ഇ.പി ജയരാജനെതിരെ അന്വേഷണം; സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരെ അന്വേഷണം വേണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍ അറിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും ഇ.പി ജയരാജനെതിരെ പിബി ഇപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

സംസ്ഥാന കമ്മിറ്റിയില്‍ ഇപി ജയരാജനെതിരെ ആരോപണം ഉയര്‍ന്നുവെന്ന് കേന്ദ്ര നേതാക്കളെ സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. ആക്ഷേപം എഴുതി കിട്ടുമ്പോള്‍ അന്വേഷിക്കാനും ധാരണയായിട്ടുണ്ട്. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

അതേസമയം, മൊറാഴ റിസോര്‍ട്ട് വിവാദത്തിലെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ ഉടന്‍ പാര്‍ട്ടിക്ക് രേഖാമൂലം നല്‍കും. പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവിനെതിരെ മറ്റൊരു മുതിര്‍ന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ കേന്ദ്ര നേതാക്കളും കാണുന്നുണ്ട്.