട്ടിയില്‍ പരാതികള്‍ വ്യാപകമാവുന്നു

കണ്ണൂര്‍: വയനാട്ടിലെ റിസോര്‍ട്ട് ബന്ധത്തിന്റെ പേരില്‍ ഇപി ജയരാജനെതിരെ ആരോപണവുമായി എത്തിയ പി. ജയരാജന് തിരിച്ചടി. പി ജയരാജന്റെ ക്വട്ടേഷന്‍-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്ന തരത്തിലുള്ള പരാതികള്‍ വ്യാപകമായി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്‌ബോള്‍ ജയരാജന്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയത്.

അതേസമയം, ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും, താന്‍ ഈ ആരോപണമുന്നയിച്ചപ്പോള്‍ കമ്ബനിയുടെ ഡയറക്ടര്‍ബോര്‍ഡിലടക്കം നേരത്തെ മാറ്റം വരുത്തിയെന്നും ജയരാജന്‍ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പറഞ്ഞു. ‘സമകാലിക രാഷ്ട്രീയ സംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തരകടമയും’ എന്ന തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ആരോപണം. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയില്‍ ജയരാജന്‍ പറഞ്ഞു. എന്നാല്‍, ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ പാര്‍ട്ടി നേതൃത്വത്തിനാവില്ല. അതുകൊണ്ടാണ് കേട്ടയുടന്‍ ആരോപണം എഴുതി നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വ. ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചത്. ഇ.പി ജയരാജന്‍ നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമാണ്.