‘ഇ.പി ജയരാജന്‍ വിവാദം സിപിഎമ്മിന്റെ ആഭ്യന്തര വിഷയം’; കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്താന്‍ സാധ്യത

മലപ്പുറം: ഇ.പി ജയരാജന്റെ പേരിലുള്ള വിവാദം സിപിഎമ്മിന്റെ ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ച് മറ്റ് ലീഗ് നേതാക്കള്‍ രംഗത്ത്. ജയരാജന്‍ വിഷയത്തില്‍ ഇടപെടില്ല എന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് ചൂണ്ടിക്കാട്ടി. പി.കെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്താനാണ് സാധ്യത.

അതിനിടെ, കേരളത്തിലെ വിവാദം പിബി അജണ്ടയില്‍ ഇല്ലെന്നും പിബിയില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ചയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഇ.പി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിരുന്നതിനാല്‍ കേരളത്തിലെ വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാന്‍ സാധ്യതയില്ല.

അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകമാകും. ഇ.പി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഉടന്‍ രേഖാമൂലം പാര്‍ട്ടിക്ക് നല്‍കും.